ഗോൾഡ് സിനിമയുടെ പരാജത്തിൽ പ്രതികരണവുമായി വീണ്ടും സംവിധായകൻ അൽഫോൻസ് പുത്രൻ രംഗത്ത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ ആരാധകൻ്റെ ചോദ്യത്തിനാണ് അൽഫോൻസ് തിരിച്ച് പ്രതികരിക്കുകയായിരുന്നു. തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള സന്നാഹങ്ങളും സൌകര്യങ്ങളുമൊന്നും ഗോൾഡ് എന്ന ചിത്രത്തില്‍ തനിക്ക് ലഭിച്ചില്ലെന്നാണ് അൽഫോൻസ് പുത്രൻ പറഞ്ഞത്. നിങ്ങൾ കണ്ട ഗോൾഡ് എൻ്റെ ഗോൾഡ് അല്ലെന്നും, കൊവിഡ് കാലത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്‍റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും സംരംഭത്തില്‍ തന്‍റെ ലോഗോ വെക്കുക മാത്രമാണ് ചെയ്തതതെന്നും അൽഫോൺസ് പുത്രൻ പ്രതികരിച്ചു.
പ്രേമത്തിന്‍റെ ഡിലീറ്റഡ് സീന്‍ റിലീസ് ചെയ്യുമോ എന്നായിരുന്നു ഒരു ആരാധകൻ അൽഫോൻസിനോട് ഇൻസ്റ്റഗ്രാമിൽ ചോദിച്ചത്. ഇതിനു നല്‍കിയ മറുപടിയിലാണ് ഗോള്‍ഡിനെക്കുറിച്ചും അല്‍ഫോന്‍സ് പറഞ്ഞത്. ‘ഞാന്‍ എഴുതിയ ജോര്‍ജ് എന്ന കഥാപാത്രവുമായി യോജിക്കാത്ത രംഗങ്ങളാണ് പ്രേമത്തില്‍ ഒഴിവാക്കിയത്. ജോര്‍ജ് തിരക്കഥയുമായി യോജിക്കുമായിരുന്നില്ലെങ്കിലും മലരും തിരക്കഥയുമായി യോജിക്കുമായിരുന്നില്ല. അതിനാല്‍ ഈ ചോദ്യം എന്നോട് വീണ്ടും ചോദിക്കാതിരിക്കുക. കാരണം ഞാന്‍ തിരക്കഥയെ ബഹുമാനിക്കുന്നു’, എന്ന് മറുപടി നൽകിയതിന് ശേഷമാണ് ഗോള്‍ഡിനെക്കുറിച്ച് അൽഫോൺസ് പ്രതികരിച്ചത്.
അൽഫോൺസ് പുത്രന്റെ പ്രതികരണം
‘നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്‍റെ ഗോള്‍ഡ് അല്ല. കൊവിഡ് കാലത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്‍റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും സംരംഭത്തില്‍ ഞാന്‍ എന്‍റെ ലോഗോ വെക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കൈതപ്രം സാര്‍ എഴുതി, വിജയ് യേശുദാസും ശ്വേത മോഹനും പാടിയ ഗാനം എനിക്ക് ചിത്രീകരിക്കാന്‍ സാധിച്ചില്ല. ആ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ആ പാട്ടിന്‍റെ ചിത്രീകരണത്തിനായി എല്ലാ അഭിനേതാക്കളോടും രണ്ട് ദിവസത്തെ ഡേറ്റ് മാറ്റിവെക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അത് നടന്നില്ല. അതുപോലെതന്നെ തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള സന്നാഹങ്ങളും സൌകര്യങ്ങളുമൊന്നും ഈ ചിത്രത്തില്‍ എനിക്ക് ലഭിച്ചില്ല. ആ സമയത്ത് എനിക്ക് ക്രോണിക് പാന്‍ക്രിയാറ്റൈറ്റസ് ഉണ്ടായിരുന്നതിനാല്‍ തിരക്കഥയും സംവിധാനവും കളറിംഗും എഡിറ്റിംഗും മാത്രമേ എനിക്ക് ചെയ്യാന്‍ സാധിച്ചുള്ളൂ. അതിനാല്‍ ഗോള്‍ഡ് മറന്നേക്കുക’.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here