ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആല്‍വിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌കാരം തിങ്കളാഴ്ച്ച സ്വദേശമായ എടത്വയില്‍. അപകടത്തില്‍ പരിക്കേറ്റ മറ്റു വിദ്യാര്‍ത്ഥികളുടെ ആരോഗ്യസ്ഥിതി ആശ്വാസകരം എന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജേ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രി പി.പ്രാസാദ് ഉള്‍പ്പടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വിദേശത്ത് നിന്നു ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ തിങ്കളാഴ്ച്ചയാണ് സംസ്‌ക്കാരം. അതുവരെ മൃതദേഹം സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. എടത്വ സ്വദേശിയായ കൊച്ചുമോന്‍ ജോര്‍ജിന്റെയും മീനയുടെയും മൂത്തമകനാണ് ആല്‍വിന്‍. പത്തൊന്‍പതുകാരന് പഠനം പോലെ ഫുട്‌ബോളും പ്രിയപ്പെട്ടതായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള മറ്റു നാലു പേരുടെയും ആരോഗ്യ സ്ഥിതിയില്‍ നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ല. മാനസിക ആഘാതം കുറയ്ക്കാന്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ MBBS വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം തിങ്കളാഴ്ച്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. നിയത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും അന്വേഷണം തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here