സിദ്ധാർത്ഥ്. കെ
ജനാധിപത്യ, മതനിരപേക്ഷ ഭരണഘടനയുടെ ശില്‍പിയും മര്‍ദ്ദിതവര്‍ഗ വിമോചകനുമായ ബാബാസാഹിബ് അംബേദ്കറുടെ ജന്മദിനമാണിന്ന്. ഭരണഘടനാമൂല്യങ്ങള്‍ തൂത്തെറിയുന്നവര്‍ ഭരണകൂടമാകുന്ന ഇന്നിൻറെ കാലത്ത് അംബേദ്കറുടെ ഓര്‍മ പോലും അനിവാര്യമായ സമരമാകുന്നു.
ജീവിതത്തിലാദ്യമായി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇന്‍ഡിപ്പെന്‍ഡന്‍റ് ലേബര്‍ പാര്‍ട്ടി എന്ന് പേരിട്ട് ചെങ്കൊടി ഉയർത്തിപ്പിടിച്ചയാൾ. സോവിയറ്റ് യൂണിയനില്‍ ചെന്ന് സ്റ്റാലിനെ കാണാന്‍ മോഹിച്ചയാൾ. എട്ടു മണിക്കൂർ തൊഴിൽ എന്ന ചിക്കാഗോ മുദ്രാവാക്യം ഇന്ത്യൻ ലേബർ കോൺഫറൻസിൽ പ്രമേയമായി അവതരിപ്പിച്ചയാൾ. പിന്നീടൊരു കാലത്ത് ആശയ ഐക്യം രൂപപ്പെടുവാൻ സംശയം വേണ്ടെന്ന് സംശയരഹിതമായി പറഞ്ഞുറപ്പിച്ച ജീവിതമായിരുന്നു അംബേദ്കറിന്റേത്. നീൽസലാമെന്നും ലാൽസലാമെന്നും ഇന്ന് ഇന്ത്യൻ തെരുവുകൾ ഉറക്കെ വിളിച്ചു പറയുമ്പോൾ ഗരിമയുള്ള രണ്ട് ചരിത്ര ധാരകൾ ഒന്നിക്കുകയാണ്.
ബ്രിട്ടീഷാനന്തര ഇന്ത്യന്‍ ഭരണകൂടത്തിന് ഘടന ചമയ്ക്കാന്‍ ചുമതലയേറ്റ അംബേദ്കര്‍ ചരിത്രത്തില്‍ ഒരു പ്രതീക്ഷയും നല്‍കിപ്പോരാന്‍ കഴിയാത്ത വിധം മനുഷ്യത്വവിരുദ്ധമായ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തെ മതനിരപേക്ഷതയിലേക്കും ജനാധിപത്യത്തിലേക്കും കരംപിടിച്ചുയര്‍ത്തി. അതേ ജാതിക്കെതിരായ കലഹം മര്‍ദ്ദിതവര്‍ഗത്തെ സംഘടിപ്പിച്ച് കൊണ്ട് തെരുവിലണിനിരത്തി.
സവര്‍ണവിദ്യാര്‍ത്ഥികള്‍ ബെഞ്ചിലിരുന്ന് പഠിക്കുമ്പോള്‍ ക്ലാസില്‍ ഒരുമൂലയില്‍ ചാക്ക് വിരിച്ചിരുന്ന് പഠിക്കേണ്ടി വന്ന അംബേദ്കര്‍ പിന്നീട് വിദേശ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ഇന്ത്യക്കാരനായി. കൊളംബിയ സര്‍വകലാശാല തങ്ങളുടെ മിടുക്കനായ വിദ്യാര്‍ത്ഥിയുടെ പുസ്തകം പിന്നീട് പാഠപുസ്തകമാക്കി.
അംബേദ്കറുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക പോരാട്ടമായിരുന്നു മഹദ് സത്യാഗ്രഹം. ഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തിന് മൂന്ന് വര്‍ഷം മുമ്പ്. മഹാരാഷ്ട്രയിലെ മഹദിലെ ചവാദര്‍ ചിറയില്‍ നിന്ന് സവര്‍ണ പ്രമാണിമാര്‍ വിലക്കിയ വെള്ളം കുടിച്ച് അംബേദ്കറും കൂട്ടരും ചരിത്രം സൃഷ്ടിച്ചു. ഞങ്ങള്‍ ഇവിടെ വെറുതെ വെള്ളം കുടിക്കാന്‍ മാത്രം വന്നതല്ല. എല്ലാ മനുഷ്യരേയും പോലെയാണ് ഞങ്ങളെന്ന് കാണിച്ച് കൊടുക്കാന്‍ വേണ്ടി തന്നെ വന്നതാണ് എന്നായിരുന്നു അംബേദ്കറുടെ പ്രഖ്യാപനം.
ഭരണഘടനയെ തൂത്തെറിയുന്നവർ ഭരണകൂടമാകുമ്പോൾ അംബേദ്കറെ പിടിച്ചെടുക്കാനുള്ള ശ്രമത്തിനും കടുപ്പം കൂടുകയാണ്. പക്ഷേ അംബേദ്കര്‍ സഭയിലും തെരുവിലും നടത്തിയ കരുത്തുറ്റ പോരാട്ടചരിത്രം അതേ ഹിന്ദുത്വത്തിന്‍റെ പുതുസംഘാടനത്തില്‍ പുളിച്ചുതികട്ടിക്കൊണ്ടേയിരിക്കും എന്നുറപ്പാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here