വേദനിക്കുന്നവരുടെ ഒപ്പം നില്‍ക്കും, അനീതിക്കെതിരെ പോരാടും : അംബികാസുതന്‍ മാങ്ങാട്

വേദനിക്കുന്നവരുടെ ഒപ്പം നില്‍ക്കാനും അനീതിക്കെതിരെ പോരാടാനും അധര്‍മങ്ങളെ തുറന്നുകാട്ടാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഇനിയും പോരാടുമെന്ന് പ്രമുഖ എഴുത്തുകാരനായ അംബികാസുതന്‍ മാങ്ങാട്. ആറാം ക്ലാസ്സിലെഴുതിയ കഥയുടെ പേരായ ജീവിതപ്രശ്നങ്ങള്‍ തന്നെയാണ് അന്‍പതുവര്‍ഷക്കാലമുള്ള തന്റെ മൊത്തം എഴുത്തുകള്‍ക്ക് നല്‍കാവുന്ന തലക്കെട്ടെന്നും കെഎല്‍ഐബിഎഫിലെ മീറ്റ് ദ ഓതര്‍ സെഷനില്‍ അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഞാന്‍ വെറും മനുഷ്യന്‍, ദൈവമല്ല’; ആദ്യമായി പോഡ്കാസ്റ്റില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് എന്‍മകജെ. അതൊരു നോവലല്ല, നീറ്റലാണ്. എഴുതിക്കഴിഞ്ഞപ്പോള്‍ മനസ്സു തളര്‍ന്നുപോയി. അതിനാലാണ് പിന്നീട് എഴുതേണ്ട എന്നുപോലും വിചാരിച്ചത്. രചനയിലെ കഥാപാത്രങ്ങളുടെ മരണവീടുകളില്‍ പോകേണ്ട നിര്‍ഭാഗ്യമുണ്ടായി. തുടര്‍ന്ന് അവിടത്തെ ജനതയ്ക്കായുള്ള പോരാട്ടമായിരുന്നു നീണ്ട പത്തുവര്‍ഷം. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനതിന്ന കാലയളവായിരുന്നു അത്.

പ്രകൃതിക്ക് മനുഷ്യനെ ആവശ്യമില്ല. എന്നാല്‍ മനുഷ്യ നിലനില്‍പ്പിന് പ്രകൃതി അനിവാര്യതയാണ്. പ്രകൃതിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം എവിടെ അവസാനിപ്പിച്ചോ അവിടെ നിന്നുമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പ്രകൃതിയെ നേരായ ദിശയില്‍ കൊണ്ടു പോകാനായില്ലെങ്കില്‍ ആഗോളതാപനം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ നേരിടേണ്ടിവരും. അത്തരത്തിലൊന്നും സംഭവിക്കരുതേയെന്ന പ്രാര്‍ത്ഥന കൊണ്ടാണ് ആശങ്കകള്‍ രചനകളായി പുറത്തുവരുന്നത്. അവയൊക്കെ ഇപ്പോള്‍ പരിഹസിക്കപ്പെട്ടേക്കാം. നാളെ അവ ശരിയെന്നു ബോധ്യപ്പെടും. അതിന് ഉദാഹരണങ്ങളാണ് അക്കേഷ്യമരങ്ങള്‍ അപകടമാണെന്ന സന്ദേശമുള്‍ക്കൊള്ളുന്ന കണ്ണുരോഗവും ജീവിക്കാന്‍ ഓക്സിജന്‍ കിറ്റ് വേണ്ടിവരുമെന്ന് ഊന്നിപ്പറഞ്ഞ പ്രാണവായുവും ഉള്‍പ്പെടെയുള്ള കഥകള്‍. രണ്ടു മത്സ്യങ്ങള്‍, ചിന്നമുണ്ടി, നീരാളീയന്‍ തുടങ്ങിയ കഥകളും ഇത്തരം സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ALSO READ: ആരോഗ്യ രംഗത്ത് വീണ്ടും അഭിമാന നേട്ടം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ സെന്‍റർ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു

പുസ്തകവീട് അടക്കം ഗുരു ശിഷ്യ ബന്ധത്തെക്കുറിക്കുന്ന നാല്‍പതോളം കഥകള്‍ എഴുതിയിട്ടുണ്ട്. ഭാഷാ സമൃദ്ധിയുള്ള നാടാണ് കാസര്‍ഗോഡ്. നാട്ടുഭാഷയെ തിരിച്ചു പിടിക്കുക രാഷ്ട്രീയ പ്രതിരോധമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീകല മുല്ലശേരിയാണ് സംഭാഷണത്തെ നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News