താമസസ്ഥലത്ത് പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബീഹാർ സ്വദേശിയും നിലവിൽ കരിക്കത്ത് താമസ്സവുമായ മുഹമ്മദ് വീരത്തിന്റെ ഭാര്യ ഷാക്കൂർ (30) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കരിക്കത്ത് ആക്രി കച്ചവടം നടത്തുകയാണ് മുഹമ്മദ് വീരത്തും ഭാര്യ ഷാക്കൂറും. കടയിൽ തന്നെയാണ് ഇരുവരുടെയും താമസം. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഷാക്കൂറിനു പ്രസവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് മുഹമ്മദ് വീരത്ത് ആശാ വർക്കറെ വിവരം അറിയിച്ചു. ആശാ വർക്കർ ഉടൻ തന്നെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി.
also read; തൃശൂർ അത്താണി ഫെഡറൽ ബാങ്കിൽ യുവാവിന്റെ പരാക്രമം; ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചു
ആംബുലൻസ് പൈലറ്റ് ജ്യോതിഷ് കുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രഞ്ജിനി എസ് നായർ എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് ഷാക്കൂർ കുഞ്ഞിന് ജന്മം നൽകി. സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രഞ്ജിനി എസ് നായർ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് ജ്യോതിഷ് കുമാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here