അമ്പൂരി രാഖി വധക്കേസ്; മൂന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി

അമ്പൂരി രാഖി വധക്കേസിൽ മൂന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികളായ അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ ഈ മാസം 9ന് വിധിക്കും.

also read; അന്ന്  ഓട്ടോക്കൂലി കടം പറഞ്ഞു; ഇന്ന് 100 ഇരട്ടിയായി മടക്കി നല്‍കി യാത്രക്കാരന്‍

2019 ജൂണ്‍ 21-ന് ഒന്നാം പ്രതി അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനില്‍ സൈനികനായ അഖിലിന്റെ നിര്‍മാണത്തിലിരുന്ന വീടിന് മുന്നില്‍വെച്ചാണ് രാഖിയെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിന്റെ പിറകില്‍ കുഴിയെടുത്ത് മൃതദേഹം മറവുചെയ്‌തെന്നാണ് കേസ്. രാഖിയെ കാണാനില്ലെന്ന് അച്ഛന്‍ രാജന്‍ പൂവാര്‍ പൊലീസിന് നല്‍കിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിയിച്ചത്.

കൊല്ലപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും പ്രണയത്തിലായിരുന്നു. അതിനിടെ അഖിലിന് വേറെ കല്യാണം ഉറപ്പിച്ചു. ഇതോടെ രാഖി, അഖിലുമായി കല്യാണനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍പോയി തങ്ങള്‍ തമ്മിലുള്ള ബന്ധം അറിയിച്ചു. ഇതില്‍ പ്രകോപിതനായാണ് അഖിലും സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ കുറ്റപത്രം.

രാഖിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. 2019 ജൂലൈ 24-ന് മൂന്നാം പ്രതി ആദര്‍ശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 25-ന് രാഹുലിനെയും 29-ന് അഖിലിനെയും പൊലീസ് പിടികൂടി. ദിവസങ്ങള്‍നീണ്ട തെളിവെടുപ്പിന് ശേഷമാണ് നിര്‍ണായക തെളിവുകളായ രാഖിയുടെ വസ്ത്രം, ബാഗ്, മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്താന്‍ കഴിഞ്ഞത്. കേസില്‍ 1500-ഓളം പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 115 സാക്ഷികളുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News