പെന്റഗണിൽ നിന്നുള്ള രഹസ്യവിവരങ്ങളുടെ ചോർച്ച തുറന്നു സമ്മതിച്ച് അമേരിക്ക. ചോർച്ചക്ക് പിന്നിലാരെന്ന് കണ്ടെത്താനായി അന്വേഷണം തുടരുമെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. കാരണക്കാർ അമേരിക്കക്കാർ തന്നെയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.
ഉക്രൈൻ യുദ്ധതന്ത്രവും സഖ്യകക്ഷിയായ സൗത്ത് കൊറിയയിൽ നിന്ന് ചോർത്തിയെടുത്ത രഹസ്യവിവരങ്ങളും പെൻ്റഗണിൽ നിന്ന് ചോർന്നതോടെ അമേരിക്കൻ സുരക്ഷാസംവിധാനങ്ങളുടെ തകർച്ച വെളിപ്പെടുകയായിരുന്നു. സംഭവം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും, വിവിധ രാജ്യങ്ങൾ പ്രസ്താവനകൾ പുറത്തിറക്കിയിട്ടും മൗനം തുടരുകയായിരുന്നു അമേരിക്ക. എന്നാൽ, സമ്മർദ്ദങ്ങൾക്കൊടുവിൽ സത്യം സമ്മതിക്കുകയായിരുന്നു അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ചോർച്ചയ്ക്ക് കാരണക്കാരെ ഉടൻ കണ്ടെത്തുമെന്നുമായിരുന്നു ഓസ്റ്റിൻ്റെ പ്രതികരണം.
അമേരിക്കൻ ഡിഫൻസ് ഇൻറലിജൻസ് ആൻഡ് സെക്യൂരിറ്റിയുടെ ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി മിലാൻസി ഹാരിസിന്റെ നേതൃത്വത്തിലാകും അന്വേഷണം. 2013ൽ ജൂലിയൻ അസാഞ്ജിന്റെ വിക്കിലീക്സ് നടത്തിയ രഹസ്യവിവര വെളിപ്പെടുത്തലുകൾക്ക് ശേഷം നടന്ന ഏറ്റവും വലിയ ചോർച്ചയാണിതെന്നാണ് വിലയിരുത്തൽ. ഇത്തവണത്തെ ചോർച്ചയ്ക്ക് പിന്നിൽ അമേരിക്കക്കാർ തന്നെയാണെന്നാണ് സുരക്ഷാ ഏജൻസികൾ പങ്കുവയ്ക്കുന്ന സൂചന.
ഫെബ്രുവരി 28നും മാർച്ച് ഒന്നിനുമായി ഡോക്യുമെൻ്റുകൾ സോഷ്യൽ മീഡിയയിൽ എത്തിയതായി അറിഞ്ഞുവെന്നും എന്നാൽ ഇതിനു മുമ്പ് അത്തരം ഒരു ചോർച്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും പ്രതിരോധ സെക്രട്ടറി പ്രതികരിച്ചിട്ടുണ്ട്. പ്രതിരോധ, നീതിന്യായ വകുപ്പുകളുടെ അന്വേഷണത്തിനൊടുവിൽ കുറ്റക്കാരെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് അമേരിക്കൻ ഭരണകൂടം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here