സാങ്കേതിക തകരാറിനെ തുടർന്ന് അമേരിക്കൻ എയർലൈൻസിന്റെ വിമാന സർവീസുകൾ പൂർണമായും തടസപ്പെട്ടു. ക്രിസ്മസ് തലേന്നാണ് കമ്പനിക്ക് ഈ അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നത്.
ഈസ്‌റ്റേൺ സമയം ചൊവ്വ രാവിലെ ഏഴിനാണ് (ഇന്ത്യൻ സമയം വൈകിട്ട് 5.30) സംവിധാനത്തെ മുഴുവൻ ബാധിക്കുന്ന സാങ്കേതിക തകരാർ ഉണ്ടായതായി കമ്പനി ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷനെ അറിയിച്ചത്.പിന്നാലെ കമ്പനിയുടെ എല്ലാ വിമാനങ്ങളും നിലത്തിറക്കാൻ എഫ്‌എഎ നിർദേശം നൽകി.ഇതോടെ ആയിരക്കണക്കിന് ആളുകൾ വിമാനത്താവളങ്ങളിൽ കുടുങ്ങി.
ALSO READ; ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; പ്രതി കസ്റ്റഡിയിൽ, സംഭവം ന്യൂയോർക്കിൽ
“വെണ്ടർ ടെക്‌നോളജി പ്രശ്‌നമാണ്” അമേരിക്കയിലെ തങ്ങളുടെ എല്ലാ വിമാനങ്ങളും വൈകുന്നതിന് കാരണമെന്ന് അമേരിക്കൻ എയർലൈൻസ് പറഞ്ഞു. എന്നാൽ രാവിലെ 8 മണിയോടെ സാങ്കേതിക തകരാറുകൾ പരിഹരിച്ച് കമ്പനിക്ക് തങ്ങളുടെ സർവീസുകൾ പുനരാരംഭിക്കാൻ സാധിച്ചു. എന്നാൽ എന്ത് തകരാറാണുണ്ടായതെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം സാങ്കേതിക തകരാർ പരിഹരിച്ചെങ്കിലും യുഎസിലെ പല വിമാനത്താവളങ്ങളിലും ഇപ്പോഴും രണ്ട് മണിക്കൂറിലധികം വൈകിയാണ് ചില വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇതോടെ പരാതി പ്രവാഹവുമായി നിരവധി പേർ സോഷ്യൽ മീഡിയയിലേക്ക് എത്തിയിട്ടുണ്ട്. മണിക്കൂറുകളായി വിമാനത്താവളത്തിൽ തങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് ചിലരുടെ പ്രതികരണം. തങ്ങളെ വിമാനത്തിൽ നിന്നും പുറത്തിറക്കിയെന്നാണ് മറ്റ് ചിലരുടെ പരാതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here