അദാനി വിഷയത്തിലും പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച് അമിത് ഷാ

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലും പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലും പ്രതികരിച്ച് അമിത് ഷാ. നിയമനത്തിന്റെ മാര്‍ഗ്ഗം സുതാര്യമാണ് എന്ന് പറയാനാണ് ഇരുവിഷയത്തിലും അമിത് ഷാ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടുവിഷയത്തിലും ചൂണ്ടിക്കാണിക്കപ്പെടുന്ന ഭരണകൂടത്തിന്റെ താല്‍പ്പര്യം സംബന്ധിച്ച് വ്യക്തമായ ഉത്തരം അമിത് ഷായുടെ മറുപടിയില്‍ പ്രതിഫലിച്ചിട്ടില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോഴായിരുന്നു രാജ്യം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലെ അമിത് ഷായുടെ പ്രതികരണം.

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അമിത് ഷായുടെ പ്രതികരണം കരുതലോടെയായിരുന്നു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഒരാളെയും വെറുതെ വിടില്ലെന്ന് പറഞ്ഞ അമിത് ഷാ അടിസ്ഥാനരഹിതമായ അരോപണങ്ങള്‍ ഉന്നയിക്കരുതെന്നും ആവശ്യപ്പെട്ടു. മറ്റ് അന്വേഷണങ്ങള്‍ക്ക് സമാന്തരമായി അന്വേഷണം തുടരാന്‍ സെബിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്ന സെബി സത്യവാങ്മൂലത്തിലെ പരമാര്‍ശം അമിത് ഷാ എടുത്തുപറയുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണല്ലോ എന്ന ചോദ്യത്തിനോടും അമിത് ഷാ പ്രതികരിച്ചു. പ്രതിപക്ഷത്തിന് കോടതിയില്‍ പോകാമല്ലോ, അവരെ ആരെങ്കിലും തടയുന്നുണ്ടോ?  ഞങ്ങളെക്കാളും മികച്ച അഭിഭാഷകര്‍ അവര്‍ക്കുണ്ട്. കേന്ദ്ര ഏജന്‍സികളെല്ലാം നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നത്. നിയമം പാലിക്കണമെന്ന് എല്ലാവരെയും ഉപദേശിക്കാനും അമിത് ഷാ മറന്നില്ല. കോടതിയില്‍ പോകുന്നതിന് പകരം അവര്‍ പുറത്ത് ബഹളം വയ്ക്കുന്നത് എന്തിനാണ്. ഒരാള്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നാല്‍ അന്വേഷണം വേണ്ടെയെന്നുംഅമിത് ഷാ ചോദിച്ചു. ഈ പറയുന്ന കേസുകളില്‍ രണ്ടെണ്ണം ഒഴികെയുള്ളതെല്ലാം അവരുടെ കാലത്ത് രജിസ്റ്റര്‍ ചെയ്തതാണെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News