ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെതിരായ സിബിഐ നടപടിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തങ്ങള്‍ക്കെതിരെ പറഞ്ഞതുകൊണ്ടല്ല സത്യപാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യുന്നതെന്ന് അമിത് ഷാ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം തവണയാണ് സത്യപാല്‍ മാലിക്കിനെ ചോദ്യം ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കര്‍ണാടക റൗണ്ട് ടേബിളില്‍ വെച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം.
സത്യപാല്‍ മാലിക്കിനെതിരായ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും പുതിയ തെളിവോ വിവരമോ ഇപ്പോള്‍ ലഭിച്ചിരിക്കണം, അതാകും വീണ്ടും വിളിപ്പിച്ചത്. തങ്ങള്‍ക്കെതിരെ സംസാരിച്ചതുകൊണ്ടാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതെന്ന ആരോപണങ്ങളില്‍ ഒരു സത്യവുമില്ലെന്നും അമിത് ഷാ പറഞ്ഞു.
അടുത്തിടെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്ക് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തലുകള്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ആഭ്യന്തര സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നും ഇത് പുറത്തുപറയാതിരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നുവെന്നുമാണ് സത്യപാല്‍ മാലിക് പറഞ്ഞത്. ജവാന്മാരെ കൊണ്ടുപോകാന്‍ പ്രതിരോധമന്ത്രാലയത്തോട് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടിരുന്നു. അത് അനുവദിക്കാത്തതാണ് 40 ജവാന്മാരുടെ മരണത്തില്‍ കലാശിച്ചതെന്നും സത്യപാല്‍ പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here