മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. അദ്ദേഹം ചെയ്തത് പുണ്യപ്രവൃത്തിയാണ്. ഈ മാസം 20 ന് നടക്കുന്ന അമ്മ മെഗാഷോയില്‍ നിന്നുള്ള വരുമാനത്തിന്‍റെ ഒരു വിഹിതം വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്ന കാര്യത്തില്‍ സംഘടനയ്ക്ക് പ്രത്യേക അഭിപ്രായമില്ലെന്നും ജനറല്‍ സെക്രട്ടറി സിദ്ദിഖ് കൊച്ചിയില്‍ പറഞ്ഞു. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമെന്ന നിലയിലാണ് മോഹന്‍ലാല്‍ വയനാട്ടിലെത്തിയത്.
അവിടത്തെ ദുരന്തത്തിന്‍റെ വ്യാപ്തി നേരിട്ട് മനസിലാക്കുകയും അദ്ദേഹം നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തത് പുണ്യപ്രവൃത്തിയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്‍റെ വയനാട് സന്ദര്‍ശനമെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. മോഹന്‍ലാലിനെ അധിക്ഷേപിച്ച യൂട്യൂബറെ അറസ്റ്റ് ചെയ്ത പൊലീസിന്‍റെ നടപടി സ്വാഗതാര്‍ഹമാണ്. ആര്‍ക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയുമായി ബന്ധപ്പെട്ടതല്ല. റിപ്പോര്‍ട്ട് പുറത്തുവിടണമെന്നോ വേണെന്നോ സംഘടനയ്ക്ക് അഭിപ്രായമില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഈ മാസം 20 ന് അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് അങ്കമാലിയില്‍ വെച്ച് നടത്തുന്ന മെഗാഷോയില്‍ നിന്നുള്ള വരുമാനത്തിന്‍റെ ഒരു വിഹിതം വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനു വേണ്ടി വിനിയോഗിക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here