മകളുടെ വിവാഹ സല്‍ക്കാരത്തിനായി മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ഡോ. കെ ടി ജലീല്‍. അടുത്ത മാസമാണ് മകള്‍ ഡോ: സുമയ്യാ ബീഗവും രണ്ടത്താണി സ്വദേശി കല്ലന്‍ സൈതലവി ഹാജിയുടെ മകന്‍ ഡോ: മുഹമ്മദ് ഷരീഫും തമ്മിലുള്ള വിവാഹ സല്‍ക്കാരം നിശ്ചയിച്ചിരുന്നത്. അതിന്റെ ചെലവിലേക്കായി കരുതിവെച്ച അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മകളുമായി ആലോചിച്ച് ഞങ്ങളുടെ കുടുംബം തീരുമാനിച്ചിട്ടുണ്ട്.
ALSO READ:രക്ഷാദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി ചൂരല്‍മലയില്‍
ഓരോരുത്തരും അവരവരാല്‍ കഴിയുന്ന പോലെ ആഘോഷങ്ങള്‍ മാറ്റിവെച്ച് വയനാടിന്റെ കണ്ണീരൊപ്പാന്‍ സഹകരിക്കേണ്ട സമയമാണിത്. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് പ്രതീക്ഷയുടെ അഭ്രപാളികളില്‍ ഇരുട്ട് മൂടിയ നിരാശ്രയര്‍ക്ക് കൈത്താങ്ങാകാന്‍ മുന്നിട്ടിറങ്ങിയ സര്‍ക്കാരിനെയും അതിന്റെ നായകനെയും താറടിച്ച് കാണിക്കാന്‍ ചില ക്ഷുദ്രജീവികള്‍ ശ്രമിക്കുന്നുണ്ട്. അവയെ അവഗണിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയാവുന്നതിന്റെ പരമാവധി നല്‍കുക- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ALSO READ:‘കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും’: മുഖ്യമന്ത്രി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
ഞങ്ങള്‍ 5 ലക്ഷം നല്‍കും.
ഊണിലും ഉറക്കത്തിലും നടപ്പിലും ഇരിപ്പിലുമെല്ലാം മണ്ണില്‍ പൊതിഞ്ഞ നിസ്സഹായരായ മനുഷ്യരുടെ ഒരിറ്റു ശ്വാസത്തിനു വേണ്ടിയുള്ള ദീനരോദനങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. നിരവധി നിരാലംബരുടെ സമ്പാദ്യവും സ്വപ്നങ്ങളും ജീവനുമാണ് രൗദ്രത പൂണ്ട പ്രകൃതി നിഷ്‌കരുണം കവര്‍ന്നെടുത്തത്. കല്ലും മണ്ണും ഭീമന്‍ മരത്തടികളും കൊണ്ട് അവീല്‍ തീര്‍ത്ത് ലക്കും ലഗാനുമില്ലാതെ ഭ്രാന്തമായി ഇരച്ചുവന്ന മഴവെള്ളപ്പാച്ചില്‍ സര്‍വ്വവും നക്കിത്തുടച്ച് ചവിട്ടിമെതിച്ച് ആര്‍ത്തലച്ച് പോയത് ഹൃദയഭേദകമായ കാഴ്ചയാണ്.
ഒരു ദേശം മുഴുവന്‍ വേരോടെ പിഴുതെടുത്ത് അറബിക്കടലിനെ ലക്ഷ്യമാക്കി കുതിക്കാന്‍ മാത്രം എന്തുതെറ്റാണ് ഞൊടിയിടയില്‍ ജീവിതത്തിന് സഡണ്‍ബ്രേക്ക് ഇടേണ്ടിവന്ന പാവം മനുഷ്യര്‍ ചെയ്തത്? പ്രകൃതിയുടെ കലിതുള്ളല്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. പത്രങ്ങളിലേക്ക് കണ്ണ് പായ്ക്കുമ്പോഴേക്ക് അക്ഷരങ്ങളിലും ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്ന മൂടിക്കെട്ടല്‍, കണ്ണീര്‍ കണങ്ങള്‍ മിഴികളെ കുതിര്‍ത്തിയതിന്റെ തെളിവാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട് സന്ദര്‍ശിക്കും. കാര്യങ്ങളുടെ ഗൗരവം ജനനേതാക്കളുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്യും.
അതില്‍ പങ്കുചേരാന്‍ ഇന്ത്യയുടെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും എത്തുന്നുണ്ടെന്നാണ് അറിയുന്നത്. സംസ്ഥാനത്തെ അഞ്ച് മന്ത്രിമാര്‍ ദിവസങ്ങളായി അവിടെത്തന്നെയുണ്ട്. എം.എല്‍.എമാരും തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍മാരും ജില്ലാ കളക്ടറും ഉദ്യോഗസ്ഥ വ്യൂഹവും പട്ടാളവും ഫയര്‍ഫോഴ്‌സും പോലീസും സന്നദ്ധ പ്രവര്‍ത്തകരും, റവന്യു-പഞ്ചായത്ത്- മുനിസിപ്പല്‍ ജീവനക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഒരുമെയ്യായ് നിന്ന് നടത്തുന്ന രാക്ഷാപ്രവര്‍ത്തനം, മലയാളിയുടെ സേവന സന്നദ്ധതയുടെ സാക്ഷ്യപത്രവും കൂടിയാണ്.
ആര് ആരെയാണ് സമാശ്വസിപ്പിക്കേണ്ടത്? ഇത്രയധികം പേര്‍ ഒറ്റയടിക്ക് ഇല്ലാതായത് ഉള്‍കൊള്ളാന്‍ ഇനിയും കഴിയുന്നില്ല. വയനാട്ടിലെ കുന്നുകളെയും മലഞ്ചെരിവുകളെയും നാണ്യവിളകളുടെ പറുദീസയാക്കിയത് വര്‍ഷങ്ങളുടെ മനുഷ്യാധ്വാനമാണ്. പച്ചപ്പും തണുപ്പും മൂടല്‍മഞ്ഞും കനിഞ്ഞരുളിയതാകട്ടെ പ്രകൃതിയും. കിലോമീറ്ററുകള്‍ മൃതദേഹങ്ങള്‍ വലിച്ചിഴച്ച് കൊണ്ടുവന്ന് കാലും കയ്യും തലയും ഉടലും വെവ്വേറെയാക്കി ചാലിയാറിലേക്ക് വലിച്ചെറിഞ്ഞ് കൊടുക്കുന്ന മലവെള്ളപ്പാച്ചില്‍ പ്രതികാരദാഹിയായ ഡ്രാക്കുളയെ പോലെയാണ് പെരുമാറിയത്.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ പൂര്‍വ്വാധികം സൗന്ദര്യത്തോടെ നമുക്ക് പുനര്‍നിര്‍മ്മിക്കണം. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട്, ബാക്കിയായവരെ മുന്‍നിര്‍ത്തി പുതിയ ജീവിതം കെട്ടിപ്പടുക്കണം. അതിനുവേണ്ടി സ്‌പെഷല്‍ പാക്കേജ് തന്നെ വേണ്ടിവരും. കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ശ്വാസംമുട്ടും. ആ കണ്ണില്‍ചോരയില്ലായ്മ മൂന്നാം മോദി സര്‍ക്കാര്‍ കാണിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. വയനാടിനെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ലോഭം സംഭാവനകള്‍ ഒഴുകട്ടെ.
ഞങ്ങളുടെ മകള്‍ ഡോ: സുമയ്യാ ബീഗവും രണ്ടത്താണി സ്വദേശി കല്ലന്‍ സൈതലവി ഹാജിയുടെ മകന്‍ ഡോ: മുഹമ്മദ് ഷരീഫും തമ്മിലുള്ള വിവാഹ സല്‍ക്കാരം അടുത്ത മാസമാണ് നിശ്ചയിച്ചിരുന്നത്. നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. കുടുംബങ്ങളെ മുഴുവന്‍ ക്ഷണിച്ച് കല്യാണപ്പെണ്ണിനെ കൂട്ടി അയക്കുന്ന ചടങ്ങ് കാവുംപുറം പാറക്കല്‍ ഓഡിറ്റോറിയത്തില്‍ നടത്താനായിരുന്നു ഉദ്ദേശം. അതിന്റെ ചെലവിലേക്കായി കരുതിവെച്ച അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മകളുമായി ആലോചിച്ച് ഞങ്ങളുടെ കുടുംബം തീരുമാനിച്ചിട്ടുണ്ട്.
ഓരോരുത്തരും അവരവരാല്‍ കഴിയുന്ന പോലെ ആഘോഷങ്ങള്‍ മാറ്റിവെച്ച് വയനാടിന്റെ കണ്ണീരൊപ്പാന്‍ സഹകരിക്കേണ്ട സമയമാണിത്. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് പ്രതീക്ഷയുടെ അഭ്രപാളികളില്‍ ഇരുട്ട് മൂടിയ നിരാശ്രയര്‍ക്ക് കൈത്താങ്ങാകാന്‍ മുന്നിട്ടിറങ്ങിയ സര്‍ക്കാരിനെയും അതിന്റെ നായകനെയും താറടിച്ച് കാണിക്കാന്‍ ചില ക്ഷുദ്രജീവികള്‍ ശ്രമിക്കുന്നുണ്ട്. അവയെ അവഗണിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയാവുന്നതിന്റെ പരമാവധി നല്‍കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here