അമൂൽ വിവാദം തമിഴ്നാട്ടിലും; സംസ്ഥാനത്ത് നിന്നും പിൻമാറണമെന്ന് സ്റ്റാലിൻ

തമിഴ്‌നാട്ടില്‍ നിന്ന് നിന്നും ഗുജറാത്ത് ആസ്ഥാനമായ അമൂൽ പാൽ സംഭരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അടിയന്തിരമായി ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അദ്ദേഹം കത്തയച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലുള്ള ആവിനെ പ്രാദേശിക മേഖലയിലെ സഹകരണ സംഘങ്ങളില്‍ നിന്നും പാല്‍ സംഭരിക്കാൻ അനുമതി നല്‍കണമെന്നും സ്റ്റാലിൻ അഭ്യര്‍ത്ഥിച്ചു.

സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ മറ്റുള്ള കമ്പനികള്‍ ഇടപെടരുതെന്ന നിയമം നിലവിലുണ്ട്. അമൂലിൻ്റെ ഇടപെടൽ ധവള വിപ്ലവം മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് വിരുദ്ധമാണ്. നിലവില്‍ പാല്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ഈ നടപടികള്‍ കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുമെന്നും സ്റ്റാലിൻ ആശങ്ക പ്രകടിപ്പിച്ചു.

അമൂലിന്റെ മള്‍ട്ടി സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ലൈസന്‍സ് അധികാരം ഉപയോഗിച്ച് കൃഷ്ണഗിരി ജില്ലയില്‍ ശീതീകരണ കേന്ദ്രങ്ങളും, പാല്‍ സംസ്‌കരണ കേന്ദ്രങ്ങളും സ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആവിന്‍ കോ ഓപ്പറേറ്റീവിന്റെ പരിധിയില്‍ 9673 പാല്‍ ഉല്‍പാദക സഹകരണ സംഘങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രാദേശിക സഹകരണ സംഘങ്ങളിലേക്കുള്ള അമൂലിൻ്റെ കടന്നുകയറ്റം നിരവധി പ്രശ്നങ്ങൾക്ക് വഴി ഒരുക്കും. ഇത് പാലുല്‍പ്പന്നങ്ങളും സംഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്കിടയില്‍ അനാരോഗ്യമായ ഒരു മത്സരമാണ് സൃഷ്ടിക്കുക. ഓരോ സംസ്ഥാനങ്ങളിലെയും ക്ഷീരവികസനത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് പ്രാദേശിക സഹകരണ സംഘങ്ങളാണ് എന്നും കത്തിൽ ചൂണ്ടിക്കാട്ടി.

കൃഷ്ണഗിരി, ധർമപുരി, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ നിന്ന് പാൽ സംഭരിക്കാനും അമുൽ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതു കൊണ്ട്അമൂലിനെ പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ആവിനിന് പ്രാദേശിക മേഖലയിലെ സഹകരണ സംഘങ്ങളില്‍ നിന്നുള്ള പാല്‍ സംഭരണത്തിന് അനുമതി നല്‍കണമെന്നും വ്യാഴാഴ്ച അമിത് ഷായ്ക്ക് അയച്ച കത്തിൽ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കർണാടകയിൽ ഉണ്ടായ അമൂൽ – നന്ദിനി തർക്കം വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് അയൽ സംസ്ഥാനമായ തമിഴ് നാട്ടിലും പുതിയ നീക്കങ്ങളുമായി അമൂൽ രംഗത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News