എത്ര ആളുകള്‍ക്ക് മുന്നിലും ഒഴുക്കോടെ പ്രസംഗിക്കാന്‍ ശേഷിയുണ്ടെങ്കിലും ചിലര്‍ ചെറിയൊരു സദസ്സിന്റെ ചോദ്യത്തെയും സംവാദത്തെയും പോലും ഭയപ്പെടാറുണ്ട്. അത്തരക്കാര്‍ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നതെന്തു കൊണ്ടാണ്. സഭാകമ്പം പോലെ ഒരു ഫോബിയയായി ഇതിനെ കാണാന്‍ കഴിയില്ലെന്നാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. പ്രശാന്ത് പറയുന്നത്. എത്രവലിയ ആള്‍ക്കൂട്ടത്തെയും സങ്കോചമില്ലാതെ അഭിമുഖീകരിക്കുന്നവര്‍ എന്തുകൊണ്ട് ചെറിയൊരു ഗ്രൂപ്പിന്റെ പോലും ചോദ്യത്തെ ഭയപ്പെടുന്നു എന്നതിന് നിരവധി ഘടകങ്ങളുണ്ട്. പലപ്പോഴും ഇത്തരമൊരു സമീപനം ‘ഡിപ്ലോമാറ്റിക് ഈഗോ’യുടെ ഭാഗമായി മാത്രം കാണേണ്ടതാണ്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഒളിച്ചോടുന്നത് ഏതെങ്കിലും നിലയിലുള്ള ഫോബിയ ആയി കാണാനാവില്ല.
പറയേണ്ട വിഷയത്തെക്കുറിച്ച് കൃത്യമായി പഠിച്ച്, പറയേണ്ട വാക്കുകളും വാചകങ്ങളും തീരുമാനിച്ചുറപ്പിച്ച്, വാക്കുകളിലെ ഓരോ വികാരവും പ്രതിഫലിപ്പിക്കേണ്ടതെങ്ങനെയെന്ന് മൂന്‍കൂട്ടി തയ്യാറെടുത്താണ് ഒരോ വ്യക്തിയും പ്രസംഗവേദിയില്‍ ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കുന്നത്. എന്നാല്‍ ചോദ്യ സ്വഭാവത്തിലുള്ള സംവാദം അങ്ങനെയല്ല. ഉടനടി മറുപടി പറയേണ്ട ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നേക്കാം. പ്രസംഗത്തില്‍ പഠിച്ചു പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് പോലെ എളുപ്പമല്ല അത്തരം സാഹര്യത്തെ അഭിമുഖീകരിക്കുക. തെറ്റായ ഒരു മറുപടി ഒരുപക്ഷെ പ്രസംഗത്തിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയെ തകര്‍ത്തേക്കാം. ഇതെല്ലാം ചിന്തിക്കുമ്പോഴാണ് ‘ഡിപ്ലോമാറ്റിക് ഈഗോ’യെ തൃപ്തിപ്പെടുത്താന്‍ നന്നായി പ്രസംഗിക്കാന്‍ ശേഷിയുള്ളവര്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത്.
അതിനാല്‍ തന്നെ ഇത്തരം സമീപനങ്ങളെ എന്തിനോടെങ്കിലുമുള്ള ഫോബിയായി കാണാന്‍ കഴിയില്ലെന്ന് തീര്‍ത്ത് പറയുന്നുണ്ട് ഡോ. പ്രശാന്ത്. പ്രസംഗിക്കാന്‍ ശീലിക്കുന്നത് പോലെ തന്നെ സമഗ്രമായ അറിവ് കൂടി അത്തരം വിഷയങ്ങളില്‍ ആര്‍ജ്ജിക്കാന്‍ ശ്രമിക്കുകയും എല്ലാത്തരത്തിലുമുള്ള ‘ഡിപ്ലോമാറ്റിക് ഈഗോ’യും മാറ്റി വയ്ക്കുകയുമാണ് ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ വ്യക്തികള്‍ ശീലിക്കേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here