മുണ്ടക്കൈയിൽ വീടുകളുണ്ടായിരുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെ രക്ഷാ പ്രവർത്തകർക്ക് മൺകൂനക്കിടയിൽ നിന്ന് ഒരു ഓട്ടോഗ്രാഫ് ലഭിച്ചു. ചെളിയിലും വെള്ളത്തിലും നനഞ്ഞ ഡയറിയിൽ എഴുതിയിരുന്ന വരികളിലൊന്ന് മണ്ണിൽ മറഞ്ഞുപോയ ജീവിതത്തിന്‍റെ നേർ അടയാളങ്ങളായിരുന്നു. ‘വിധിയെ തടുക്കാൻ പറ്റില്ല’, എന്ന് തുടങ്ങുന്ന വാചകമാണ് മണ്ണിനടിയിൽ നിന്ന് കണ്ടെടുത്ത ആ ഓട്ടോഗ്രാഫിലുണ്ടായിരുന്നത്. ദുഃഖം നിറക്കുന്ന വാക്കുകളാണ് പാതിയും നശിച്ച ഈ ഓട്ടോഗ്രാഫിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്നത്.
വളരെ അപ്രതീക്ഷിതമായാണ് കഴിഞ്ഞ ചൊവ്വാഴ്ച വയനാട് മുണ്ടക്കൈയുടെയും ചൂരൽമലയുടെയും ജീവനെടുത്ത ദുരിതപ്പെയ്ത്ത് സംഹാരതാണ്ഡവമാടിയത്. നിരവധിയാളുകളുടെ ജീവൻ പൊലിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം മരിച്ചവരും, കാണാതായവരും, മൃതദേഹം തിരിച്ചറിയാനാവാത്തവരുമൊക്കെ ഏറെയാണ്. നിരവധിയാളുകളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ തകർത്തെറിഞ്ഞാണ് കേരളം കണ്ട ഏറ്റവും വലിയ ദുരന്തം വയനാട്ടിലുണ്ടായത്.
ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിലിനിടയിൽ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ് നമ്മുക്ക് കൺമുന്നിലെത്തുന്നത്. തന്റെ വീട്ടുകാരെ തിരഞ്ഞുനടക്കുന്ന വളർത്തുമൃഗങ്ങൾ, വിവാഹ ക്ഷണക്കത്ത്, കത്തുകൾ, പുസ്തകങ്ങൾ, അങ്ങനെ ഒരുപാടുപേരുടെ പ്രതീക്ഷകൾ. പ്രതീക്ഷയറ്റ ഒരു വിഭാഗം ജനങ്ങൾ എങ്ങോട്ട് പോകണമെന്നറിയാതെ ദുഖത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here