ആ ‘ചൈനീസ് പ‍ഴമൊഴി’ പോലെ കാണികളില്‍ തങ്ങിനില്‍ക്കുന്ന ‘ജൂലൈ റാപ്‌സഡി’; സിനിമാപ്രേമികള്‍ക്ക് വേറിട്ട അനുഭവമായി ആന്‍ ഹുയി ചിത്രം

iffk

സുബിന്‍ കൃഷ്‌ണശോഭ്

‘റോസാപുഷ്‌പം സമ്മാനിക്കുന്ന കൈകളില്‍ അതിന്‍റെ പരിമളം പിന്നീടും തങ്ങിനിൽക്കും’. വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മാതാവും നടിയുമായ ആന്‍ ഹുയി സംവിധാനം ചെയ്‌ത ജൂലൈ റാപ്‌സഡി സിനിമയും ഈ ചൈനീസ് പ‍ഴമൊഴി പോലെ സുന്ദരമാണ്. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം നേടിയ ആനിന്‍റെ 2002ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ ചിത്രമാണിത്. ഐഎഫ്‌എഫ്‌കെയില്‍ നിന്ന് ഈ മനോഹരമായ കലാസൃഷ്‌ടി കണ്ടിറങ്ങിയ കാണികളില്‍, ഉദാത്തമായ ഒരു സര്‍ഗാത്‌മക സൃഷ്‌ടിയുടെ പരിമളം തുടര്‍ന്നും ആസ്വദിക്കാന്‍ ഇടയാക്കുന്നുവെന്നതാണ് ജൂലൈ റാപ്‌സഡിയെ വേറിട്ടുനിര്‍ത്തുന്നത്.

റൊമാന്‍സ്, ഡ്രാമ വിഭാത്തിലുള്ള ചിത്രത്തിന്‍റെ ദൈര്‍ഘ്യം ഒരു മണിക്കൂറും 43 മിനിറ്റുമാണ്. ലാം എന്ന മധ്യവസ്കനായ അധ്യാപനും മാന്‍ ചിങ് എന്ന അദ്ദേഹത്തിന്‍റെ പങ്കാളിയും കൗമാരക്കാരായ രണ്ട് ആണ്‍മക്കളേയും അവരുടെ ജീവിതത്തെയും കേന്ദ്രമാക്കി വികസിക്കുന്നതാണ് ജൂലൈ റാപ്‌സഡിയുടെ പ്രമേയം. മാന്‍ ചിങ്ങിന്‍റെ അധ്യാപകനായിരുന്ന മുന്‍ കാമുകന്‍ സെങ് വാര്‍ധക്യത്താലും രോഗത്താലും വലഞ്ഞിരിക്കുമ്പോള്‍ അവരെ കണ്ടുമുട്ടുന്നു. അതേസമയം, ലാം തന്‍റെ വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലാവുന്നു. ആ പെണ്‍കുട്ടിയുമായി ഒരു രാത്രി ചെലവിടുന്നതും പങ്കാളിയുടെ അടുത്ത് ലാം തുറന്നുപറയുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

പങ്കാളിയുടെ ആദ്യബന്ധത്തിലെ മകനുമായുള്ള ശക്തമായ വൈകാരിക അടുപ്പം വരച്ചുകാട്ടി തുടങ്ങുന്ന ചിത്രം ഒരു തരത്തിലും പിന്നീടുള്ള സംഭവങ്ങള്‍ക്ക് സൂചന നല്‍കാതിരിക്കാന്‍ സംവിധായിക പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ലാം യു എന്ന കഥാപത്രമായി ജാക്കി ച്യൂങ്ങും മാന്‍ ചിങ്ങായി അനിറ്റ മുയിയും ലാമിന്‍റെ കാമുകിയായി കരേന ലാമും മാന്‍ കഥാപാത്രത്തിന്‍റെ അധ്യാപകനും ആദ്യ കാമുകനുമായി സെങ്ങുമാണ് അഭിനയിക്കുന്നത്. ജാക്കിന്‍റെ അഭിനയചാതുര്യം ഓരോ ചലനത്തിലും കണ്ണുകളിലുമടക്കം ശക്തമായി പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന് ക‍ഴിഞ്ഞുവെന്നത് എടുത്തുപറയേണ്ടതാണ്. വൈകാരിക രംഗത്ത് അനിറ്റയുടെ അഭിനയ പ്രകടനം കാണികളെ നിശ്ചയമായും ഉള്ളുപൊള്ളിക്കും.

also read: സർഗാത്മക സാധ്യതകളെ ഉപയോഗിക്കുന്നതോടൊപ്പം സിനിമ കലാമൂല്യങ്ങളെ നിലനിർത്തണം; ഐഎഫ്എഫ്കെ ഓപ്പൺ ഫോറം

കാമ്പുള്ള തിരക്കഥയും ബഹളങ്ങളില്ലാത്ത, പലപ്പോഴും പശ്ചാത്തല സംഗീതം പോലുമില്ലാത്ത രംഗങ്ങളാണ് ചിത്രത്തില്‍ കൂടുതലും. എന്നാല്‍, ഒരു തരത്തിലും സിനിമ കാണികളില്‍ വിരസതയുണ്ടാക്കുന്നില്ലായെന്നത് സംവിധാനത്തിലെ ആന്‍ ഹുയിയുടെ പ്രതിഭ തെളിയിക്കുന്നതാണ്. 21-ാമത് ഹോങ് കോങ് ചലച്ചിത്രമേളയില്‍ മികച്ച സിനിമ, മികച്ച സംവിധായികയടക്കം എട്ട് പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്. പുറമെ 39-ാമത് ഗോള്‍ഡന്‍ ഹോഴ‌്‌സ് അവാര്‍ഡ്, 77-ാം വെനീസ് ചലച്ചിത്രമേളയിലും 199ലെ ചലച്ചിത്രമേളയിലും 50-ാമത് ഐഎഫ്‌എഫ്‌ഐയിലും അടക്കം അനേകം പുരസ്‌കാരങ്ങളും വാരിക്കൂട്ടാന്‍ ജൂലൈ റാപ്‌സഡിയ്‌ക്കായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News