ജോലിസമയത്ത് സ്റ്റേഷൻ മാസ്റ്റർ ഫോണിൽ തൻ്റെ ഭാര്യയോട് പറഞ്ഞൊരു ഓകെ റെയിൽവേയ്ക്ക് ഉണ്ടാക്കിയത് 3 കോടി രൂപയുടെ നഷ്ടം. കേൾക്കുമ്പോൾ വിശ്വാസിക്കാനാകുന്നില്ലേ? ഇല്ലെങ്കിലും സംഗതി സത്യമാണ്. കാമുകൻ്റെ പേരിൽ ഫോണിലൂടെ ഭാര്യയോട് വഴക്കിടുകയായിരുന്നു വിശാഖപട്ടണം സ്വദേശിയായ സ്റ്റേഷൻ മാസ്റ്റർ. തർക്കത്തിനിടെ ‘ഓകെ’ പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. എന്നാൽ, തൊട്ടപ്പുറത്തുള്ള മൈക്രോഫോണ്‍ ഓണാണെന്ന് അദ്ദേഹം ഓർത്തില്ല. മൈക്രോഫോണിലൂടെ സ്റ്റേഷൻ മാസ്റ്ററുടെ ഈ ‘ഓക്കെ’ കേട്ട ഉദ്യോഗസ്ഥർ ട്രെയിൻ പുറപ്പെടാനുള്ള സമ്മതമാണെന്ന് തെറ്റിദ്ധരിച്ച് ട്രെയിൻ പോകാനുള്ള അറിയിപ്പ് നൽകി. നേരത്തെ രാത്രി യാത്ര വിലക്കിയ മാവോയിസ്റ്റ് പ്രദേശത്തേക്ക് ചരക്ക് ട്രെയിൻ അയക്കാനുള്ള സമ്മതമായാണ് ഉദ്യോഗസ്ഥർ ഈ ‘ഓക്കെ’യെ തെറ്റിദ്ധരിച്ചത്. അപകടമുണ്ടായില്ലെങ്കിലും ഇതുവഴി റെയിൽവേക്ക് ഉണ്ടായ നഷ്ടം 3 കോടി രൂപയുടേതാണെന്ന് അധികൃതർ പറഞ്ഞു.
തുടർന്ന് സ്റ്റേഷൻ മാസ്റ്ററെ റെയിൽവേ സസ്പെൻഡ് ചെയ്തു. 2011 ഒക്ടോബർ 12 നാണ് വിശാഖപട്ടണം സ്വദേശിയായ സ്റ്റേഷൻ മാസ്റ്റർ ദുർഗ് സ്വദേശിനിയെ വിവാഹം കഴിച്ചത്. എന്നാൽ, വിവാഹത്തിനു മുമ്പ് ഭാര്യയ്ക്ക് മറ്റൊരു കാമുകനുണ്ടായിരുന്നു. വിവാഹ ശേഷവും ഭാര്യ ആ ബന്ധം തുടർന്നതോടെ സ്റ്റേഷൻ മാസ്റ്റർ ഫോണിലൂടെ ഭാര്യയുമായി ഇടയ്ക്ക് തർക്കമുണ്ടായി. അത്തരത്തിലൊരു തർക്ക ദിനത്തിലാണ് ഈ സംഭവം ഉണ്ടാകുന്നത്. തർക്കത്തിനിടെ നമുക്ക് വീട്ടിൽവെച്ച് സംസാരിക്കാം, ഓകെയെന്ന് ഉച്ചത്തിൽ പറഞ്ഞാണ് ഇദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. ഈ ഓകെയാണ് കാര്യങ്ങളുടെ ഗതി മാറ്റിയത്. റെയിൽവേയ്ക്കുണ്ടാക്കിയ നഷ്ടത്തിൻ്റെ പേരിൽ സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെൻഷൻ ലഭിച്ചെങ്കിലും ഭാര്യക്കെതിരെ ഉദ്യോഗസ്ഥൻ വിശാഖപട്ടണം കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയതിൽ കോടതി ഉദ്യോഗസ്ഥന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും വിവാഹമോചനം നൽകുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here