ഉമ്മൻ ചാണ്ടി ജനകീയനായ നേതാവ് ; അനുശോചിച്ച് നിയമസഭാസ്‌പീക്കർ എ എൻ ഷംസീർ

മുൻമുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരിക്കലും മറവിയിലാഴാത്ത ഒരു അദ്ധ്യായം അവസാനിച്ചിരിക്കുന്നു എന്നാണ് ഷംസീർ പറഞ്ഞത്. ഞാൻ ജനിക്കുന്നതിനു മുമ്പ് നിയമസഭാ സാമാജികനായ വ്യക്തിയാണ് അദ്ദേഹമെന്നും കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ജനങ്ങളെ കേൾക്കാൻ തയ്യാറായ ജനകീയനായ നേതാവായിരുന്നു അദ്ദേഹമെന്നും ഷംസീർ കുറിച്ചു.

ALSO READ: ഉമ്മൻചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം; എം.വി ഗോവിന്ദൻമാസ്റ്റർ

നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ വാക്കുകൾ

ഇന്ന് കേരളമുണർന്നത് വേദനാജനകമായ ഉമ്മൻചാണ്ടിയുടെ വിയോഗ വാർത്ത കേട്ടാണ്. കോൺഗ്രസിലെ ജനകീയ മുഖമായിരുന്നു അദ്ദേഹം. ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാൾ. ജനങ്ങളാൽ ചുറ്റപ്പെട്ടല്ലാതെ അദ്ദേഹത്തെ കാണാൻ ആകുമായിരുന്നില്ല. ഞാൻ ജനിക്കുന്നതിനു മുമ്പ് നിയമസഭാ സാമാജികനായ വ്യക്തിയാണ് അദ്ദേഹം. അഞ്ചു പതിറ്റാണ്ടിലേറെ കാലം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹംസഭയിൽ ഉണ്ടായി. തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട്, 50 വർഷത്തിലധികം തുടരുക, ഉമ്മൻ ചാണ്ടിയ്ക്ക് മാത്രം സാധ്യമായ ഒന്നാണ്. ഇനി അങ്ങനെയൊരു റെക്കോർഡ് ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല.

ഞാനിപ്പോഴും ഓർക്കുന്നു, ഉമ്മൻ ചാണ്ടിയ്ക്കെതിരായി സിന്ധു ജോയി മത്സരിച്ചപ്പോൾ ഞാനും സ്വരാജുമെല്ലാം ഉമ്മൻ ചാണ്ടിയ്ക്കെതിരായ പ്രചരണത്തിന് പുതുപള്ളിയിലുണ്ടായിരുന്നു. തോൽക്കുമോ എന്ന അന്നത്തെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് “ഉമ്മൻ ചാണ്ടി പുതുപള്ളിയിൽ തോൽക്കുകയോ?” എന്ന മറുചോദ്യമാണ് അദ്ദേഹം ചോദിച്ചത്. അതായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസം. പുതുപള്ളി മറിച്ചു ചിന്തിക്കാത്തത്രയും അവിടുത്തെ ജനങ്ങളോട് അദ്ദേഹം ചേർന്നുനിന്നു .

കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ജനങ്ങളെ കേൾക്കാൻ തയ്യാറായ ജനകീയനായ നേതാവായിരുന്നു അദ്ദേഹം.ശാരീരികമായ അവശതകളുണ്ടായിട്ടും കൊടിയേരി സഖാവിന് ആദരാഞ്ജലികളർപ്പിക്കാൻ അദ്ദേഹമെത്തിയിരുന്നു. കഴിഞ്ഞ വർഷം കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം ഘട്ട ലോഗോ പ്രകാശനം നിർവഹിക്കാനും അദ്ദേഹം എത്തി.

ഏത് അവശതകൾക്കിടയിലും അദ്ദേഹം തന്റെ പൊതുജീവിതം സജീവമാക്കി നിലനിർത്തി. വിമർശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ട്, രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച അദ്ദേഹം പുതുതലമുറയിലെ പൊതുപ്രവർത്തകർക്ക് ഒരു പാഠ പുസ്തകമാണ്.

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരിക്കലും മറവിയിലാഴാത്ത ഒരു അദ്ധ്യായം അവസാനിച്ചിരിക്കുന്നു.മരണം വരെയും എല്ലാ അർത്ഥത്തിലും ജനപ്രതിനിധിയായ അദ്ദേഹത്തിന് എന്റെയും കേരള നിയമസഭയുടെയും ആദരങ്ങൾ.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News