കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പത്മരാജന്റെ മകനും തിരക്കഥാകൃത്തുമായ അനന്തപത്മനാഭൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. അച്ഛൻ്റെ കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സോളമൻ്റെ “മമ്മ”, റീത്താമാവി ആണ്. ലാലേട്ടൻ്റെ അമ്മയാകൽ തുടങ്ങുന്നത് അവിടെ തൊട്ടാണൊ ? ഓർമ്മയില്ല. എത്ര ചെറിയ വേഷത്തിലും സ്വാഭാവികതയുടെ പ്രതിഭാ മിന്നൽ ഉൾച്ചേർന്നിരുന്നു. ” കാണാമറയ”ത്തിലെ മദർ സുപ്പീരിയർ തന്നെ നോക്കൂ. മന്ത്രസ്ഥായിയിൽ നിർത്തി നിർത്തി ദിവ്യമായ ഒരു പ്രശാന്തത പുരണ്ട ആ ഭാഷണം കേട്ടാൽ ശരിക്കും മദർ സുപ്പീരിയർ തന്നെ എന്നു തോന്നും എന്നും കുറിപ്പിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ രൂപം :
അവസാനം കാണുന്നത് 2016 ലാവും. ആലുവപ്പുഴത്തീരത്തെ വീടിന് ആ മുഖത്തിൻ്റെ പ്രശാന്തി പരന്ന പോലെ. ഇടയ്ക്ക് മതിലിനപ്പുറത്ത് വന്നു നിന്ന ചെറിയ കുട്ടികൾ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു,
“പൊന്നൂസേ! ” അവരോട് ചിരിച്ച് മറുപടി കൊടുത്ത ശേഷം അതേ ചിരിയോടെ തിരിഞ്ഞു പറഞ്ഞു, ” നല്ല കമ്പനിയാ ! നിങ്ങളൊക്കെ അങ്ങു പോയി കഴിഞ്ഞാ പിന്നെ ഇവരൊക്കെയെ ഒളളു മിണ്ടീം പറഞ്ഞും ഇരിക്കാൻ”.
പെട്ടെന്ന് “തിങ്കളാഴ്ച്ച നല്ല ദിവസത്തി”ലെ കഥാപാത്രത്തെ ഓർത്തു. ഒറ്റക്കാവുമ്പൊ ചെടികളോടും മരങ്ങളോടും കഥ പറയുന്ന അമ്മ.
ആ കഥാപാത്രം എന്തെങ്കിലും ഒരു ബഹുമതി അർഹിച്ചിരുന്നു. അത്രയ്ക്ക് സ്വാഭാവിക പകർച്ച. ഒന്നും കിട്ടിയില്ല.
അച്ഛൻ്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു.
” പ്രയാണം” തൊട്ടു തുടങ്ങുന്നു അത്. “ഇതാ ഇവിടെ വരെ”, “രതിനിർവ്വേദം ” , ” വാടകക്ക് ഒരു ഹൃദയം”, “രാപ്പാടികളുടെ ഗാഥ”, ” സത്രത്തിൽ ഒരു രാത്രി”, ” നക്ഷത്രങ്ങളെ കാവൽ ” … അക്കാലത്തെ പടങ്ങളിൽ ഏതിലാ ഇല്ലാതിരുന്നതെന്ന കണക്കെടുപ്പാവും എളുപ്പം. പല പ്രായ ങ്ങളിൽ, ഭാവങ്ങളിൽ…
അച്ഛൻ്റെ കഥാപാത്രങ്ങളിൽ
എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സോളമൻ്റെ “മമ്മ”, റീത്താമാവി ആണ്. ലാലേട്ടൻ്റെ അമ്മയാകൽ തുടങ്ങുന്നത് അവിടെ തൊട്ടാണൊ ? ഓർമ്മയില്ല.
എത്ര ചെറിയ വേഷത്തിലും സ്വാഭാവികതയുടെ പ്രതിഭാ മിന്നൽ ഉൾച്ചേർന്നിരുന്നു.
” കാണാമറയ”ത്തിലെ മദർ സുപ്പീരിയർ തന്നെ നോക്കൂ. മന്ത്രസ്ഥായിയിൽ നിർത്തി നിർത്തി ദിവ്യമായ ഒരു പ്രശാന്തത പുരണ്ട ആ ഭാഷണം കേട്ടാൽ ശരിക്കും മദർ സുപ്പീരിയർ തന്നെ എന്നു തോന്നും.
കവിയൂർ പൊന്നമ്മ എന്ന ഉജ്ജ്വല അഭിനേത്രിയുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്ന് എം.ടി.യുടെ “വിത്തുകളി”ലെ ഏടത്തിയാണ്. അനുജന് മുന്നിൽ അവർ സ്വന്തം ദാമ്പത്യത്തെ പറ്റി മനസ്സ് തുറന്ന് ഒരിക്കൽ മാത്രം പൊട്ടിക്കരയുന്ന രംഗം കാണുമ്പോഴൊക്കെ തോന്നിയിട്ടുണ്ട്, ഇത് ആ അമ്മയുടെ ആത്മാവിൻ്റെ കണ്ണുനീർത്തുള്ളികൾ ആയിരുന്നു എന്ന്.
കമേഴ്സ്യൽ സിനിമയിൽ തൻ്റെ പിതാവിൻ്റെ പ്രായമുള്ള നായകന്മാരുടെ അമ്മവേഷം കൈയ്യാളുന്ന അതേ കാലയളവിൽ തന്നെ “നിർമ്മാല്യ “ത്തിലെ നാരായണിക്കും “കൊടിയേറ്റ “ത്തിലെ കമലമ്മക്കും അവർ തൻ്റെ പ്രതിഭയുടെ ഉയിരേകി.
മലയാള സിനിമയുടെ സുവർണ്ണദശയെ പ്രോജ്ജ്വലമാക്കിയ
നടനനിലാവിന് അസ്തമനമില്ല. തലമുറകളിൽ അത് കളഭശുദ്ധിയോടെ പരിലസ്ക്കും.
ചിത്രങ്ങൾ
1. “സത്രത്തിൽ ഒരു രാത്രി”
2 . ” നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here