ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും അമൂല്യമെന്ന് വിലയിരുത്താൻ കഴിയുന്ന ഒരു സിനിമയാണ് കമലഹാസന്റെ അന്പേ ശിവം. കാലത്തിന് മുൻപേ സഞ്ചരിച്ചുകൊണ്ട് ജനാധിപത്യത്തെ കുറിച്ചും മതത്തിലും അതീതമായ മനുഷ്യത്വത്തെ കുറിച്ചും ചർച്ച ചെയ്യുന്ന ചിത്രം ഇന്നും ഏറെ പ്രസക്തിയുള്ളതാണ്. ഇപ്പോഴിതാ സിനിമയിൽ കമൽഹാസന്റെ കഥാപാത്രം മാധവന്റെ കഥാപാത്രത്തോട് കമ്മ്യൂണിസത്തെ കുറിച്ച് പറയുന്ന സംഭാഷണ രംഗങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്.
സംഭാഷണം വായിക്കാം
അൻബരസ്: സോവിയറ്റ് യൂണിയൻ എന്ന ഒരു നാട് തന്നെ ഇല്ലാതായി, സോവിയറ്റ് യൂണിയൻ ഇല്ലെങ്കിൽ കമ്മ്യൂണിസവും ഇല്ലെന്നല്ലേ
ശിവം: താജ്മഹൽ ഇല്ലാതായാൽ നിങ്ങളൊക്കെ പ്രണയിക്കുന്നത് അവസാനിപ്പിക്കുമോ?
അൻബരസ്: പക്ഷെ… സ്നേഹം ഒരു വികാരമാണ്
ശിവം: കമ്മ്യൂണിസവും അത് തന്നെയാണ്, കമ്മ്യൂണിസവും ഒരു വികാരമാണ്, കാൾ മാക്സ് അതിനെ കുറിച്ച് എഴുതുന്നതിന് മുൻപേ പലർക്കും അതുണ്ടായി, കാൾ മാക്സ് അതിനെ കുറിച്ച് എഴുതി ഒരു തത്വമാക്കി മാറ്റി എന്ന് മാത്രം.
2003 ൽ സുന്ദർ സി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് ഹാസ്യ കഥാ ചലച്ചിത്രമാണ് അൻപേ ശിവം മലയാളത്തിൽ സ്നേഹമാണ് ദൈവം എന്നാണ് ഈ വാക്കിന്റെ അർത്ഥം. സുന്ദർ. സിയോടൊപ്പം കെ. മുരളീധരൻ, വി. സ്വാമിനാഥൻ, ജി. വേണുഗോപാൽ എന്നിവർ ചേർന്ന് ലക്ഷ്മി മൂവി മേക്കേഴ്സ് എന്ന കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചലച്ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് കമൽ ഹാസനും സംഭാഷണ രചന നിർവ്വഹിച്ചിരിക്കുന്നത് എഴുത്തുകാരൻ മദനുമാണ്. ചിത്രത്തിൽ കമൽ ഹാസൻ, ആർ. മാധവൻ, കിരൺ റത്തോഡ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെയും നാസർ, സന്താന ഭാരതി, സീമ, ഉമ റിയാസ് ഖാൻ എന്നിവർ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു.
സാഹചര്യവശാൽ ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരുന്ന ഫലിതപ്രിയനും കമ്മ്യൂണിസ്റ്റും ആയ നല്ലശിവവും മുതലാളിത്തത്തോടനുഭാവമുള്ള അഹങ്കാരിയായ പരസ്യചിത്രകാരൻ അൻപരശും നേരിടുന്ന പ്രശ്നങ്ങളും അവ അൻപരശിന്റെ കാഴ്ച്ചപ്പാടിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. കമ്മ്യൂണിസം, നിരീശ്വരവാദം തുടങ്ങിയ വീക്ഷണങ്ങൾ പ്രതിഫലിക്കുന്ന ചിത്രമാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here