അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികൾക്കായി പ്രത്യേക സഭാകോടതി

എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കത്തിൽ അച്ചടക്ക നടപടികൾക്കായി പ്രത്യേക സഭാകോടതി സ്ഥാപിച്ചു. സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലാണ് കോടതി സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ വിമത വൈദികർക്കും വിശ്വാസികൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സഭാ നേതൃത്വത്തിന്റെ നീക്കം.

സീറോ മലബാർ സഭയിലെ മറ്റു രൂപതകളിൽ സിനഡ് നിർദേശിച്ച ഏകീകൃത കുർബാന നേരത്തേ നടപ്പിലാക്കിയിരുന്നു. സഭാസിനഡും മേജർ ആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും പലതവണ നിർദ്ദേശം നൽകിയിട്ടും എറണാകുളം – അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന സാധ്യമായിട്ടില്ല. ഒരു വിഭാഗം വിമത വൈദികരും വിശ്വാസികളും ഇപ്പോഴും ശക്തമായ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക കോടതി സ്ഥാപിച്ച് അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചതെന്നാണ് സഭാ നേതൃത്വം പറയുന്നത്.

റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ അനുമതിയോടെ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലാണ് കോടതി സ്ഥാപിച്ചിരിക്കുന്നത്. ബുധനാഴ്ച മുതൽ കോടതി നിലവിൽ വന്നതായി സീറോ മലബാർ സഭ ഔദ്യോഗികമായി അറിയിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് കോടതി സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന സാധ്യമാകാത്തത് വിശ്വാസികൾക്കിടയിൽ ഭിന്നതക്കും പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കാനും കാരണമായെന്നും അതിനാലാണ് പ്രത്യേക കോടതി സ്ഥാപിക്കേണ്ടി വന്നതെന്നും സഭാ നേതൃത്വം പറയുന്നു. സാധാരണയായി രൂപതകളിലെ നടപടികൾക്ക് അതാത് രൂപതകളിലാണ് കോടതികൾ സ്ഥാപിക്കാനുള്ളത്.

also read: ചോദ്യപേപ്പർ ചോർച്ച; ക്രൈം ബ്രാഞ്ച് കേസ് എടുത്തു

എറണാകുളം അങ്കമാലി രൂപതയിൽ നിലവിൽ സാഹചര്യത്തിൽ കോടതി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് സഭ ആസ്ഥാനത്ത് പ്രത്യേക കോടതി സ്ഥാപിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയിൽ അച്ചടക്ക ലംഘനം നടത്തുന്ന വൈദികർ, സന്യസ്തർ, അൽമായർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതിക്ക് അധികാരം ഉണ്ടാകുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി. വിമത സ്വരമുയർത്തുന്ന വൈദികരെയും വിശ്വാസികളെയും സഭയുടെ അധികാരം ഉപയോഗിച്ച് നിശബ്ദരാക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിൻ്റെ ഭാഗമാണ് ഈ പ്രത്യേക കോടതിയെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News