ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കണം എന്നാണ് കോൺഗ്രസ് കരുതുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകൻ അനിൽ കെ ആൻ്റണി. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നതാണ് തൻ്റെ കാഴ്ചപ്പാടെന്നും ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം അനിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ ശ്രമിക്കുക എന്നതാണ് ഒരു യുവ ഇന്ത്യൻ എന്ന നിലയിൽ തൻ്റെ കടമയെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിൽ ചേരാനുള്ള തൻ്റെ തീരുമാനം വ്യക്തി താൽപര്യത്തിന് വേണ്ടിയുള്ളതല്ല. കോൺഗ്രസ് ചില വ്യക്തികൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. രാജ്യതാൽപര്യത്തിന് എതിരായ നിലപാടുകളാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇരിക്കുന്നവർ രാജ്യത്തെ വഞ്ചിക്കുകയാണ് എന്നും അനിൽ ആൻ്റണി പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി നിലകൊണ്ടത് കൊണ്ട് അനിൽ ആൻ്റണി കേരളത്തിൽ അപമാനിക്കപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. അനിൽ ആന്റണി ബിജെപിയിലേക്ക് എത്തിയത് സന്തോഷമുള്ള കാര്യമാണെന്നും അനിൽ ആന്റണി ബഹുമുഖ വ്യക്തിത്വമാണെന്നും ഗോയൽ അഭിപ്രായപ്പെട്ടു.
അനിൽ ഇന്ത്യയുടേയും കേരളത്തിന്റെയും ഭാവിയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും പീയുഷ് ഗോയൽ പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണവുമായി ചേർന്ന് നിൽക്കുന്നതാണ് അനിൽ ആൻ്റണിയുടെ കാഴ്ചപ്പാടുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ആസ്ഥാനത്തെത്തിയ അനിലിനെ പീയുഷ് ഗോയൽ, കെ.സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here