നിരോധിത സംഘടന ആക്രമിച്ചെന്ന സൈനികന്‍റെ കള്ളക്കഥ: ന്യായീകരണവുമായി അനില്‍ ആന്‍റണി

കൊല്ലം കടയ്ക്കലില്‍ നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന സൈനികന്‍ ഷൈന്‍കുമാറിന്‍റെ കള്ളക്കഥ പൊളിഞ്ഞെങ്കിലും സംഭവത്തില്‍ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് എ കെ ആന്‍റണിയുടെ മകനും ബിജെപി നേതാവുമായ അനില്‍ ആന്‍റണി. ഷൈന്‍കുമാറിന്‍റെ കള്ളക്കഥ പ്രചരിപ്പിച്ച സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ക്ക് പിന്നാലെ ഉടന്‍ പ്രതികരിച്ച നേതാക്കളിലൊരാളാണ് അനില്‍ ആന്‍റണി.

“ഒരു ഇന്ത്യൻ സൈനികനെ ചിലർ പിടിച്ചുവച്ച് കൈകൾ ബന്ധിച്ച് മുതുകിൽ പെയിന്റുകൊണ്ട് പിഎഫ്ഐ എന്ന് എഴുതി. ഇതാണ് ഇപ്പോൾ കേരളത്തിന്റെ ഞെട്ടിക്കുന്ന അവസ്ഥ. ഇതേക്കുറിച്ച് സിപിഎമ്മിൽനിന്നോ കോൺഗ്രസിൽനിന്നോ ഒരു നേതാവു പോലും പ്രതികരിച്ചില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം”- ഇതായിരുന്നു അനില്‍ ആന്‍റണിയുടെ പ്രതികരണം.

സംഭവം കെട്ടിച്ചമച്ച കള്ളക്കഥയാണെന്നും പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ ബിജെപിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും പൊതുസമൂഹം ഇതിനോടകം തിരിച്ചറിഞ്ഞു. എന്നാല്‍ സംഭവം വ്യാജമാണെന്ന് അറിഞ്ഞിട്ടും വീണ്ടും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനില്‍ ആന്‍റണി.

ALSO READ: മല്ലു ട്രാവലർ ലണ്ടനിൽ; ജാമ്യമില്ലെങ്കിലും അടുത്തയാഴ്ച്ച നാട്ടില്‍ എത്തും

സൈനികൻ വ്യാജനാണെന്നു തെളിഞ്ഞെങ്കിലും താൻ ഉന്നയിച്ച വിമർശനത്തിനു പ്രസക്തിയുണ്ടെന്ന് അനിൽ ആന്റണി ന്യായീകരിച്ചു. തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും, ഈ സൈനികന്റെ വിഷയം ഉയർത്തിക്കാട്ടി അതിനെ വെള്ളപൂശാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നാണ് അനിലിന്‍റെ ന്യായീകരണം.  എക്സ് പ്ലാറ്റ്ഫോമിലാണ് അനില്‍ ആദ്യ പ്രതികരണത്തെ ന്യായീകരിച്ച് എത്തിയിരിക്കുന്നത്.

രാജസ്ഥാനിൽ ജയ്സൽമേർ 751 ഫീൽഡ് വർക്‌ഷോപ്പിൽ സൈനികനായ കടയ്ക്കൽ ചാണപ്പാറ ബി.എസ്. നിവാസിൽ ഷൈനാണ് (35), ഒരു വിഭാഗം ആളുകൾ ആക്രമിച്ച് മുതുകിൽ ‘പിഎഫ്ഐ’ എന്ന ചാപ്പകുത്തിയതായി പരാതിപ്പെട്ടത്. എന്നാൽ, വിശദമായ അന്വേഷണത്തിൽ ഈ പരാതി പൊലീസ് വ്യാജമാണെന്നു കണ്ടെത്തി. സംഭവത്തിൽ ഷൈനെയും സുഹൃത്ത് മുക്കട ജോഷി ഭവനിൽ ജോഷിയെയും (40) കൊല്ലം റൂറൽ എസ്പി എം.എൽ.സുനിലും സംഘവും അറസ്റ്റ് ചെയ്തിരുന്നു. പട്ടാളത്തിലേക്കു മടങ്ങാനുള്ള മടിയും പിഎഫ്ഐയോടുള്ള വിരോധവുമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ജനശ്രദ്ധ നേടാനും കൂടിയായിരുന്നു അക്രമ നാടകം.

ALSO READ: കര്‍ണാടക ബാങ്കിന്റെ ഭീഷണി; ജീവനൊടുക്കിയ വ്യാപാരി ബിനുവിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് CPIM

അവധിക്കു നാട്ടിലെത്തിയ ഷൈൻ തിങ്കളാഴ്ച തിരിച്ചു പോകേണ്ടതായിരുന്നു. ഞായറാഴ്ച രാത്രി ഷൈനും ജോഷിയും ചേർന്നൊരുക്കിയ നാടകമാണെന്നാണു മൊഴി. എന്നാൽ, നാട്ടിൽ എത്തും മുൻപു തന്നെ ഷൈൻ, ജോഷിയുമായി ചേർന്നു സംഭവം ആസൂത്രണം ചെയ്തിരുന്നുവെന്നാണു പൊലീസിനു ലഭിച്ച വിവരം. ഈ സംഭവത്തിൽ, സൈനികൻ പരാതി നൽകിയതിനു പിന്നാലെ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് അനിൽ ആന്റണി കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ഈ പരാതി വ്യാജമാണെന്നു തെളിഞ്ഞതോടെ, അനിൽ ആന്റണി ഉൾപ്പെടെയുള്ളവർക്കെതിരെ മതസ്പർധ വളർത്തിയതിനു കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News