കേരളത്തിൽ കാടിറങ്ങുന്ന വന്യമൃഗങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമുയരുന്ന പശ്ചാത്തലത്തിൽ പ്രസക്തമായ വിധിയുമായി സുപ്രീം കോടതി. മനുഷ്യർക്കുള്ളതുപോലെ മൃഗങ്ങൾക്ക് മൗലികാവകാശങ്ങൾ ഉള്ളതായി ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ജല്ലിക്കെട്ടും കമ്പളയും കാളവണ്ടിയോട്ടമത്സരവും അനുവദിക്കുന്ന നിയമഭേദഗതികൾ ശരിവെച്ച് പുറപ്പെടുവിച്ച വ്യാഴാഴ്ചയിലെ വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വ്യക്തികൾക്കെന്നപോലെ തുല്യതാ അവകാശവും മൃഗങ്ങൾക്ക് നൽകാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മൃഗങ്ങൾക്ക് നിയമാവകാശങ്ങൾപോലെ മൗലികാവകാശങ്ങളുമുണ്ടെന്ന ഹർജിക്കാരുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.
മൃഗങ്ങൾക്ക് മൗലികാവകാശം നൽകിയതായി നമുക്ക് കീഴ്‌വഴക്കമില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള 2014ലെ വിധിയിലും മൃഗങ്ങൾക്ക് മൗലികാവകാശമുള്ളതായി പറയുന്നില്ല. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 3, 11 വകുപ്പുകളെല്ലാം മൃഗങ്ങൾക്ക് നൽകുന്നത് നിയമാവകാശങ്ങളാണെന്ന് ജല്ലിക്കെട്ട് നിരോധിച്ച എ. നാഗരാജ് കേസിലെ വിധിയിൽ ചൂണ്ടിക്കാട്ടി. ചിലരാജ്യങ്ങൾ ചെയ്തതുപോലെ മൃഗങ്ങളുടെ നിയമാവകാശങ്ങളെ മൗലികാവകാശങ്ങളുടെ പദവിയിലേക്ക് ഉയർത്താമെന്നും ഇതിൽ പറഞ്ഞുവെക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here