പൈസ കൊടുത്തപ്പോള്‍ വാങ്ങിയില്ല, തിരികെ തരാന്‍ ശ്രമിച്ചു; കനകലതയെ ഓര്‍മിച്ച് അനീഷ് രവി

പ്രേക്ഷകരുടെ പ്രിയപ്പെട്ട മലയാള സിനിമാ സീരിയല്‍ താരം കനകലത വിടപറയുമ്പോള്‍ ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന കാലത്ത് നടിയെ സന്ദര്‍ശിച്ച ശേഷം നടന്‍ അനീഷ് രവി പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയായിരിക്കുകയാണ്

ALSO READ :തൃശൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ വര്‍ഷം ഒരു ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ കനകലതയുടെ സഹോദരിയും മകനും താമസിക്കുന്ന വീട്ടിലാണ് അനീഷ് രവി എത്തിയത്. . സഹോദരിയും സഹോദരന്റെ മകനും കുടുംബവും നടിയെ നല്ല രീതിയിലാണ് നോക്കിയിരുന്നതെന്ന് അനീഷ് പറഞ്ഞിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ തന്റെ പേര് പറയാന്‍ കനകലത ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് അനീഷ് പറയുന്നു

അനീഷ് രവിയുടെ വാക്കുകള്‍ ഇങ്ങനെ

”കലയും കാലവും എന്ന പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ഒരിക്കല്‍ക്കൂടി രഞ്ജിത്തേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. വില്ലടിച്ചാന്‍ പാട്ടെന്നും വില്ലുകൊട്ടി പാട്ടൊന്നുമൊക്കെ അറിയപ്പെടുന്ന കലാരൂപത്തിനെക്കുറിച്ചും ആ കലാരൂപത്തോടൊപ്പം സഞ്ചരിക്കുന്ന ശുദ്ധകലാകാരന്മാരോടൊപ്പവുമായി കുറേ നിമിഷങ്ങള്‍. കലയുടെ അറിയാത്ത വഴികളിലൂടെ കുറേ ഏറെ നിമിഷങ്ങള്‍.

രണ്ടാം പകുതി ഷൂട്ട് കഴിഞ്ഞ് നേരെ പോയത് മങ്കാട്ടു കടവിന് സമീപമുള്ള കനകം എന്ന വീട്ടിലേക്കാണ്, കനകലത ചേച്ചിയെ കാണാന്‍. ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന് ചിലര്‍ ചിലപ്പോ പറയാറുണ്ട് എന്നാല്‍. എത്രപറഞ്ഞാലും മറ്റുള്ളവര്‍ക്ക് മനസിലാകാത്ത ചില ബന്ധങ്ങള്‍ കൂടി ഉണ്ട്. പരസ്പരം കാണുമ്പോള്‍ ഒന്നും പറയാതെ തന്നെ കണ്ണുകളില്‍ നിറയുന്ന നനവിന്റെ സ്‌നേഹ ജലം അലിഞ്ഞിറങ്ങുന്നത്. ഇന്നലെ ഞാന്‍ കണ്ടു, ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീര്‍ക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്ത് പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്‌ക്കൊരു തിരിഞ്ഞു പോക്ക്. എങ്കിലും എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ ചേച്ചി പറയുന്നുണ്ടായിരുന്നു, ‘അ നീ ..ശ് ഷ്’
എന്റെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പിച്ചു പുറത്തു കൊണ്ട് വന്നിരുത്തി. കുറെ നേരം ഞങ്ങള്‍ നോക്കിയിരുന്നു.. നിശബ്ദമായ കുറെ നിമിഷങ്ങള്‍. രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകള്‍. ഈ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകള്‍ തുളുമ്പുന്നത് കൊണ്ടാവും, ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഒന്നും പറയാതെ മിണ്ടാതിരിക്കുമ്പോഴും എന്റെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരുന്നു. ഞാന്‍ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്. സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്നതും സ്‌കിറ്റ് കളിക്കുന്നതൊക്കെ കൈരളി കലാമന്ദിര്‍ ടീമിനൊപ്പമാണ്. അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും കനകലത ചേച്ചിയും. അന്ന് പാപ്പനംകോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം.

ALSO READ ;ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ 50 ശതമാനത്തോളം പോളിങ്, ഏറ്റവും കൂടുതല്‍ മുന്‍ഷിദാബാദില്‍

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓറഞ്ച് വാങ്ങാനായി ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു കൊണ്ട് ഞാന്‍ പറഞ്ഞു എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്. വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News