കേന്ദ്ര സർക്കാരിന് പുതിയ ദേശീയ വിദ്യാഭ്യാസ നയം പൗരന് ഭരണഘടന ഉറപ്പു നൽക്കുന്ന വിദ്യാഭ്യാസത്തിനുള്ള മൗലിക അവകാശത്തെ നിഷേധിക്കുകയാണെന്ന് വിദ്യാഭ്യാസ വിദഗ്ധയും ദില്ലി സർവകലാശാലയിലെ മുൻ പ്രൊഫസറുമായ അനിത റാംപാൽ. എ കെ ജി പഠന ഗവേഷണ കേന്ദ്രവും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
പുത്തൻ വിദ്യാഭ്യാസ നയത്തിൽ ജനാധിപത്യം എന്ന വാക്കുപോലും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിന് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ കഴിയണമെന്നും പുത്തൻ വിദ്യാഭ്യാസ നയം നിലവാരമില്ലാത്ത വിദ്യാഭ്യാസവും കപടശാസ്ത്രവുമാണ് മുന്നോട്ട് വെക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പേരിൽ സാധാരണക്കാരന്റെ വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനം എന്ന രീതിയിൽ വിദ്യാഭ്യാസ നയം മാറേണ്ടതുണ്ടെന്നും അനിത റാംപാൽ അഭിപ്രായപ്പെട്ടു.
കോഴിക്കോട് നടക്കാവ് ജിവിഎച്ച്എച്ച് എസിൽ നടക്കുന്ന ത്രിദിന സെമിനാറിൽ 31 പഠന മേഖലകളിൽ 24 വേദികളിലായി അഞ്ഞുറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും . മെയ് അഞ്ചിന് സമാപിക്കുന്ന സെമിനാറിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 2000 പേർ പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here