‘ആ നടി ഞാനല്ല’ ,തൃക്കാക്കര എംഡിഎംഎ കേസിൽ വിശദീകരണവുമായി നടി അഞ്ജു കൃഷ്ണ അശോക്

പേരിലെ സാമ്യം വിനയായി . നടി അഞ്ജു കൃഷണ അശോക് നേരിടുന്നത് നിരന്തര സൈബർ ആക്രമണം. തൃക്കാക്കരയിൽ എംഡിഎംഎ കേസിൽ അറസ്റ്റിലായ അഞ്ജു കൃഷ്ണ എന്ന നാടക നടിയുമായി താരത്തെ തെറ്റിദ്ധരിച്ചാണ് ഈ ആക്രമണം . വീട് വാടകക്കെടുത്ത് സുഹൃത്തുമായി ചേർന്ന് ലഹരി വില്പന നടത്തി വന്നിരുന്ന ,കഴക്കൂട്ടം സ്വദേശിനിയായ അഞ്ജു കൃഷണ എന്ന നടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .പേരിലെ സാമ്യം മൂലം അറസ്റ്റിലായത് അഞ്ജു കൃഷ്ണ അശോകാണെന്ന് മാധ്യമങ്ങളടക്കം തെറ്റിദ്ധരിച്ചു.ഇതിനെ തുടർന്ന് അഞ്ജുവിനെ ടാഗ് ചെയ്താണ് മാധ്യമങ്ങളടക്കം പലരും വിവിധ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പങ്കു വച്ചത് .

ടാഗ് ചെയ്യലും സൈബർ ആക്രമണവും തുടർന്നതോടെയാണ് താരം തന്നെ കാര്യങ്ങൾ വ്യക്തമാക്കാൻ രംഗത്ത് വന്നത്.
‘ പേരിലെ സാമ്യമാണ് പ്രശ്നമായത്.ഇപ്പോളും കാര്യമറിയാതെ മാധ്യമങ്ങളടക്കം തന്നെ ടാഗ് ചെയ്യുകയാണ്.പോസ്റ്റുകളിൽ തന്നെ ടാഗ് ചെയ്യുന്നത് അവസാനിപ്പിക്കണം .ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോവേണ്ടി വരും എന്നാണ് താരം പറയുന്നത്.ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച കുറിപ്പിലാണ് അഞ്ജു കാര്യങ്ങൾ വ്യക്തമാക്കുന്നത് .

തെറ്റ് ചെയ്ത ആൾക്ക് പകരം താനാണ് ടാഗ് ചെയ്യപ്പെടുന്നതെന്നും ,തനിക്കും കുടുംബത്തിനും ഇത് ചിരിച്ച് തള്ളാൻ കഴിയുന്ന ഒരു കാര്യമല്ലെന്നും അഞ്ജു പറയുന്നു .ഇത് വരെയുള്ള ടാഗുകളിൽ നിന്ന് തന്നെ റിമൂവ് ചെയ്യാനും ,തെറ്റിദ്ധാരണ ഒഴിവാക്കാനും താരം ആവശ്യപ്പെടുന്നു.

ചൊവ്വാഴ്ചയാണ് 56 ഗ്രാം എംഡിഎംഎയുമായി അഞ്ജു കൃഷ്ണ എന്ന നാടകനടിയും സുഹൃത്തും അറസ്റ്റിലായത്. ദമ്പതികളെന്ന വ്യാജേന വീട് വാടകയ്‌ക്കെടുത്തായിരുന്നു ലഹരി വില്പന.സിറ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളാണ് ഇവരെ അറസ്റ്റ് ചെയ്തത്.യുവതിയുടെ കൂടെയുണ്ടായിരുന്ന ഷമീർ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടിരുന്നു .ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

ആദ്യരാത്രി എന്ന ചിത്രത്തിലൂടെ  സിനിമയിൽ അരങ്ങേറിയ അഞ്ജു കൃഷ്ണ അശോക്, പ്രതി പൂവൻകോഴി, കുഞ്ഞെൽദോ, രമേശ് ആന്റ് സുമേഷ്, കായ്‌പോള തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News