മാർട്ടിൻ ലൂഥർ കിംഗ് ഓർമ്മയായിട്ട് 55 വർഷം

മാർട്ടിൻ ലൂഥർ കിംഗ് ഓർമ്മയായിട്ട് ഇന്നേക്ക് 55 വർഷം. സ്വാതന്ത്ര്യം മരീചിക പോലെ അകന്നുപോകുന്ന കാലത്ത് ജ്വലിക്കേണ്ട ഓർമയാണ് മാർട്ടിൻ ലൂഥർ കിംഗ്. പോരാട്ടങ്ങളിൽ വഴിതെളിച്ച, 39 വർഷം മാത്രം നീണ്ട മനുഷ്യായുസ്സ്.

1963 ഓഗസ്റ്റ് 28-ന് ലിങ്കൺ സ്മാരകത്തിന് തണലിൽ തടിച്ചുകൂടിയ ആഫ്രോ അമേരിക്കക്കാരുടെ വാഷിംഗ്ടൺ പ്രകടനം നയിച്ചത് മാർട്ടിൻ ലൂഥർ കിംഗായിരുന്നു. ഏബ്രഹാം ലിങ്കന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു നൂറു വർഷങ്ങൾക്കിപ്പുറവും പൗരാവകാശത്തിനും വോട്ടവകാശത്തിനും വേണ്ടി സമരം ചെയ്യേണ്ടിവരുന്ന മനുഷ്യർ. സെൽമ മുതൽ മോണ്ട്ഗോമറി വരെ നടത്തേണ്ട നിരവധിയായ നീണ്ട സമരങ്ങൾ. എനിക്കൊരു സ്വപ്നമുണ്ടെന്ന പ്രസംഗം കേട്ട് അമേരിക്കൻ ജനതയുടെ ക്രോസ് സെക്ഷൻ കൂടെയെത്തി.

Dr. Martin Luther King, Jr. speaking before a crowd of 25,000 civil rights marchers, in Montgomery (Alabama) on March 25, 1965.

വർണവെറിയുടെ വിലങ്ങുകൾക്ക് മീതെ വീണ വാക്കുകളുടെ വാൾമൂർച്ച. ചരിത്രത്താൽ ചവിട്ടിമെതിക്കപ്പെട്ട മനുഷ്യർ മാർട്ടിൻ ലൂഥർ കിംഗിനൊപ്പം വാക്ക് മനസ്സിൽ പിടിച്ചും കൈകൾ മുറുകെ പിടിച്ചും നടന്നു. ഇതുവരെയും കയറ്റാതെ മാറ്റിനിർത്തപ്പെട്ട ഗോപുരങ്ങൾ ചരിത്രത്തിൻ്റെ ഉൾത്താളുകളിൽ ഒതുക്കപ്പെട്ടു.

മോണ്ട്ഗോമറിയിൽ ബസ്സിനുള്ളിൽ വെള്ളക്കാർക്കായി മാത്രം നീക്കിവെച്ചിരുന്ന സീറ്റുകൾക്ക് മുകളിലൂടെ മാർട്ടിൻ ലൂഥർ കിംഗ് നയിച്ച സമരരഥം ഉരുണ്ടു. 385 ദിവസം കൊടുമ്പിരികൊണ്ട പോരാട്ടലക്ഷ്യം സാർഥകമായി. അടിമത്തത്തിൽ നിന്ന് അവകാശങ്ങളിലേക്കുള്ള പർവതാരോഹണങ്ങളിൽ മാടമ്പിത്തത്തിൻ്റെ മലകളെല്ലാം കീഴടങ്ങി. വിയറ്റ്നാം യുദ്ധത്തിലൂടെ മുഖംമൂടി അഴിഞ്ഞുവീണ അമേരിക്കൻ സാമ്രാജ്യത്വമുഖത്തിന് നുണയുടെ നിറമാണെന്ന് പച്ചക്ക് വിളിച്ചുപറഞ്ഞു.

1968 ഏപ്രിൽ നാലിന് ഒരു ചാറ്റൽ മഴയ്ക്കിടയിലും ടെന്നസിയിലെ മെംഫിസ് നഗരത്തെരുവ് ചോരയിൽ കുതിർന്നത് അധീശവർഗ്ഗത്തോട് കണക്കു ചോദിച്ചതിനാലാണെന്ന് ഉറപ്പ്. പക്ഷേ, 39 വർഷം മാത്രം നീണ്ട ആ മനുഷ്യജീവിതം മനുഷ്യനുള്ളിടത്തോളം കാലം മനസ്സിൽ മരിക്കാതെ നിലനിൽക്കും. വരുംകാല പോരാട്ടങ്ങളിൽ മനക്കരുത്തായി പടനയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News