അനിഖ മദ്യലഹരിയില്‍ മര്‍ദ്ദിച്ചു, ചെവിയില്‍ ബിയര്‍ ഒഴിച്ചു, സ്വയം മുറിവുണ്ടാക്കി, മറുപടിയുമായി അനൂപ് പിള്ള

മുന്‍ കാമുകന്‍ മര്‍ദ്ദിച്ചെന്ന അഭിനേത്രി അനിഖ വിക്രമന്റെ ആരോപണത്തില്‍ മറുപടിയുമായി കുറ്റാപരോപിതനായ അനൂപ് പിള്ള രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് അനിഖ വിക്രമിന് മറുപടിയുമായി അനൂപ് പിള്ള രംഗത്ത് വന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്‌സാപ് ചാറ്റിന്റെയും സാമ്പത്തിക ഇടപാടുകളുടെയും സ്‌ക്രീന്‍ഷോട്ടും അനൂപ് പിള്ള പങ്കുവച്ചിട്ടുണ്ട്.

അനിഖ സമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച വ്യാജപ്രചാരണങ്ങളിലെ വാസ്തവം തുറന്നു കാണിക്കുന്നതിനാണ് പോസ്റ്റ് ഇട്ടിരിക്കുന്നതെന്നാണ് അനൂപ് പിള്ള തന്റെ പോസ്റ്റില്‍ വിശദമാക്കുന്നത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ താന്‍ 2016ലാണ് അനിഖയുമായി സൗഹൃദത്തിലാകുന്നതെന്നാണ് അനൂപ് പിള്ള വ്യക്തമാക്കുന്നത്. ഏതാണ്ട് 2 കൊല്ലത്തോളം അനിഖയുമായി ഡേറ്റിംഗിലായിരുന്നെന്നും അനൂപ് പറയുന്നു. ഇന്ത്യയില്‍ വരുമ്പോഴെല്ലാം അനിഖയുടെ കൂടെയാണ് താമസിച്ചിരുന്നതെന്നും അനൂപ് പിള്ള വ്യക്തമാക്കുന്നുണ്ട്.

സിനിമയില്‍ അവസരം ഇല്ലാതായ അനിഖയ്ക്ക് വേണ്ടി കനയെന്ന ഒരു ആല്‍ബം നിര്‍മ്മിച്ചു നല്‍കി, അനിഖയുമായി യാത്രകള്‍ പോയി തുടങ്ങിയ കാര്യങ്ങളും അനൂപ് വ്യക്തമാക്കുന്നുണ്ട്. പണത്തിനും നിലനില്‍പ്പിനും വേണ്ടിയാണ് അനിഖ ബന്ധം തുടരുന്നതെന്ന് മനസ്സിലാക്കിയപ്പോള്‍ ഈ ബന്ധത്തില്‍ നിന്നും പിന്മാറിയെന്നാണ് അനൂപ് പറയുന്നത്. ലക്ഷകണക്കിന് രൂപ അനിഖ കൈപ്പറ്റിയതായും അനൂപ് പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്.

അനിഖയെ മര്‍ദ്ദിച്ചു എന്ന ആരോപണത്തില്‍ സംഭവിച്ചത് മറ്റൊന്നാണെന്നും അനൂപ് വ്യക്തമാക്കുന്നു. ജനുവരി 28-ന് മദ്യലഹരിയിലായിരുന്ന അനിഖ വഴക്കിട്ടെന്നും അധിക്ഷേപിച്ച് സംസാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നുമാണ് അനൂപ് പറയുന്നത്. അനിഖ സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കിയെന്നും തന്റെ ചെവിയില്‍ ബിയര്‍ ഒഴിച്ചെന്നുമാണ് അനൂപ് വ്യക്തമാക്കുന്നത്. അനിഖ ശാരീരികമായി മര്‍ദ്ദിച്ചുവെന്നും അനൂപ് പറയുന്നു. ഇതോടെ അനിഖയുടെ മാനസിക നില ശരിയല്ലെന്ന് മനസ്സിലാക്കി ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടുകയായിരുന്നെന്നും അനൂപ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അനിഖ തനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നെന്നും എന്നാല്‍ ഫെബ്രുവരി 20-ന് ജാമ്യം ലഭിച്ചെന്നും അനൂപ് പോസ്റ്റില്‍ കുറിക്കുന്നു. അനിഖയുമായി നടത്തിയ ലക്ഷങ്ങളുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റുരേഖകളും ഹാജരാക്കിയതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നാണ് അനൂപ് വ്യക്തമാക്കുന്നത്. പണത്തിനും പ്രതാപത്തിനും വേണ്ടി മാത്രം തനിക്കെതിരെ നല്‍കിയ പരാതിയില്‍ ഇതുവരെ സ്വീകിച്ച മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അത് അവസാനിപ്പിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതനായതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ അനൂപ് വ്യക്തമാക്കുന്നുണ്ട്.

നേരത്തെ മുന്‍ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചു, ഫോണ്‍ എറിഞ്ഞുടച്ചു, വാട്‌സാപ്പ് ഒളിച്ച് നിരീക്ഷിച്ചു തുടങ്ങിയ ആരോപണങ്ങളുമായി തമിഴ് അഭിനേത്രി അനിഖ വിക്രമന്‍ രംഗത്ത് വന്നിരുന്നു. പരുക്കേറ്റതിന്റെ ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് അനിഖ ആരോപണം ഉന്നയിച്ചത്. നടി പങ്കുവച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അനൂപ് പിള്ളയെന്നയാളാണ് മുന്‍ കാമുകന്‍ എന്ന് വെളിപ്പെടുത്തിയതിനു ശേഷമാണ് അയാളുടെ ക്രൂരതകള്‍ നടി എണ്ണി എണ്ണി പറഞ്ഞിരുന്നത്.

ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി പൊലീസില്‍ പരാതി നല്‍കിയതായും പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. അനൂപ് പിള്ള ഒളിവിലാണെന്നും യു എസിലുണ്ടെന്ന് അറിയാമെന്നും നടി പറഞ്ഞു. ഇപ്പോഴും തനിക്കും കുടുംബത്തിനും ഭീക്ഷണിയുണ്ടെന്നും പേടി കാരണമാണ് താന്‍ ഇത് തുറന്നു പറയുന്നതെന്നും അഭിനേത്രി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News