‘അച്ഛനെ ഇപ്പോഴും ഇന്നസെന്റ് അങ്കിൾ പറ്റിക്കുന്നുണ്ട്’, ഒരു തമാശ കിട്ടിയാൽ അച്ഛനിപ്പോഴും ഫോണിൽ ആദ്യം തിരയുന്നത് അങ്കിളിന്റെ നമ്പർ ആണ്: അനൂപ് സത്യൻ

അച്ഛനെ ഇപ്പോഴും ഇന്നസെന്റ് അങ്കിൾ പറ്റിക്കുന്നുണ്ടെന്ന് അനൂപ് സത്യൻ. ഒരു തമാശ കിട്ടിയാൽ അച്ഛനിപ്പോഴും ഫോണിൽ ആദ്യം തിരയുന്നത് അങ്കിളിന്റെ നമ്പർ ആണെന്നും, അത്രയും വേണ്ടപ്പെട്ടവർ മരിച്ചു പോകുമ്പോൾ മാത്രമാണ് അച്ഛൻ കരയുന്നത് താൻ കണ്ടിട്ടുള്ളതെന്നും അനൂപ് സത്യൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ALSO READ: മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി ഗോത്ര പാര്‍ട്ടി

‘ഇന്നസെന്റ് അങ്കിൾ സീരിയസായി വെന്റിലേറ്ററിൽ കിടക്കുന്ന സമയത്ത് ആശുപത്രിയിൽ വച്ച് ഞാൻ അച്ഛനെ ശ്രദ്ധിച്ചിട്ടുണ്ട്. ഉള്ളിൽ തകർന്നിരിക്കുകയാണെങ്കിലും ആലീസാന്റിയെയും, സോനു ചേട്ടനെയും രശ്മി ചേച്ചിയെയും അങ്കിളിന്റെ പഴയ തമാശകൾ ഓർമ്മിപ്പിച്ചു അച്ഛൻ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടേക്ക് അപ്പാപ്പനെ കാണാൻ ഇന്നസെന്റങ്കിളിന്റെ പേരക്കുട്ടികൾ ഇന്നുവും അന്നയും വന്നു. അവരെയും സമാധാനിപ്പിക്കാൻ അച്ഛൻ ശ്രമിച്ചെങ്കിലും അതത്ര വിജയിച്ചില്ല. മുഖത്തൊരു ചിരി പിടിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും, ഇന്നുവിന്റെ കണ്ണടക്ക് താഴെക്കൂടെ കണ്ണീരൊഴുകുന്നത് അച്ഛൻ കണ്ടു. അവിടന്നിറങ്ങുമ്പോൾ അച്ഛൻ സംസാരിച്ചത് ഹൃദയം കൊണ്ടായിരുന്നു’, അനൂപ് സത്യൻ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ‘സ്‌പോര്‍ട്‌സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത്’; പാക് ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് വരാന്‍ അനുമതി

അനൂപ് സത്യന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

അച്ഛനെക്കുറിച്ച് പറഞ്ഞു തുടങ്ങാൻ, അമ്മയുടെ കൂടെയുള്ള ഒരു പഴയ സംഭവം ഓർത്തെടുക്കുകയാണ്. ഞാനന്ന് ആറാം ക്ളാസിലോ മറ്റോ ആണ്. ചേട്ടൻ അരുണിനെ തൃശ്ശൂർ ടൗണിലുള്ള ഒരു ട്യൂഷൻ സെന്ററിൽ ചേർത്ത്, തിരിച്ചു ബസ് സ്റ്റാന്റിലേക്കു നടക്കുകയാണ് അമ്മയും ഞാനും. റോഡരികിലെ ഒരു പെട്ടിക്കടയിൽ ആളുകൾ സോഡാ സർബത്ത് കുടിക്കുന്നത് കണ്ടപ്പോൾ എനിക്കുമത് വേണം. അമ്മ അത് വാങ്ങി തന്നു. പക്ഷെ ഒരിറക്ക് കുടിച്ചപ്പോൾതന്നെ മതിയാക്കി, ഗ്ലാസ് അമ്മക്ക് കൊടുത്തു ഞാൻ മാറി നിന്നു. എന്റെ തൊട്ടുപുറകിലുള്ള മതിലിൽ ആ വർഷം ഇറങ്ങിയ അച്ഛന്റെ സിനിമയുടെ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. ബസ്സിൽ പോകുന്നവരും മറ്റും തല വെട്ടിച്ച് അതിലേക്ക് നോക്കുന്നുമുണ്ട്. “നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഇതിന്റെ സംവിധായകന്റെ മകനെയാണ്” എന്ന മട്ടിൽ നിന്ന എന്റെ മുന്നിൽ ഞാൻ കാണുന്നത്, വെയിലും പൊടിയും കൊണ്ട്, തിരക്കുള്ള റോഡരികിൽ നിന്ന് സോഡാ സർബത്ത് കഷ്ടപ്പെട്ട് കുടിച്ചു തീർക്കുന്ന അമ്മയെയാണ്. ഇതാണ് ജീവിതത്തിൽ ഞാൻ ആദ്യമായി ശ്രദ്ധിച്ച ‘സത്യൻ അന്തിക്കാട് ഫ്രെയിം’. സാധാരണക്കാരന്റെ കഥകൾ പറയാൻ ഒരു സാധാരണക്കാരനായി ജീവിച്ചാൽ മതിയെന്ന ഈ ‘അച്ഛൻ ടെക്നിക്’ പിന്നീടങ്ങോട്ട് ഞങ്ങളെ സഹായിച്ചിട്ടുണ്ട്.

ALSO READ: ‘പുകവലിയും മദ്യപാനവുമില്ലാത്ത ഒരു അച്ഛനുണ്ടാവുക എന്നത് ഭാഗ്യമാണ്’: സത്യൻ അന്തിക്കാടിനെ കുറിച്ച് അഖിൽ സത്യൻ

ഞാനും അഖിലും സിനിമയിൽ എത്തുമെന്ന് അച്ഛൻ തീരെ പ്രതീക്ഷിച്ചിട്ടില്ല (ഞങ്ങളും). വീട്ടിൽ വല്ലപ്പോഴും വന്നിരുന്ന ജേർണലിസ്റ്റുകൾ അച്ഛന്റെ ഇന്റർവ്യൂ എടുത്തുകഴിഞ്ഞു അവസാനമായി “മക്കൾക്ക്‌ സിനിമയിൽ താത്പര്യം ഉണ്ടോ” എന്ന് ചോദിക്കുമ്പോൾ “ഇല്ല” എന്നു വളരെ കോൺഫിഡന്റ് ആയി അച്ഛൻ പറയുമായിരുന്നു. അത് കേട്ട് “ഓ.. നമ്മൾക്ക് താത്പര്യം ഇല്ല” എന്ന് ഞങ്ങളും വിശ്വച്ചിരുന്നു. അല്പം വായന ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ കലാപരമായി യാതൊരു കഴിവും ഞങ്ങൾ പുറത്തെടുത്തിരുന്നില്ല. അല്ല, ഒരിക്കൽ പുറത്തെടുത്തിരുന്നു. പണ്ട് ഞങ്ങൾ മൂന്നു പേരും കൂടി ഒരു പാട്ടെഴുതി കമ്പോസ് ചെയ്തു ഒരു ദിവസം മുഴുവൻ പാടി നടന്നു. പിറ്റേന്ന് മുറിയടിച്ച് വാരുമ്പോൾ അമ്മക്കാ കടലാസ് കിട്ടി. അച്ഛൻ വീട്ടിൽ വന്ന സമയത്ത് അമ്മ അത് അച്ഛനെ കാണിച്ചു. വായിച്ച ഉടനെ “ഇവരോടിനി പാട്ട് എഴുതരുത് എന്ന് പറയണം” എന്നു പറഞ്ഞു അച്ഛൻ അത് കീറി കളഞ്ഞിരുന്നു. (അതിന്റെ വരികൾ മൊത്തം എനിക്കിപ്പോഴും ഓർമയുണ്ട്. അച്ഛനെ കുറ്റം പറയാൻ പറ്റില്ല).

ALSO READ: വിഷാദവും പട്ടണിയും; ഇന്ത്യന്‍ പൗരയായ വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

മുതിർന്നതിനു ശേഷം, ജോലി രാജി വച്ച്, സിനിമ പ്രൊഫഷൻ ആക്കി മാറ്റാൻ ഞാനും അഖിലും തീരുമാനിച്ച സമയത്തു അച്ഛൻ ഞങ്ങളെ കൺഫ്യൂസ് ചെയ്തിട്ടില്ല. അതിനകത്തുള്ള റിസ്കിനെക്കുറിച്ചും, ടെൻഷനെക്കുറിച്ചും, ‘അച്ഛന്റെ മക്കൾ’ എന്ന ഭാരത്തെക്കുറിച്ചും ഓർമിപ്പിച്ച് പേടിപ്പിച്ചിട്ടില്ല. “സ്വയം പറ്റിക്കാതെ, ഏറ്റവും ആത്മാർത്ഥമായി ജോലി ചെയ്യുക. ഇതിന്റെ കൂടെ വരുന്നതല്ല, ഇത് മാത്രമായിരിക്കണം നമ്മുടെ സന്തോഷം” എന്ന് മാത്രമേ പറഞ്ഞുള്ളൂ. എന്തിനാണ് ചെറുപ്പത്തിൽ സിനിമ ഞങ്ങളിൽ നിന്നും അച്ഛൻ അല്പം നീക്കി വെച്ചത് എന്ന്, അടുത്ത സിനിമക്ക് വേണ്ടി എഴുതാൻ ഇരിക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. നല്ല മനക്കരുത്ത് വേണ്ട ഒരു ജോലിയാണിത്. പുറകിൽ എത്ര വിജയങ്ങളുണ്ടാക്കിയാലും, തൊട്ടടുത്ത സിനിമയുടെ വെളിച്ചത്തിനായി നമ്മൾ സ്വയം ഉരുകിയൊലിക്കുക തന്നെ വേണം. സംവിധായകനായി നാൽപതു വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊരു എളുപ്പപ്പണിയാണ് എന്നൊരു ഭാവം അച്ഛനിൽ കണ്ടിട്ടില്ല. ഇപ്പോഴും അടുത്ത സിനിമ മികച്ചതാക്കാൻ വേണ്ടി അച്ഛൻ അന്തിക്കാടിരുന്നു ഉരുകുന്നുണ്ട്.

ALSO READ: യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചു; പ്രതി പിടിയിൽ

സിനിമയിൽ വന്നതിനു ശേഷമാണ് അച്ഛൻ എന്ന സംവിധായകനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. അഖിലാണ് അച്ഛന്റെ സഹസംവിധായകനായി ജോലി ചെയ്തു അച്ഛനെ കൂടുതൽ പഠിച്ചിട്ടുള്ളത്. എന്റെ ആദ്യ സിനിമ സംവിധാനം ചെയ്തതിനു ശേഷമാണ് ഞാൻ അച്ഛന്റെ കൂടെ ഒരു സിനിമയിൽ ജോലി ചെയ്തത്. എഴുത്തുകാർ മാറി വരുമ്പോഴും, ഏതാണ്ട് എല്ലാ സീനുകളിലും അച്ഛന്റെ ഒരു കയ്യൊപ്പു കാണാം. ഒരു സിനിമ, സംവിധായകന്റെയായി മാറുന്നത് അവിടെയാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഒരു സീൻ എടുക്കുന്നതിനു മുൻപ് അച്ഛൻ അത് സ്വന്തം കൈ കൊണ്ട് പേപ്പറിൽ പകർത്തിയെഴുതും. 57 സിനിമകൾ കഴിഞ്ഞിട്ടും, സ്ക്രിപ്റ്റ് ഡിജിറ്റലായി മാറിയ ഈ കാലത്തും അച്ഛൻ അതിനു മുടക്കം വരുത്തിയിട്ടില്ല. ഒരു സീനിന്റെ എഡിറ്റിങ് ആദ്യം ചെയ്യേണ്ടത് പേപ്പറിലാണ് എന്ന ഏറ്റവും വിലയുള്ള പാഠമാണ് അത്. ലൊക്കേഷനിലെത്തിക്കഴിഞ്ഞാൽ ഒരുപാടാളുകളുടെ സമയവും അദ്ധ്വാനവും ലാഭിക്കാൻ ഈ ഒരൊറ്റക്കാര്യം കൊണ്ട് പറ്റും.

ALSO READ: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി

ഞാൻ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നതിനിടെ, അല്പം പ്രായം ചെന്ന ഒരു ലൈറ്റ് ബോയ് ചേട്ടൻ അച്ഛനെക്കുറിച്ച് പറഞ്ഞൊരു കഥയുണ്ട്. അച്ഛന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് രാത്രി നടക്കുകയാണ്. അത്യാവശ്യം ലൈറ്റപ്പ് ചെയ്യേണ്ട സീനാണ്. നല്ല ഭാരമുള്ള ലൈറ്റുകളുമായി ഇവർ ഉയരത്തിൽ ഉള്ള മരത്തിലും മറ്റും കയറണം. അക്ഷമനായ ക്യാമറാമാൻ “സമയം കളയാതെ ഒന്ന് പെട്ടെന്ന് കയറടോ” എന്നോ മറ്റോ പറഞ്ഞു ഈ ചേട്ടനോട് ബഹളം വെച്ച് തുടങ്ങിയപ്പോൾ അച്ഛൻ മൈക്കിൽ പറയുകയാണ് – “അയാൾ സേഫ് ആയി കയറി, അതവിടെ കെട്ടി, സമാധാനത്തോടെ തിരിച്ചു താഴെയിറങ്ങാനുള്ള സമയം കൂടി കണക്കാക്കിയാണ് ഈ സീൻ പ്ലാൻ ചെയ്തിരിക്കുന്നത്. ആരും തിരക്ക് പിടിക്കേണ്ട. വഴക്കു കേട്ട് ജോലി ചെയ്തു ശീലിച്ച ഇവർക്ക് ഈ ഒരൊറ്റ ഡയലോഗിൽ കിട്ടുന്ന സന്തോഷം ചെറുതൊന്നുമല്ല. ‘സത്യൻ അന്തിക്കാടിന്റെ’ സെറ്റ് ഒരു കുടുംബം പോലെയാകുന്നത് നടീനടന്മാർക്കു മാത്രമല്ല എന്ന് അന്നെനിക്ക് മനസിലായി.

ALSO READ: ‘അച്ഛന് നക്സൽ പശ്ചാത്തലം ഉള്ളത് കൊണ്ട് ഉറപ്പിച്ച കല്യാണം വേണ്ടെന്ന് വച്ചു’, പക്ഷെ വാശിയ്ക്ക് മുൻപിൽ തോറ്റു പോയി: നിഖില വിമൽ

സിനിമയിലും ജീവിതത്തിലും അച്ഛൻ ഏറ്റവും നന്നായി ചെയ്യുന്നത് ‘പീപ്പിൾ മാനേജ്‌മെന്റ്’ ആണ്. വളരെ അനായാസമായാണ് ആളുകളുമായി ഇടപഴകുന്നത്. ചെറിയ തമാശകളും, കുഞ്ഞു കഥകളും കണക്ട് ചെയ്തു ഒരു സീൻ ഷൂട്ട്‌ ചെയ്യുന്ന ഒഴുക്കോടെയാണ് സംഭാഷണങ്ങൾ കൊണ്ട് പോവുക. ചിലപ്പോൾ അതിനു ഭാഷ പോലും തടസ്സമാകാറില്ല. വീട്ടിൽ പുതുതായി ജോലിക്കു വന്ന ബംഗാളിയോട് പറമ്പിലെ പണികൾ അനായാസമായി പറഞ്ഞു കൊടുക്കുന്ന അച്ഛനെ ഞാൻ ഇപ്പോൾ കാണുന്നുണ്ട്. ഇതിനു മുൻപ് നിന്നിരുന്നയാളോട് ചില കാര്യങ്ങൾ ഹിന്ദിയിൽ പറഞ്ഞു മനസിലാക്കാൻ അച്ഛന് എന്റെ സഹായം ആവശ്യം ഉണ്ടായിരുന്നു. പുതുതായി വന്നയാൾക്ക് ഹിന്ദി അറിയാത്തത് കൊണ്ട് കാര്യങ്ങൾ എളുപ്പമാണെന്നാണ് അച്ഛൻ പറയുന്നത്. അച്ഛൻ മലയാളത്തിൽ പറയുന്നത്തിന് ബംഗാളിയിൽ മറുപടി പറഞ്ഞു അയാൾ ജോലികൾ സ്മൂത്ത് ആയി ചെയ്യുന്നുണ്ട്.

ALSO READ: 20 മിനിറ്റിനിടെ കുടിച്ചത് രണ്ട് ലിറ്റര്‍ വെള്ളം; 35കാരിക്ക് ദാരുണാന്ത്യം

അത്രയും വേണ്ടപ്പെട്ടവർ മരിച്ചു പോകുമ്പോൾ മാത്രമാണ് അച്ഛൻ കരയുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഇന്നസെന്റ് അങ്കിൾ സീരിയസായി വെന്റിലേറ്ററിൽ കിടക്കുന്ന സമയത്ത് ആശുപത്രിയിൽ വച്ച് ഞാൻ അച്ഛനെ ശ്രദ്ധിച്ചിട്ടുണ്ട്. ഉള്ളിൽ തകർന്നിരിക്കുകയാണെങ്കിലും ആലീസാന്റിയെയും, സോനു ചേട്ടനെയും രശ്മി ചേച്ചിയെയും അങ്കിളിന്റെ പഴയ തമാശകൾ ഓർമ്മിപ്പിച്ചു അച്ഛൻ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടേക്ക് അപ്പാപ്പനെ കാണാൻ ഇന്നസെന്റങ്കിളിന്റെ പേരക്കുട്ടികൾ ഇന്നുവും അന്നയും വന്നു. അവരെയും സമാധാനിപ്പിക്കാൻ അച്ഛൻ ശ്രമിച്ചെങ്കിലും അതത്ര വിജയിച്ചില്ല. മുഖത്തൊരു ചിരി പിടിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും, ഇന്നുവിന്റെ കണ്ണടക്ക് താഴെക്കൂടെ കണ്ണീരൊഴുകുന്നത് അച്ഛൻ കണ്ടു. അവിടന്നിറങ്ങുമ്പോൾ അച്ഛൻ സംസാരിച്ചത് ഹൃദയം കൊണ്ടായിരുന്നു. “ഒരാളും സ്വന്തം കുടുംബത്തെ ഇത്രക്കും സ്നേഹിക്കരുത്. എപ്പോഴും കൂടെയുണ്ടാകുമെന്നു വിശ്വസിപ്പിച്ചു അവരെ പറ്റിക്കരുത്.” അച്ഛനെ ഇപ്പോഴും ഇന്നസെന്റ് അങ്കിൾ പറ്റിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒരു തമാശ കിട്ടിയാൽ അച്ഛനിപ്പോഴും ഫോണിൽ അറിയാതെ ആദ്യം തിരയുന്നത് അങ്കിളിന്റെ നമ്പർ ആണ്.

ALSO READ: ഒമാനിലെ കസബിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

ഒന്നാലോചിച്ചാൽ അച്ഛന്റെ ജീവിതം അല്പം സിനിമാറ്റിക് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ബസ് കണ്ടക്ടറിന്റെ മകനായി ജനിച്ചു. പതിനേഴാം വയസിൽ സിനിമ പഠിക്കാൻ അന്തിക്കാട് നിന്നും മദ്രാസിലേക്ക് വണ്ടി കയറി, തിരക്ക് പിടിച്ച സഹസംവിധായകനായി, ഗാന രചയിതാവായി. കുട്ടിക്കാലം മുതലിഷ്ടപ്പെട്ട പെൺകുട്ടിയെ ഒളിച്ചോടി കൊണ്ട് പോയി കല്ല്യാണം കഴിച്ചു. ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ നിർമാതാവ് വെടിയേറ്റു മരിച്ചു അത് നിന്ന് പോയിട്ടും, വീണ്ടും ഒന്നിൽ നിന്ന് തുടങ്ങി 57 സിനിമകൾ സംവിധാനം ചെയ്തു. ദേശീയ, സംസ്ഥാന അവാർഡുകൾ വാങ്ങി. ഇൻഡസ്ട്രയിൽ വന്നിട്ട് 50 വർഷം കഴിഞ്ഞിട്ടും ഏറ്റവും കച്ചവട മൂല്യമുള്ള സംവിധായകരിൽ ഒരാളായി ഇപ്പോളും നിൽക്കുന്നു. അങ്ങനെ ഒരുപാട് ട്വിസ്റ്റുകളും സസ്‌പെൻസും നിറഞ്ഞ ജീവിതം. ‘ഡ്രീം പ്രോജക്ട്’ എന്താണെന്നു ചോദിച്ചാൽ അടുത്ത് ചെയ്യാനിരിക്കുന്ന സിനിമയാണ് എന്നാണു അച്ഛനിപ്പോഴും പറയുന്നത്. അമിതമായി ആഗ്രഹിച്ചിട്ടില്ലെങ്കിലും, ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നേടിയെടുത്ത ആളാണ്. എന്റെ ഓർമ്മയിൽ, ബാക്കി നിൽക്കുന്ന ഒരു ആഗ്രഹമായി അച്ഛൻ ആകെ പറഞ്ഞിരിക്കുന്നത് എന്റെ കല്യാണമാണ്. മറ്റു രണ്ടു സഹോദരങ്ങളും കുടുംബമായി ജീവിക്കുമ്പോൾ, നീ മാത്രം ഫ്രീ ബേഡ് ആയി നടക്കുന്നത് അത്ര ശരിയല്ല എന്നാണ് അച്ഛൻ പറയുന്നത്. അടുത്തിടെയായി ഏതൊരു സംഭാഷണവും വളച്ചൊടിച്ച് കല്ല്യാണത്തിലേക്കെത്തിക്കുന്നുമുണ്ട്.

ALSO READ: ‘സൗദിയിൽ വിരുന്നിനെത്തിയ ഇന്ത്യൻ കാക്കകൾക്ക് തിരികെ വരാൻ മടി’, പെറ്റു പെരുകി ജീവിതം തുടരുന്നു: നടപടി എടുക്കാനൊരുങ്ങി പരിസ്ഥിതി വകുപ്പ്

ഒന്നാലോചിച്ചാൽ എനിക്കതിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യം ഉണ്ട്. ഞാൻ കേട്ടതിൽ വച്ചേറ്റവും മികച്ച ‘പ്രൊപ്പോസൽ’, ഒളിച്ചോടാൻ തീരുമാനിച്ചപ്പോൾ അച്ഛൻ അമ്മയോട് പറഞ്ഞ ഡയലോഗ് ആണ് . “നമുക്ക് നമ്മുടെ വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല. ഒരുമിച്ച് ജീവിച്ചു കാണിച്ച് കൊടുക്കാനേ പറ്റൂ” എന്ന് . ഇത് 3 ഭാഷകളിലേക്ക് തർജമ ചെയ്തു ഞാൻ പഠിച്ച് വെച്ചിട്ടുണ്ട്. അത് എന്നെങ്കിലും, എവിടെയെങ്കിലും ഞാൻ ചിലവാക്കിയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News