തൃശൂർ ചേലക്കരയിൽ രമ്യാ ഹരിദാസിനെതിരെ വീണ്ടും പോസ്റ്റർ. ചേലക്കര ഉദുവടി പള്ളിപ്പടി ബസ് സ്റ്റോപ്പിലാണ് നോട്ടീസുകളും പോസ്റ്റുകളും കണ്ടെത്തിയത്. ജനങ്ങൾ കൈവിട്ട മുൻ ആലത്തൂർ എംപിയെ ചേലക്കരയിൽ കെട്ടി ഇറക്കരുത് എന്നാണ് പോസ്റ്ററിൽ പറയുന്നത്. ആലത്തൂർ ലോകസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയിലെ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടക്കുന്നതിനിടയിലാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചേലക്കര ഉദുവടിയിലെ പള്ളിപ്പടി ബസ്റ്റോപ്പിൽ ബുധനാഴ്ച രാവിലെയാണ് പോസ്റ്ററുകൾ കണ്ടെത്തിയത്.
Also read:ലോക്‌സഭയില്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും പങ്കെടുക്കാതെ ശശി തരൂര്‍ എംപി
ചുവരിൽ പതിപ്പിക്കാനുള്ള സ്റ്റിക്കറുകളും പോസ്റ്ററിൽ ഉണ്ടായിരുന്നു. സാധാരണ കോൺഗ്രസുകാരെ ഇനിയും പരീക്ഷിക്കരുതെന്നും ജനങ്ങൾ കൈവിട്ട മുൻ ആലത്തൂർ എംപിയെ ചേലക്കരയിൽ കെട്ടിയിറക്കരുതെന്നും പോസ്റ്ററിൽ പറയുന്നു. ഇക്കഴിഞ്ഞ ജൂൺ പത്താം തീയതിയും രമ്യ ഹരിദാസിനെതിരെ ചേലക്കരയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ചേലക്കരക്കാർക്ക് തങ്ങളെ അറിയുന്ന ഒരു സ്ഥാനാർത്ഥി മതി എന്നായിരുന്നു സേവ് കോൺഗ്രസിൻ്റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ സൂചിപ്പിച്ചിരുന്നത്. രമ്യ ഹരിദാസിനെ ചേലക്കരയിൽ മത്സരിപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് ആദ്യം പോസ്റ്റുകൾ വന്നത്. ചേലക്കരയിൽ മത്സരിക്കാൻ തയ്യാറാണെന്ന സൂചന നൽകി രമ്യ ഹരിദാസും പ്രതികരിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെ പുതിയ പോസ്റ്റുകളും നോട്ടീസുകളും പ്രത്യക്ഷപ്പെട്ടത്. രമ്യ ഹരിദാസിനെ ചേലക്കരയിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ മണ്ഡലത്തിലെ ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകർക്കും വലിയ പ്രതിഷേധമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here