നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും കോഴഞ്ചേരി വൈഎംസിഎയും കൈകോർത്ത് കോഴഞ്ചേരി മാർത്തോമാ സീനിയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ പ്രചരണ പരിപാടി സംഘടിപ്പിച്ചു. കെയർ ആൻഡ് ഷെയറിന്റെ വഴികാട്ടി പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം മാർത്തോമാ സഭ റാന്നി, നിലക്കൽ ഭദ്രാസന അധിപൻ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപൊലിത്ത നിർവഹിച്ചു. ഭാരതമെന്ന മഹത്തായ മതേതര രാഷ്ട്രത്തിനു വിവിധ തലത്തിൽ ജനസമ്മതനായ മമ്മൂട്ടി നൽകുന്ന സേവനങ്ങൾ എടുത്തു പറയാവുന്നവയാണെന്ന് ഉദ്ഘാടനത്തോടൊപ്പം അദ്ദേഹം പറഞ്ഞു. കുട്ടിക്കാനം മരിയൻ കോളേജിലെ മുൻ പ്രധാന അധ്യാപകനായിരുന്ന ഡോ. റൂബിൾ രാജ് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി.
Also Read ; യുജിസി നെറ്റ് ഫലം ജനുവരി 17ന് പ്രഖ്യാപിക്കും
മദ്യം, മയക്കുമരുന്ന് അടങ്ങിയ ലഹരിപദാർത്ഥങ്ങൾ നമ്മുടെ വ്യക്തി ജീവിതത്തെ മാത്രമല്ല രാജ്യത്തിന്റെ വികസന പാതയിലും തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം ചടങ്ങിൽ എടുത്തു പറഞ്ഞു. ജീവിതമാണ് ഏറ്റവും വലിയ ലഹരി എന്ന മമ്മൂട്ടിയുടെ സന്ദേശം അദ്ദേഹം കുട്ടികളെകൊണ്ട് ആവർത്തിച്ചു ചൊല്ലിച്ചു.
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ആമുഖ പ്രഭാഷണം നടത്തി. കെയർ ആൻഡ് ഷെയർ മാനേജിങ് ട്രസ്റ്റീ റോയ് മാത്യു മുത്തൂറ്റ് ലഹരി വിരുദ്ധ സന്ദേശവും ആശംസകളും കുട്ടികൾക്കു നൽകി. വൈഎംസിഎ പ്രസിഡന്റ് ഫിലിപ്പ് മാമൻ, സെക്രട്ടറി സിറിൽ സി മാത്യു, വൈഎംസിഎ പ്രോഗ്രാം കൺവീനർ നിജിത്ത് വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ ലാലി ജോസ്, സ്കൂൾ സെക്രട്ടറി മാത്യു ജോർജ്, ഫാ. തോമസ് മാത്യു എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ ലീഡർ ദേവിക അനിൽ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here