രാജ്യത്തിന്റെ ഭാവിയെ ഇരുട്ടിലാഴ്ത്തുന്ന ഹിന്ദുത്വക്കെതിരെ കന്നഡ ജനത നടത്തിയ ഉജ്വല പോരാട്ടം ഇന്ത്യക്കാകമാനം വഴികാണിക്കുകയാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആഴ്ചകളോളം കര്‍ണാടകത്തിലൂടെ പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടത്തിയിട്ടും ബി.ജെ.പിക്ക് ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്നില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് മതേതരത്വത്തിന്റെ വിജയമാണ്. മോദിയുടെ കോട്ടിഘോഷിക്കപ്പെട്ട പ്രതിച്ഛായയും പ്രകീര്‍ത്തിക്കപ്പെടുന്ന ‘കരിസ്മ’യും ജനഹിതത്തിനു മുന്നില്‍ ഒന്നുമല്ലെന്നും തെളിയിക്കപ്പെട്ടു.
ഹിജാബ്-ഹലാല്‍ വിവാദങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ആര്‍.എസ്.എസിന്റെ ഗൂഢപദ്ധതിയാണ് തകര്‍ക്കപ്പെട്ടത്. മുസ്‌ലിം വിരുദ്ധ വികാരമുണര്‍ത്താന്‍ നാലു ശതമാനം സംവരണം എടുത്തുകളഞ്ഞ വര്‍ഗീയ നടപടി ബൂമറാങ്ങായി മാറി. കര്‍ണാടകത്തിലൂടെ തമിഴ്‌നാട്ടിലും തെലങ്കാനയിലും ഒടുവില്‍ കേരളത്തിലും പരന്നൊഴുകാനുള്ള ഹിന്ദുത്വ മോഹമാണ് ഈ തെരഞ്ഞെടുപ്പ് പരാജയത്തോടെ പൊലിഞ്ഞത്.
ജനം താലത്തില്‍ വെച്ചുകൊടുത്ത വിജയത്തിന്റെ തിളക്കത്തിന് മങ്ങലേല്‍പിക്കുന്ന ഏത് നീക്കം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here