മുഹമ്മദ് അബ്ദുറഹിമാന്‍റെ പേര് ഇസ്ലാമികവല്‍ക്കരിക്കുന്ന സംഘപരിവാര്‍ നിലപാട് ചരിത്രവിരുദ്ധം; സിപിഐഎം

കണ്ടംകുളത്തെ സ്വാതന്ത്ര്യ ജൂബിലി ഹാളിന് സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദു റഹിമാന്‍റെ പേര് നല്‍കുന്നത് ഇസ്ലാമികവല്‍ക്കരണമാണെന്ന രീതിയില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ഒന്നിച്ച് പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇത്തരം വര്‍ഗീയ പ്രചാരണങ്ങള്‍ കോഴിക്കോടിന്‍റെയും വിശിഷ്യാ തളിയുടെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും അപമാനിക്കുന്നതാണ്. തളിക്ഷേത്രവും മിശ്ക്കൽ പള്ളിയുമെല്ലാം കോഴിക്കോടിന്‍റെ പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ്. മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകങ്ങളാണ്.

തളിയുടെ പൈതൃക സംരക്ഷണത്തിനും വികസനത്തിനുമായി നിരവധി പദ്ധതികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. മുന്‍ എംഎല്‍എ എ.പ്രദീപ് കുമാറും ഇപ്പോള്‍ മന്ത്രി പിഎ മുഹമ്മദ് റിയാസും പ്രത്യേക താല്‍പര്യമെടുത്ത് നടപ്പാക്കിയ പദ്ധതികളുടെ കാര്യം തളിയിലെ വിശ്വാസി സമൂഹത്തിനാകെ അറിവുള്ളതാണ്. ഇപ്പോള്‍ തീര്‍ത്ഥാടന ടൂറിസത്തിന്‍റെ ഭാഗമായി നിരവധി പദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങളെയൊക്കെ മറച്ചു പിടിച്ചു കൊണ്ട് അനാവശ്യ വിവാദമുണ്ടാക്കാനും വര്‍ഗീയ വിഭജനമുണ്ടാക്കാനുമാണ് ജനം ടിവിയും സംഘപരിവാര്‍ സംഘടനകളും ഇറങ്ങി തിരിച്ചിരിക്കുന്നത്. ഈ വിധത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തി കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയിലെ സൗഹൃദവും ഐക്യവും തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

കണ്ടംകുളത്തെ ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹിമാന്‍റെ പേര് നല്‍കുന്നത്, ഇസ്ലാമികവല്‍ക്കരണമായി കാണാന്‍ വര്‍ഗീയവിദ്വേഷത്തിന്‍റെ തിമിരം ബാധിച്ച മതാന്ധര്‍ക്കേ കഴിയൂ. ഈ നിലപാട് കുഞ്ഞാലി മരക്കാരെ സേനാധിപനായി വാഴിച്ച് പോര്‍ച്ചുഗല്‍ ആധിപത്യത്തിനെതിരെ പോരാടിയ, സാമൂതിരിയോടുള്ള അവഹേളനം കൂടിയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഹിന്ദു-മുസ്ലിം മൈത്രി തകര്‍ക്കുകയും സാമൂഹ്യ സൗഹാര്‍ദ്ദത്തെ ഇല്ലാതാ ക്കുകയും ചെയ്യുക എന്ന ബിജെപി അജണ്ടയുടെ ഭാഗമായ ഹീനമായ പ്രചരണമാണിപ്പോള്‍ നടക്കുന്നത്. ദേശസ്നേഹത്തിന്‍റെയും മതനിരപേക്ഷതയുടെയും പ്രതീകമായി മുഹമ്മദ് അബ്ദറിമാന്‍റെ നാമം ജൂബിലി മന്ദിരത്തിന് നല്‍കുന്നതിനെ ഇസ്ലാമിക വല്‍ക്കരണമായി പ്രചരിപ്പിക്കുന്നവരുടെ ദുഷ്ടലാക്കും രാഷ്ട്രീയ അജണ്ടയും എല്ലാവിഭാഗം ജനങ്ങളും തിരിച്ചറിയണമെന്നും ഇത്തരം ക്ഷുദ്രശക്തികളെ ഒറ്റപ്പെടുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എല്ലാവിധ വര്‍ഗീയ ശക്തികള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ചരിത്രവും പാരമ്പര്യവുമാണ് മുഹമ്മദ് അബ്ദറഹിമന്റേത്. കേളപ്പനും മുഹമ്മദ് അബ്ദുറഹിമാനും കൃഷ്ണപിള്ളയുമെല്ലാം തളിക്ഷേത്രത്തിനടുത്തുള്ള വേര്‍കോട്ട് ഹൗസിലിരുന്നാണ് മലബാറിലെ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയതെന്ന കാര്യം സ്വാതന്ത്ര്യസമരത്തില്‍ നിന്നും മുഖം തിരിഞ്ഞ് നിന്ന ഹിന്ദുത്വവാദികളുടെ പിന്മുറക്കാർക്കറിയാൻ സാധ്യതയില്ലല്ലോ. കോഴിക്കോടിന്‍റെ പാരമ്പര്യം ഹിന്ദു മുസ്ലിം മൈത്രിയുടെയും കൊളോണിയല്‍ ശക്തികള്‍ക്കെതിരായ ഒന്നിച്ചു നിന്ന പോരാട്ടത്തിന്‍റെതുമാണ്. സാമൂതിരിയും സയിദ് മഖ്ദൂമും മരക്കാര്‍ സേനയും ഒന്നിച്ച് നിന്ന് നടത്തിയ പോരാട്ടത്തിന്‍റെ ചരിത്രമാണ് കോഴിക്കോടിന്‍റെ പാരമ്പര്യം.

1930 ല്‍ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നടന്ന നിയമ ലംഘന സമരങ്ങള്‍ക്ക് ബ്രിട്ടീഷ് പോലീസിനെ വെല്ലുവിളിച്ചു കൊണ്ട് നേതൃത്വം നല്‍കിയവരില്‍ മുന്നില്‍ നിന്നത് മുഹമ്മദ് അബ്ദുറഹിമാനായിരുന്നു. കോഴിക്കോടും പയ്യന്നൂരും നടന്ന ഉപ്പ് സത്യാഗ്രഹ സമരങ്ങളില്‍ ബ്രിട്ടീഷ് പോലീസിന്‍റെ മര്‍ദ്ദനങ്ങളേറ്റുവാങ്ങിയ വീരപുത്രന്‍റെ നാമം സ്വാതന്ത്യസമരജൂബിലി ഹാളിന് നല്‍കാനുള്ള കോര്‍പ്പറേഷന്‍ കൗണ്‍സിലിന്‍റെ തീരുമാനം എന്തുകൊണ്ടും ഉചിതവും നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്‍റെയും മതനിരപേക്ഷതയുടെയും പാരമ്പര്യത്തെ ജനമനസുകളില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ഉചിതമായ നടപടിയുമാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News