വീടിനുള്ളില്‍ ദുര്‍ഗന്ധം, മകളെ കാത്തിരുന്ന അച്ഛനും അമ്മയ്ക്കും ലഭിച്ചത് പുതപ്പില്‍പ്പൊതിഞ്ഞ പഴക്കമുള്ള മൃതദേഹം

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപിക അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇടുക്കിക്കാര്‍. കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി കാത്തിരുന്ന വീട്ടുകാര്‍ക്ക് ഒടുവില്‍ ലഭിച്ചത് പുതപ്പില്‍ പൊതിഞ്ഞ അനുമോളുടെ മൃതദേഹമാണ്.

27കാരിയായ പേഴുംകണ്ടം വട്ടമുകളേല്‍ അനുമോളുടെ മരണത്തില്‍ നാട്ടുകാരും വീട്ടുകാരും ദുരൂഹത ആരോപിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അനുമോളെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിന് പിന്നാലെ ഭര്‍ത്താവ് വിജേഷ് ഒളിവില്‍ പോയത് കേസിന്റെ ദുരൂഹത വര്‍ധിപ്പിച്ചു.

ശനിയാഴ്ച നടക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയാണ് അനുമോള്‍ വീട്ടിലെത്തിയത്. എന്നാല്‍ ശനിയാഴ്ച രാവിലെ സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ ഇറങ്ങിപ്പോയെന്ന് അറിയിച്ച ഭര്‍ത്താവ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് വിജേഷിനെ കാണാതെയുമായി.

മകള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാര്‍ പാമ്പാക്കട ജോണ്‍, ഫിലോമിന എന്നിവരെ ഭര്‍ത്താവ് വിജേഷ് ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ വീട്ടിലെത്തി. എന്നാല്‍ തങ്ങള്‍ കിടപ്പുമുറിയിലേക്ക് കയറാതിരിക്കാന്‍ വിജേഷ് മനപ്പൂര്‍വ്വം ശ്രദ്ധിച്ചിരുന്നുവെന്ന് അനുമോളുടെ അച്ഛനും അമ്മയും പറയുന്നു.

തുടര്‍ന്നാണ് വീട്ടുകാര്‍ മകളെ കാണാനില്ലെന്ന് കാണിച്ച് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഏകമകളെ വിജേഷ് വെങ്ങാലൂര്‍ക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച വീട്ടുകാര്‍ അനുമോളുടെ ഫോണിലേക്കു വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തതോടെ ദുരൂഹത വീണ്ടും വര്‍ധിച്ചു.

ചൊവ്വാഴ്ച അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്‌സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തി. പൂട്ടിയിട്ട നിലയിലുള്ള വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുവഭപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പ് കൊണ്ട് എന്തോ പുതപ്പിച്ചു വച്ചിരിക്കുന്നതായി സംശയം തോന്നി.

തുടര്‍ന്ന് പുതപ്പിന്റെ ഒരു അറ്റം നീക്കിയപ്പോള്‍ അനുവിന്റെ കൈ പുറത്തേക്ക് വരികയായിരുന്നു. ഇതുകണ്ട് ഇവര്‍ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here