അനുര കുമാര ദിസ്സനായകെ
ബാലറ്റിലൂടെ അധികാരത്തിൽ വന്ന വെറുമൊരു ശ്രീലങ്കൻ പ്രസിഡന്റിന്റെ പേരല്ല. മുതലാളിത്ത പ്രതിസന്ധികളെ തരണം ചെയ്യാൻ മാർക്സിസം തന്നെയാണ് ഏറ്റവും വലിയ പരിഹാരമെന്ന ഒരു ജനതയുടെ തന്നെ തിരിച്ചറിവിന്റെ പേരാണ് അനുര കുമാര ദിസ്സനായകെ. മാർക്സിസ്റ്റ് – ലെനിനിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിക്കാൻ ശ്രീലങ്കൻ ജനത തീരുമാനിച്ചിരിക്കുന്നു; മാറ്റം അത്യന്താപേക്ഷിതമാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര പ്രശ്നങ്ങളും ലങ്ക നേരിട്ടപ്പോഴും നീതിക്കുവേണ്ടി നടന്ന പ്രക്ഷോഭങ്ങളുടെ അമരക്കാരായി ദിസ്സനായകയുടെ ജനത വിമുക്തി പെരമുന ഉണ്ടായിരുന്നു. ഭരണപക്ഷത്തിന്റെ അനീതികൾക്കെതിരെ ജെവിപി മുൻപ് രണ്ട് തവണ വലിയ പോരാട്ടങ്ങൾ നടത്തിയെങ്കിലും ഭരണ നേതൃത്വത്തിലേക്കെത്താൻ സാധിച്ചിരുന്നില്ല. സായുധവിപ്ലവങ്ങളിലൂടെ മാറ്റം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്ന ജെവിപി അതുപേക്ഷിച്ച് ജനാധിപത്യത്തിലൂടെ അധികാരത്തിൽ വരാൻ ശ്രമിക്കുകയും വിജയം കൊയ്യുകയും ചെയ്തു. അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളുടെ കുരുക്കിൽ ശ്രീലങ്ക മുറുക്കിയപ്പോഴും ഭക്ഷണവും വെള്ളവും ഇന്ധനവുമില്ലാതെ ഒരു ജനതയാകെ വലഞ്ഞപ്പോഴും അവർക്കൊപ്പം നില്ക്കാൻ ജെവിപിക്കായി. മറ്റു ബൂർഷ്വാപാർട്ടികൾ പിന്തുടരുന്ന സമ്പന്ന അനുകൂല നിലപാടുകളാണ് ആ രാജ്യത്തിൻറെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമെന്ന് വിലയിരുത്താനും അത് ജനങ്ങളെ മനസിലാക്കാനും ജെവിപിക്കായി. ജെവിപിയിലെ നാഷണൽ പീപ്പിൾസ് പവർ അല്ലെങ്കിൽ എൻപിപി എന്ന ഇടതുകൂട്ടായ്മയ്ക്ക് വേണ്ടിയും അവിടുത്തെ ജനങ്ങൾക്ക് വേണ്ടിയും ദിസ്സനായകെ നടന്നുകയറിയ പടവുകൾ ചെറുതല്ല.
ദക്ഷിണേഷ്യയിൽ 1994ൽ നേപ്പാളിലാണ് ആദ്യമായി കമ്യൂണിസ്റ്റുകാർ തെരഞ്ഞെടുപ്പിലൂടെ ദേശീയതലത്തിൽ അധികാരത്തിലെത്തിയത്. മൂന്ന് പതിറ്റാണ്ടുപിന്നിടുമ്പോൾ ചരിത്രം തിരുത്തിയെഴുതി ലങ്കയും. സോഷ്യലിസ്റ്റ് രാഷ്‌ട്രം എന്ന ലക്ഷ്യത്തോടെ 1965ൽ ജെവിപി രൂപീകരിക്കപ്പെട്ടതിന്റെ 60–-ാം വാർഷികമാണ് അടുത്തവർഷം. രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കും സായുധപോരാട്ടങ്ങൾക്കും നീണ്ട അടിച്ചമർത്തലുകൾക്കുമൊക്കെ ഒടുവിൽ എല്ലാ അനീതികൾക്കും ബദലായി മാറുമെന്നുറപ്പുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ പിൻബലമുണ്ടായിരുന്നു ജെവിപിക്ക്. ആഭ്യന്തര യുദ്ധകാലത്ത് സിംഹള വംശീയതയോട് അടുത്ത നിലപാട് സ്വീകരിച്ചിരുന്നെങ്കിലും തമിഴ്, മുസ്ലീം വിഭാഗങ്ങൾക്കടക്കം തുല്യ പരിഗണന വാഗ്ദാനം ചെയ്‌താണ് അധികാരത്തിലേറുന്നത്. ‘ഞങ്ങൾ വിത്തുകളാണെന്ന അറിവില്ലാതെയാണ് അവർ ഞങ്ങളെ കുഴിച്ചുമൂടാൻ ശ്രമിച്ചത്’ എന്നാണ് 2015 ൽ ദിസ്സനായകെ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു പതിറ്റാണ്ടിനിപ്പുറം വളർന്ന് പന്തലിച്ച് ലങ്കയ്ക്ക് തണലാകുന്ന ജെവിപിയുടെ ചരിത്രവും തെളിയുകയാണ്.
Also Read: ഷിരൂരിൽ തിരച്ചിൽ നിർണായ ഘട്ടത്തിൽ; പുഴയിൽ നിന്ന് ലോഹഭാഗം കണ്ടെത്തി
അധികാരത്തുടര്‍ച്ചയ്ക്കായ് സ്വതന്ത്രനായി മത്സരിച്ച റനില്‍ വിക്രമസിംഗെയും ഇടതുപാര്‍ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുന്‍പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ മകന്‍ നമല്‍ രജപക്‌സെയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2000 മുതല്‍ പാര്‍ലമെന്റംഗമായ ദിസനായകെ ശക്തമായ അഴിമതിവിരുദ്ധ സന്ദേശമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 2022ല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കയില്‍ രാഷ്ട്രീയ വന്‍മരങ്ങളെ കടപുഴക്കിയാണ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് വക്താവ് കൂടെയായ ദിസ്സനായകെ ചരിത്രവിജയം നേടിയത്. സദ്ദുദ്ദേശത്തോടെയുള്ള സുദീർഘപോരാട്ടം വിജയം കാണുമെന്നതിന്റെ ഉദാഹരണം കൂടിയായി ദിസ്സനായകെ മാറി.
ഇടതു ഭരണത്തിൽ കേരളം ശ്രീലങ്ക പോലെയാകും എന്ന പ്രതിപക്ഷ പ്രതികരണങ്ങൾക്ക് മുന്നിലേക്ക് കേരളത്തെ പോലെയായ ശ്രീലങ്കയെ മുന്നോട്ട് വച്ചുകൊണ്ട് മാർക്സിസം മറുപടി പറയുകയാണ്. അക്ഷരാർത്ഥത്തിൽ മരതകദ്വീപാക്കാനുള്ള ശ്രീലങ്കൻ ജനതയുടെ ഇച്ഛാശക്തിക്കും നിലയ്ക്കാത്ത പോരാട്ടങ്ങളിലൂടെ ഒരു ജനതയുടെയാകെ അമരക്കാരനായ അനുര കുമാര ദിസ്സനായകെയ്ക്കും അഭിവാദ്യങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here