മൂന്നാമതും കുത്തുമ്പോ‍ഴാണ് സിറിഞ്ചില്‍ മരുന്നില്ലെന്ന് സ്നേഹ കാണുന്നത്: അനുഷയുടെ ശ്രമം പാളിയത് ഇങ്ങനെ

സ്നേഹയെ കൊലപ്പെടുത്തിയാല്‍ അവരുടെ ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കാനാകുമെന്ന പദ്ധതിയിലാണ് അനുഷ കൃത്യത്തിന് ഇറങ്ങുന്നത്. ആലപ്പു‍ഴ കണ്ടല്ലൂര്‍ സ്വദേശിനിയായ പ്രതിക്ക് മറ്റൊരു പ്ലാന്‍ കൂടി ഉണ്ടായിരുന്നു. കൊലപാതക ശ്രമം പാളിയാലും അരുണുമായുള്ള അടുപ്പം പുറത്തറിയിക്കാമെന്നതായിരുന്നു അത്.

പ്രസവാനന്തര ചികിത്സയില്‍ കുഞ്ഞിനൊപ്പം കിടക്കുന്ന സ്നേഹയുടെ സമീപം ഏതെങ്കിലും ഒരു പദ്ധതി വിജയിക്കുമെന്ന ഉറപ്പിലാണ് അനുഷ എത്തുന്നത്. വെള്ളിയാ‍ഴ്ച ഉച്ചയോടെയാണ് സംഭവം. തന്നെ എ‍ളുപ്പം തിരിച്ചറിയാതിരിക്കാൻ മാസ്കും തലയിൽ തട്ടവുമിട്ടിരുന്നു. ആശുപത്രിയിലെത്തി പ്രസവ വാർഡ് എവിടെയെന്നു തിരക്കി. വാർഡിലെത്തി സ്നേഹയുടെ പേരു പറഞ്ഞ് മുറി കണ്ടെത്തി.

ആ സമയം മുറിയില്‍ കുഞ്ഞും സ്നേഹയും മാത്രമേ ഉണ്ടായിരുന്നുള്ളു. കട്ടിലിൽ കിടക്കുകയായിരുന്ന സ്നേഹയോട് ഒരു കുത്തിവയ്പ് കൂടിയുണ്ടെന്നു പറഞ്ഞു. സ്നേഹയ്ക്ക് അനുഷയെ നേരത്തേ പരിചയമുണ്ടായിരുന്നെങ്കിലും മാസ്കും തലയിലെ തട്ടവും കാരണം ആളെ മനസ്സിലായില്ല. ആദ്യം കുത്തിയപ്പോൾ ഞരമ്പ് കിട്ടാതെ വന്നതോടെ വീണ്ടും കുത്തി. ഇതും ശരിയായില്ല. മൂന്നാമതും കുത്തിയപ്പോഴാണ് സ്നേഹ സിറിഞ്ചിൽ മരുന്ന് ഇല്ലെന്നു കണ്ടത്.

സംശയം തോന്നി അമ്മയെ വിളിച്ചു. മുറിക്കു പുറത്ത് നിൽക്കുകയായിരുന്ന അമ്മ അകത്തുകയറിയപ്പോൾ അനുഷ രക്ഷപ്പെടാൻ ശ്രമിച്ചു. ഉടനെ ആശുപത്രിയിലെ മറ്റു ജീവനക്കാർ ചേർന്ന് ഇവരെ തടഞ്ഞുവച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു.

ALSO READ: ഗര്‍ഭിണിയായ നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ചു; ടാക്‌സിഡ്രൈവർ അറസ്റ്റിൽ

ആശുപത്രിയിലേക്കു വരുന്ന വിവരം അരുണിനെ മുൻകൂട്ടി അറിയിച്ചിരുന്നെന്ന് അനുഷ പൊലീസിനു മൊഴി നൽകി. തന്‍റെ ഇളയച്ഛൻ ഇതേ ആശുപത്രിയിലുണ്ടെന്നും കാണാൻ വരുമ്പോൾ കുഞ്ഞിനെ കൂടി കാണണമെന്നുമാണ് അരുണിനോടു പറഞ്ഞത്.

ബിഫാം പഠനം ക‍ഴിഞ്ഞ അനുഷ, ശരീരത്തിലെ ഞരമ്പിലേക്കു വായു കുത്തിവച്ചാൽ മരണംവരെ സംഭവിക്കുമെന്നാണ് മനസ്സിലാക്കിയിരുന്നതെന്നും പൊലീസിനു മൊഴി നൽകി. കഴിഞ്ഞ മാസം 26നാണ് സ്നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നാം തീയതി പെൺകുഞ്ഞിനെ പ്രസവിച്ചു. അക്രമ സംഭവത്തെ തുടർന്നു ഇവർ ഇപ്പോഴും ആശുപ്രത്രിയിൽ തുടരുകയാണ്.

ബിഫാം പരീക്ഷയിൽ പരാജയപ്പെട്ട വിഷയത്തിന്‍റെ പ്രാക്ടിക്കൽ ഉണ്ടെന്നു വീട്ടിൽ പറഞ്ഞാണ് അനുഷ വെള്ളിയാഴ്ച പരുമലയിലേക്കു പോയത്. 11.45 ന് സ്‌കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങി, വണ്ടി കായംകുളത്തു വച്ച ശേഷം ബസില്‍ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

സ്നേഹയ്ക്ക് അനുഷയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ഭർത്താവിന്‍റെ സഹപാഠിയുടെ അനുജത്തി എന്ന നിലയിലുള്ള അടുപ്പം. അനുഷയുടെ രണ്ടാം വിവാഹത്തിനു സ്നേഹയും പങ്കെടുത്തിരുന്നു.

അനുഷ ആദ്യം വിവാഹം ക‍ഴിച്ചത് കൊല്ലം സ്വദേശിയെ ആയിരുന്നു. എ‍ഴ് മാസങ്ങള്‍ക്ക് ശേഷം അവര്‍ വേര്‍പിരിഞ്ഞു. പിന്നാലെ 2022 നവംബര്‍ ആറിന് പുനര്‍വിവാഹം ക‍ഴിച്ചു. സംഭവമറിഞ്ഞ അനുഷയുടെ ഭര്‍തൃവീട്ടുകാര്‍ ഞെട്ടലിലാണ്. വിവാഹം ക‍ഴിഞ്ഞ് ഒന്നരമാസം ക‍ഴിഞ്ഞപ്പോള്‍ ഇയാള്‍ വിദേശത്ത് പോയി. ഭര്‍ത്താവും അനുഷയുമായി സ്നേഹത്തിലായിരുന്നു എന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്.

ALSO READ: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ആദ്യ വിവാഹം വേർപ്പെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ അനുഷ ആഗ്രഹിച്ചിരുന്നു. തന്‍റെ സ്നേഹം അറിയിക്കാനുള്ള മാർഗമായാണു അരുണിന്‍റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

അനുഷ കൊല്ലം വവ്വാക്കാവിലെ സ്വകാര്യ സ്ഥാപനത്തിൽ ബിഫാം കോഴ്സ് പഠിച്ചെങ്കിലും പൂർത്തിയാക്കിയില്ല. തുടർന്ന് ബിഎ ഇംഗ്ലിഷും പഠിച്ചു. 8 വർഷം മുൻപ് കായംകുളത്തെ മരുന്നു കടയിൽ ജോലി ചെയ്തിരുന്നു. മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുഷ ബിഫാം പഠനത്തിന്റെ ഭാഗമായി 3 മാസം പരിശീലനത്തിനു പോയത്.

വെള്ളിയാഴ്ച സന്ധ്യയ്ക്കു പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്നു വീട്ടിലേക്കു വിളി വന്നു സംഭവം അനുഷയുടെ കുടുംബം അറിയുന്നത്.  വിവരമറിഞ്ഞതും അമ്മ ശശിയമ്മ തളർന്നു വീണു. അനുഷ കൊലപ്പെടുത്താൻ ശ്രമിച്ച സ്നേഹയെ അവർക്കും അറിയാമായിരുന്നു. മൂത്ത മകളുടെ സഹപാഠിയുടെ ഭാര്യ. നല്ല അടുപ്പവുമുണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പം കണ്ടല്ലൂർ തെക്ക് വെട്ടത്തേരിൽ വീട്ടിലാണ് അനുഷ താമസിക്കുന്നത്.

ALSO READ: ആ കറുത്ത ദിനങ്ങളുടെ ഓർമയിൽ ലോകം; ഇന്ന് ഹിരോഷിമ ദിനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News