‘പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നത്’; വിമര്‍ശിച്ച് പി ജയരാജന്‍

പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നതെന്ന് പി ജയരാജന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അന്‍വര്‍ എംഎല്‍എ, സി.പി.എംനേയും ഇടതുപക്ഷത്തേയും സ്‌നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നിലപാടാണ് തുടര്‍ച്ചയായി കൈക്കൊള്ളുന്നത്. ഇന്നത്തെ പത്രസമ്മേളനത്തോടെ പി വി അന്‍വര്‍ അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് കൂടുതല്‍ പരിഹാസ്യനായിരിക്കുന്നു. അന്‍വര്‍ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ നേരിടാന്‍ സിപിഐഎമ്മിന് നല്ല ശേഷിയുണ്ടെന്ന് മനസിലാക്കണം. പാര്‍ട്ടി ശത്രുക്കളുടെ പാവയാകാന്‍ ആര്‍ക്കും കഴിയും. പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നത്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

അന്‍വര്‍ എംഎല്‍എ, സി.പി.എംനേയും ഇടതുപക്ഷത്തേയും സ്‌നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നിലപാടാണ് തുടര്‍ച്ചയായി കൈക്കൊള്ളുന്നത്. ഇന്നത്തെ പത്രസമ്മേളനത്തോടെ അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് കൂടുതല്‍ പരിഹാസ്യനായിരിക്കുന്നു. ഇക്കാര്യത്തില്‍ വലതുപക്ഷത്തിന്റെ ശൈലിയാണ് അന്‍വര്‍ പിന്‍തുടരുന്നത്. അതുവഴി തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
പരിഹാസ്യമായ വാദഗതികള്‍ അന്‍വര്‍ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന്, തന്നെ പോലീസ് പിന്‍തുടരുന്നു എന്നുള്ളതാണ്. സ്ഥിരം ഗണ്‍മാനുള്ള താങ്കളെ പോലീസ് പിന്‍തുടരേണ്ട ആവശ്യകതയെന്താണ് ?
പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സ: കെ.പി.ആര്‍. ഗോപാലന്‍ എം.എല്‍.എ. ആയിരിക്കുന്ന ഘട്ടത്തില്‍ നടത്തിയ അപവാദ പ്രചരണങ്ങളെപ്പോലും അതിജീവിച്ച സി.പി.എം.ന് അന്‍വര്‍ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ നേരിടാന്‍ നല്ല ശേഷിയുണ്ടെന്നും മനസിലാക്കണം. മുഖ്യമന്ത്രി സഖാവ് പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അന്‍വറിന്, താന്‍ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായത്.
പാര്‍ട്ടി ശത്രുക്കളുടെ പാവയാകാന്‍ ആര്‍ക്കും കഴിയും. പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നത്. ഇപ്പോള്‍ തീയാകേണ്ടത് സിപിഐഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്. പാര്‍ട്ടി ശത്രുക്കള്‍ക്ക് അമ്മാനമാടാന്‍ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ പാര്‍ട്ടിയും നേതൃത്വവും. അത് നമ്മുടെ രക്തമാണ്; ജീവനാണ്. ആ ജീവനെ ചേര്‍ത്തുപിടിച്ച്, ധീര രക്തസാക്ഷികളുടെ ഹൃദയ രക്തത്തെ സാക്ഷി നിര്‍ത്തി, നമുക്ക് പ്രതിജ്ഞ ചെയ്യാം- ഒറ്റുകാരുടെയും ശത്രുക്കളുടെയും അപവാദ പ്രചാരണങ്ങളിലും ചതി പ്രയോഗങ്ങളിലും കടന്നാക്രമണങ്ങളിലും തെല്ലും പതറിപ്പോകാതെ ഈ ചെങ്കൊടി ഇനിയും ഉയര്‍ത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News