ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രിക്കും ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കും കത്തയച്ചു. ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നെങ്കിലും അതും കൃത്യമായി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Also Read : ഡിസിസി പ്രസിഡന്റിനെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് പരിപാടി; ടി സിദ്ധിഖിനെതിരെ വയനാട് ഡി സി സിയിൽ കലാപം
സ്‌കോളര്‍ഷിപ്പ് പ്രതീക്ഷിച്ച് രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികളെ ഇത് ഏറെ ബാധിക്കുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് വിതരണത്തിന് ന്യൂനപക്ഷ മന്ത്രാലയം ചുമതലപ്പെടുത്തിയ നോഡല്‍ സംവിധാനമായ ദേശീയ ന്യൂനപക്ഷ സാമ്പത്തിക വികസന കോര്‍പറേഷന്‍ തന്നെ പറയുന്നത് മന്ത്രാലയത്തില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ല എന്നാണ്. ജെ ആര്‍ എഫ്, നാഷണല്‍ ഫെല്ലോഷിപ്പ് ഫോര്‍ ഒ ബി സി-എസ് സി-എസ് ടി തുടങ്ങിയ മറ്റു സ്‌കോളര്‍ഷിപ്പുകളുടെ തുക ഉയര്‍ത്തിയപ്പോഴും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ തുക വര്‍ധിപ്പിക്കുകയോ കുടിശ്ശിക നല്‍കുകയോ ചെയ്യാത്തത് വിവേചനവും പ്രതിഷേധാര്‍ഹവുമാണ്.
നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് മുടങ്ങാതെ നല്‍കണമെന്നും തുകയില്‍ വര്‍ധനവ് ഉണ്ടാക്കണമെന്നും മൗലാനാ ആസാദ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്‌സി തുടങ്ങിയ സമുദായങ്ങളിലെ വലിയൊരു വിഭാഗം വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പ് അപാകതകള്‍ മൂലം ദുരിതം അനുഭവിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും കത്തില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here