തിരുനാവുക്കരശും ആറാലുംമൂട് ഗോപനും

കെ രാജേന്ദ്രന്‍

1981 ജൂലൈ ആറിന്‌ തിരുവനന്തപുരത്തുനിന്ന് ഇറങ്ങിയ മിക്ക മലയാളപത്രങ്ങളുടെയും ഒന്നാം പേജിൽ ഒരു “അത്ഭുത’ വാർത്ത ഇടംപിടിച്ചു. കേരള കൗമുദിയുടെ ഒന്നാം പേജിൽ വലിയ ഫോട്ടോ സഹിതമായിരുന്നു “തിരുനാവുക്കരശിന്റെ സിദ്ധി വിശേഷം വീണ്ടും’ എന്ന തലക്കെട്ടിലുള്ള വാർത്ത. വാർത്ത ഇങ്ങനെയാണ് “ഭക്തജനങ്ങളുടെ മനസ്സിൽ വിസ്മയം ജനിപ്പിച്ചുകൊണ്ട് ശ്രീലങ്ക കരിർക്കാരത്തു സിദ്ധൻ തിരുമുരുക് തിരുനാവുക്കരശ് ഇന്ന് വൈകുന്നേരം നൂറ്റൊന്ന് കരിക്ക് ശിരസ്സിൽ അടിച്ചുപൊട്ടിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ (ആനക്കൊട്ടിൽ) സ്വാമിയുടെ ഈ അപൂർവ സിദ്ധി വിശേഷം കാണാൻ തിരുവനന്തപുരം നഗരത്തിന്റെ നാനാഭാഗത്തുനിന്നുമായി അനേകായിരം പേർ വന്നുചേർന്നു. അവരിലധികവും സ്ത്രീകളും കുട്ടിക‍ളുമായിരുന്നു. ക്ഷേത്രവളപ്പിലും സമീപത്തുള്ള വീടുകളുടെയും ബഹുനില കെട്ടിടങ്ങളുടെയും ടെറസിലും വൃക്ഷശിഖരങ്ങളിലും ആളുകൾ നാലുമണിക്ക് മുമ്പേ സ്ഥാനം പിടിച്ചു. ക്ഷേത്രനടയിൽനിന്ന് സ്ത്രീകൾ വായ്ക്കുരവയിടുമ്പോൾ സുബ്രഹ്മണ്യസ്തോത്രം ഉരുവിട്ടുകൊണ്ട് സ്വാമി അത്ഭുതപ്രകടനം ആരംഭിച്ചു. തൊണ്ടുപൊളിക്കാത്ത ഓരോ കരിക്കും ഇരു കൈകൊണ്ടും സ്വാമി ഉച്ചിയിൽ ഇടിച്ചുപൊട്ടിച്ചു. അപൂർവമായ ഈ പ്രകടനം കണ്ട് വിസ്മയവിവസരായ ഭക്തജനങ്ങൾ “ഹരഹരോഹര’എന്ന് വിളിച്ചുപോയി. കരിക്കുപൊട്ടി സ്വാമിയുടെ തല വ‍ഴിയേ ഒ‍ഴുകിയ ഇളനീർ അദ്ദേഹത്തിന്റെ ശിഷ്യന്മാർ വലിയ ചെമ്പുപാത്രത്തിൽ ശേഖരിക്കുന്നുണ്ടായിരുന്നു. പ്രകടനം ആരംഭിച്ച്‌ ഒന്നരമണിക്കൂറിനുള്ളിൽത്തന്നെ നൂറ്റിയൊന്ന് കരിക്കും സ്വാമി ശിരസ്സിലടിച്ചു പൊട്ടിച്ചു ക‍ഴിഞ്ഞിരുന്നു. അതിന്‌ ശേഷം വിറക് ശരീരത്തിൽ ഉരസി ഭസ്മം ഉണ്ടാക്കി, ചുറ്റും നിന്ന ഭക്തൻമാർക്ക് അദ്ദേഹം നൽകി. തലസ്ഥാന നഗരിയിൽ ഇതാദ്യമായാണ് ഇത്തരമൊരു സിദ്ധിപ്രകടനം ജനങ്ങൾ കാണുന്നത്’.

തിരുനാവുക്കരശിന്റെ സിദ്ധിയെ വാ‍ഴ്‌ത്തിയവരിൽ അന്നത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നാഡീരോഗവിദഗ്ധനും ന്യൂറോ സർജനുമായിരുന്ന ഡോ. എം സാംബശിവനും ഉണ്ടായിരുന്നു. ആ ഭക്തിതട്ടിപ്പ് പൊളിച്ചടുക്കിയത് യുക്തിവാദി നേതാവായ പ്രേമാനന്ദും സംഘവുമാണ്. കോയമ്പത്തൂരിലെ ദ്രാവിഡക‍ഴകം നേതാവ് ആറുസ്വാമി തിരുവനന്തപുരത്തെത്തി.

ആറുസ്വാമിയുടെ പ്രകടനം കാണാൻ ആയിരങ്ങളാണ് അന്ന് സെൻട്രൽ ഹൈസ്‌കൂളിൽ തടിച്ചുകൂടിയത്. നൂറ്റൊന്ന് കരിക്ക്‌ ആറുസ്വാമി തലയിലടിച്ച് പൊട്ടിച്ചു. താടിയിലൂടെ ഇറ്റുവീണ ഇളനീർ ചെമ്പിൽ ശേഖരിക്കുകയോ തീർഥജലമെന്ന്‌ പറഞ്ഞ് ജനങ്ങളെക്കൊണ്ട് കുടിപ്പിക്കുകയോ ചെയ്തില്ല. ആറുസ്വാമി പലരെയും തലയിലെ തേങ്ങയുടയ്‌ക്കൽ പരിശീലിപ്പിച്ചു. അവർ കേരളത്തിലുടനീളം ദിവ്യാത്ഭുത അനാവരണപരിപാടികൾ സംഘടിപ്പിച്ചു. തട്ടിപ്പ് അവസാനിപ്പിച്ച് തിരുനാവുക്കരശ് ശ്രീലങ്കയിലേക്ക്‌ മടങ്ങിപ്പോയി.

നാൽപ്പത്തിനാല് വർഷത്തിനിപ്പുറം കേരളത്തിൽ ഭക്തിയുടെ മറവിൽ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന ഒട്ടേറെ തിരുനാവുക്കരശുമാരുണ്ട്. സംഘപരിവാറിന്റെ വളർച്ചയ്‌ക്കൊപ്പം സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ രൂഢമൂലമായിരിക്കുന്നു. ഇതിന്റെ ഏറ്റവും സംഘടിതവും പരിഹാസ്യവുമായ രൂപപരിണാമമാണ് നെയ്യാറ്റിൻകരയിലെ “സമാധി’ വിവാദം.

എല്ലാം സംഘപരിവാർ തീരുമാനിക്കും

നെയ്യാറ്റിൻകരയിലെ മണിയൻ എന്ന ഗോപന്റെ മരണകാരണം അറിയണമെങ്കിൽ കല്ലറപൊളിച്ച് പോസ്റ്റ്മോർട്ടം നടത്തണം. ഇതിനായുള്ള നടപടി സർക്കാർ കൈക്കൊണ്ടു. കല്ലറ തുറക്കാൻ അനുവദിക്കരുതെന്ന ഗോപന്റെ കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ നിലപാടിന് പിന്നാലെ “തുടർ നിലപാട് ഹിന്ദുത്വ സംഘടനകൾ തീരുമാനിക്കും’ എന്നാണ് ഗോപന്റെ മകൻ പ്രതികരിച്ചത്. പക്ഷേ, കല്ലറ തുറന്നു. പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ഗോപന്റെ കുടുംബത്തിന് വിട്ടുകൊടുത്തു. “മഹാസമാധി’ പുതിയൊരു ആചാരത്തോടെ മൃതദേഹം സംസ്കരിച്ചു. ഗോപന്റെ മൃതദേഹം വഹിച്ച്‌ നടത്തിയ “നാമജപ’യാത്രയ്ക്കും പിന്നീട് നടന്ന ‘മഹാസമാധി’ക്കും വലിയ പ്രാധാന്യമാണ് മലയാളത്തിലെ പല ടിവി ചാനലുകളും നൽകിയത്.

ആറാലുംമൂട് ഗോപൻ (മണിയൻ) എങ്ങനെയാണ് മരിച്ചത് എന്നറിയാൻ സർക്കാർ മുൻവിധികളൊന്നുമില്ലാത്ത അന്വേഷണം നടത്തുന്നുണ്ട്. പക്ഷേ, സംഭവത്തിനു പിറകിൽ ഒരു അന്ധവിശ്വാസമുണ്ട്. ഈ വിഷയം മുൻനിർത്തി കേരളത്തിൽ സാമുദായിക വിഭജനം ഉണ്ടാക്കുകയെന്ന സംഘപരിവാർ അജൻഡയുണ്ട്. ഇതിന്റെയെല്ലാം പ്രതിഫലനം മുഖ്യധാരാ മാധ്യമങ്ങൾ വിഷയം കൈകാര്യം ചെയ്തതിൽ പ്രകടമാണ്. വിഷയത്തിൽ സംഘപരിവാറിനെ വിമർശിക്കാൻ കൈരളിക്കും ദേശാഭിമാനിക്കും ജനയുഗത്തിനും ഒ‍ഴികെ ആർക്കും ധൈര്യമില്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌യുടെ വാർത്താക്കുറിപ്പ് മിക്ക മാധ്യമങ്ങളും തമസ്‌കരിച്ചു. കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ സന്യാസിമാർ “മഹാസമാധിയിൽ’ പങ്കെടുത്തതും ഗോപനെ “ഋഷിപീഠത്തിൽ’ “മഹാസമാധി’ ഇരുത്തിയതും ചരിത്ര സംഭവങ്ങളായാണ് മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയത്.

കേരള സമൂഹത്തിൽ രൂഢമൂലമായിരിക്കുന്ന അന്ധവിശ്വാസങ്ങളുടെ ഉള്ളറകൾ തേടിപ്പോയാൽ എത്തുന്നത് കോർപറേറ്റ് മാധ്യമങ്ങളുടെ വിപണന തന്ത്രങ്ങളിലായിരിക്കും. ഏഷ്യാനെറ്റിലെ “അനന്തം അജ്ഞാതം’ എന്ന ജ്യോതിഷപരിപാടി അന്ധവിശ്വാസ പ്രചാരണത്തിന്റെ ഏറ്റവും ജനപ്രിയ ചേരുവകളോടെയുള്ള ദൃശ്യാവതരണമാണ്. പല പഞ്ചാംഗങ്ങളിലും പ്രതിഫലിക്കുന്നത് സ്ത്രീവിരുദ്ധതയാണ്. മനോരമ പഞ്ചാംഗം പരിശോധിക്കാം. പേജ് 266ൽ പറയുന്നതിങ്ങനെ “വന്ധ്യാ വൃദ്ധാ കൃശാ ബാലാ രോഗിണി പുഷ്പ വർജിതാ കർക്കശാ സ്ഥൂല ദേഹാ ച നാര്യോഷ്ടൗ പരിവർജയേത്’. നല്ല സന്താനങ്ങളെ ആഗ്രഹിക്കുന്നവർ വന്ധ്യാ, വൃദ്ധാ, മെലിഞ്ഞവൾ, ബാലിക, രോഗമുള്ളവൾ, ഋതുകാലം ക‍ഴിഞ്ഞ സ്ത്രീ, കർക്കശ സ്വഭാവമുള്ള സ്ത്രീ, തടിച്ചവൾ എന്നിവരെ ഉപേക്ഷിക്കണം എന്നാണ് ഇതിന്റെ അർഥം. “സർക്കാരിന് വിശ്വാസപ്പേടി- അനാചാരവിരുദ്ധ ബിൽ പൂട്ടിക്കെട്ടി’ എന്നതാണ് ജനുവരി 15ന് ഇറങ്ങിയ കേരള കൗമുദി ദിനപത്രത്തിലെ ഒരു വാർത്തയുടെ തലക്കെട്ട്. കേരള കൗമുദിയുടെ തനിനിറം അറിയണമെങ്കിൽ കേരളകൗമുദി പഞ്ചാംഗത്തിലെ 105–-ാം പേജ് വായിച്ചാൽ മതി. ചൊവ്വാ‍ഴ്ച ദിവസം സ്ത്രീ ഋതുവായാൽ “ദുർ നടത്തയാകും’ എന്നാണ് കേരള കൗമുദിയുടെ വിദഗ്ധാഭിപ്രായം. മാതൃഭൂമിയും ഒട്ടും പിറകിലല്ല. “കുണ്ഡലിനി രഹസ്യം’, “അഗ്നിഹോത്രം എന്തിന്’, “പൂണുനൂലിടുന്നത് എന്തിന്’ എന്നിങ്ങനെ അന്ധവിശ്വാസങ്ങളുടെ നിരവധി പുസ്തകങ്ങൾ അവർ വിൽപ്പനയ്‌ക്ക് വച്ചിട്ടുണ്ട്. ഷാരോൺ വധത്തിന്റെ കാരണങ്ങൾ തേടിപ്പോയാൽ എത്തുന്നത് ഒരു അന്ധവിശ്വാസത്തിലേക്കാണ്. എന്നാൽ, അതിനെക്കുറിച്ച്‌ മുഖ്യധാരാമാധ്യമങ്ങൾ മിണ്ടില്ല.

തിരുനാവുക്കരശ് പ്രചരിപ്പിച്ച അന്ധവിശ്വാസം പൊളിഞ്ഞപ്പോൾ അന്ന് നിലപാട് തിരുത്താനും സത്യം തുറന്നുപറയാനും മാധ്യമങ്ങൾ തയ്യാറായിരുന്നു. ആ നിലപാട് 2025ൽ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. കാരണം, കേരളത്തിലെ മഹാഭൂരിപക്ഷം മാധ്യമങ്ങളും നേരിട്ടോ അല്ലാതെയോ സംഘപരിവാറിന്റെ നിയന്ത്രണത്തിലാണ്.

( ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News