അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങി. കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിച്ചു. ജൂൺ നാലിന് മോദി സർക്കാർ അധികാരത്തിൽ വരില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു. എക്സിറ്റ് പോളുകളെല്ലാം വ്യാജമാണ്. ഒരു എക്സിറ്റ് പോള്‍ രാജസ്ഥാനില്‍ ബിജെപിക്ക് 33 സീറ്റുകള്‍ നല്‍കി, അവിടെ 25 സീറ്റുകളേ ആകെയുളളൂ. വോട്ടെണ്ണലിന്റെ 3 ദിവസം മുമ്പ് എന്തിനാണ് വ്യാജ എക്‌സിറ്റ് പോള്‍ നടത്തേണ്ടി വന്നത്. വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സഖ്യത്തിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി അവസാന ഘട്ട വോട്ടെടുപ്പിനും ശേഷം ഇന്ത്യ സഖ്യനേതാക്കളുടെ യോഗത്തിലും പങ്കെടുത്താണ് കെജ്‌രിവാളിന്റെ മടക്കം. ഇഡിയുടെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു ഇടക്കാല ജാമ്യമെന്ന കോടതി ഉത്തരവ്. അതേ സമയം ഇടക്കാല ജാമ്യം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജാമ്യം നീട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും വിധി ബുധനാഴ്ചയിലേക്ക് കോടതി മാറ്റി. തുടര്‍ന്നാണ് ഇന്നുതന്നെകെജ്‌രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വന്നത്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് കെജ്രിവാള്‍ ആവര്‍ത്തിച്ചു. ഒരു തെളിവും തന്റെ പക്കലില്ലെന്ന് പ്രധാനമന്ത്രി മോദി രാജ്യത്തിന് മുന്നില്‍ അംഗീകരിച്ചു കഴിഞ്ഞു. ജയിലില്‍ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. പാര്‍ട്ടിക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയതെന്നും കെജ്രിവാള്‍ പറഞ്ഞു. ഇടക്കാല ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി ഈ മാസം 7ന് വീണ്ടും പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here