കെജ്‌രിവാളിന് ഇന്ന് നിർണായകം, രാജ്യതലസ്ഥാനത്ത് ആപ്പ് പ്രതിഷേധത്തിന് സാധ്യത

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിൽ സിബിഐ ഇന്ന് ചോദ്യംചെയ്യും. രാവിലെ 11 മണിക്ക് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്ത് ചോദ്യംചെയ്യലിനായി ഹാജരാകും.

ചോദ്യംചെയ്യലിനോട് സഹകരിക്കുമെന്ന് പറയുമ്പോഴും രാജ്യ തലസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് ആം ആദ്മി പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്. സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. ആയിരത്തി ഇരുന്നൂറോളം പൊലീസ് – അർധ സൈനികരെയാണ് സിബിഐ ഓഫിസിന് സമീപത്ത് മാത്രമായി വിന്യസിക്കുക. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവര്‍ ഇതിനകം അറസ്റ്റിലായ കേസില്‍ കേജ്‍രിവാളിനെ ചോദ്യംചെയ്യുന്നത് പാര്‍ട്ടിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കും.

അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കുമെതിരെ അരവിന്ദ് കെജ്‌രിവാള്‍ ആഞ്ഞടിച്ചു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും പറയുന്നത് കള്ളമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കേന്ദ്രം തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണ്. കേസില്‍ തന്റെ പേര് പറയിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

അന്വേഷണ സംഘങ്ങള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. പച്ചക്കള്ളമാണ് അവര്‍ പറയുന്നത്. നൂറുകോടി രൂപയുടെ അഴിമതി ആരോപിക്കുന്ന അന്വേഷണ സംഘം ഇതുവരെ ഒരു രൂപ പോലും പിടിച്ചെടുത്തില്ല. ഇതിനായി എത്രതവണ അന്വേഷണ സംഘം റെയ്ഡ് നടത്തിയെന്നും കെജ്‌രിവാള്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News