ലാ ലിഗയില്‍ വിസ്മയമൊരുക്കാന്‍ തുര്‍ക്കിയുടെ പുത്തന്‍ താരോദയമെത്തി; ആര്‍ദ ഗ്വലര്‍ ഇനി റയല്‍ മാഡ്രിഡില്‍

സുവര്‍ണ പാദുകങ്ങളുമായി തുര്‍ക്കി ഫുട്ബോളിലെ പുത്തന്‍ താരോദയം ആര്‍ദ ഗ്വലര്‍ റയല്‍ മാഡ്രിഡിലേക്ക്. ബാഴ്സലോണ, റയല്‍ മാഡ്രിഡ്, സെവിയ്യ, ഇറ്റലിയില്‍ നിന്ന് എ സി മിലാന്‍, ഇന്‍റര്‍ മിലാന്‍; 18കാരനായ ആര്‍ദയെ ടീമിലെത്തിക്കാന്‍ ശ്രമിച്ച വമ്പന്‍ ക്ലബുകളാണ് ഇവയെല്ലാം. അവസാന ലാപ്പില്‍ സെവിയ്യയെയും മിലാന്‍ ക്ലബുകളെയും പിന്തള്ളി റയല്‍- ബാഴ്സലോണ എല്‍ ക്ലാസിക്കോ പോരാട്ടം. ഒടുവില്‍ ആര്‍ദ 20 മില്യന്‍ യൂറോ പ്രതിഫലത്തില്‍ റയലിനൊപ്പം. സ്പാനിഷ് കളിക്കളങ്ങളെ ത്രസിപ്പിക്കാന്‍ ഇനി റയലിന്‍റെ 24ാം നമ്പറില്‍ ആര്‍ദയുണ്ടാകും.

വമ്പന്‍ ക്ലബ്ബുകള്‍ റാഞ്ചാന്‍ ശ്രമിച്ച ആര്‍ദ ഗ്വലറിന്‍റെ സവിശേഷതകള്‍ നോക്കുക, ക്ലബ് ഫുട്ബോളില്‍ തുര്‍ക്കി ക്ലബ്ബായ ഫെനർബാഷേയ്ക്ക് വേണ്ടി 51 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകള്‍, കഴിഞ്ഞ സീസണില്‍ മാത്രം 7 ഗോളുകളും 7 അസിസ്റ്റും, തുര്‍ക്കിക്ക് വേണ്ടി ദേശീയ ജഴ്സിയില്‍ നാല് മത്സരങ്ങളും ആദ്യ അന്താരാഷ്ട്ര ഗോളും. കളിക്കളത്തില്‍ അതിശയിപ്പിക്കുന്ന മുന്നേറ്റങ്ങള്‍ക്കൊപ്പം ആര്‍ദെയെന്ന 18കാരന് തുര്‍ക്കിയുടെ ഹൃദയം കവരാന്‍ ഈ നേട്ടങ്ങള്‍ മാത്രം മതിയായിരുന്നു.

ആർദ എന്ന തുർക്കി വാക്കിന്‍റയർത്ഥം സന്തോഷം, ആഹ്ലാദം, ബഹുമതി എന്നും ഗ്വലർ എന്നതിന് വിദഗ്ദ സംഘാടകൻ, മാനേജർ എന്നുമാണത്രേ. ഈ വിശേഷണങ്ങളെല്ലാം ചേരുന്നതാണ് കളിക്കളത്തിലെ പ്രകടനം. ജന്മസിദ്ധമായ കഴിവുകള്‍ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും കൂടി ചേര്‍ന്നാലുള്ള കൃത്യതയാണ് ചെറിയ പ്രായത്തില്‍ തന്നെ തുര്‍ക്കിയുടെ വീരനായകനായി മാറിയ ഈ ഫുട്ബോളറുടെ സവിശേഷത. വൈകാതെ തുര്‍ക്കിയുടെ മെസിയെന്ന വിളിപ്പേരും ആര്‍ദയെ തേടിയത്തി. ആര്‍ജന്‍റീനയുടെ ഇതിഹാസം മെസിയുടെയും ജര്‍മിനിക്ക് വേണ്ടി ബൂട്ടണിഞ്ഞ തുര്‍ക്കി വംശജനായ മെസ്യൂട്ട് ഓസിലിന്‍റെയും കളിശൈലിയുടെ ഏകോപനം ആര്‍ദെയ്ക്കുണ്ടെന്ന് കളിയെഴുത്തുകാര്‍ വിലയിരുത്തുന്നു.

അങ്കാറാ പ്രവശ്യയിലെ ആൾറ്റിൻഡാഗില്‍ 2005 ഫെബ്രുവരി 25 നാണ് ആര്‍ദയുടെ ജനനം. പിതാവ് ഒമീതു ഗ്വലര്‍ ചെറുപ്രായത്തില്‍ തന്നെ പിറന്നാള്‍ ദിനത്തില്‍ മകന് സമ്മാനമായി നല്‍കിയത് ഫുട്ബോള്‍. അമച്വർ പന്തു കളിക്കാരനായ ഒമീത് ഗ്വല്ലറിന് ലക്ഷ്യമൊന്നുമാത്രം. മകന്‍ ലോകമറിയുന്ന ഫുട്ബോളറാകണം. പിതാവിന്‍റെ കോച്ചിങ്ങിനൊപ്പം അമ്മ കരസുലാൻ ഗ്വലര്‍ പറഞ്ഞുകൊടുത്തത് കാല്‍പന്തുകളിയിലെ ഇതിഹാസങ്ങളുടെ കഥകളും. 10 വയസായതോടെ ആര്‍ദ ഗെന്‍സര്‍ബെര്‍ലി അക്കാദമിയിലെത്തി. പിന്നീട് ആര്‍ദെയുടെ വളര്‍ച്ച വേഗത്തിലായിരുന്നു. 16 തികഞ്ഞതോടെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബിന്‍റെ ആദ്യ ഇലവനിലെ താരമായി ആര്‍ദ സ്ഥാനം നേടി.

ഇപ്പോഴും ഫുട്ബോള്‍ കളിക്കാന്‍ സമയം കണ്ടെത്തുന്ന തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗനും അര്‍ദ ഗ്വലറിന്‍റെ ആരാധകനാണ്.

കഴിഞ്ഞ ദിവസം ബെര്‍ണബ്യൂവിലെത്തി ഫ്ലോറന്‍റോ പെരസിനൊപ്പം കരാറിലൊപ്പിട്ട ആര്‍ദ അധികം വൈകാതെ തന്നെ റയല്‍ താരങ്ങള്‍ക്കൊപ്പം സാന്‍റിയാഗോ ബര്‍ണബ്യൂവില്‍ പ്രീ സീസണ്‍ പരിശീലനത്തിനെത്തി. ലോസ് ബ്ളാങ്കോസിന്‍റെ വിഖ്യാതമായ പത്താം നമ്പര്‍ ജഴ്സിയില്‍ തന്‍റെ പിന്‍ഗാമിയായി ആര്‍ദ ഗ്വലറുണ്ടാകുമെന്ന് റയലിന്‍റെ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് പറഞ്ഞതായിട്ടാണ് സ്പാനിഷ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News