വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് ആക്രമിച്ച്
അടുക്കളയും മുൻ വശവും തകർത്തു. കോളനി നിവാസിയായ ലീലയുടെ വീടാണ് രാത്രി കാട്ടാന തകർത്തത്. വീട്ടിലുണ്ടായിരുന്ന ലീലയും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം, അരിക്കൊമ്പൻ ദൗത്യത്തിനായുള്ള ടാസ്ക് ഫോഴ്സ് രൂപീകരണം നീളും. കോടതി ഉത്തരവുപ്രകാരം അരിക്കൊമ്പൻ ദൗത്യം പൂർത്തീകരിക്കുവാനുള്ള ആദ്യഘട്ടമാണ് ടാസ്ക് ഫോഴ്സ് രൂപീകരണം. എന്നാൽ ആനക്ക് ഘടിപ്പിക്കുവാനുള്ള ജിപിഎസ് റേഡിയോ കോളർ ലഭ്യമാകാത്തത് ദൗത്യത്തിലേക്ക് കടക്കുന്നതിന് താമസം ഉണ്ടാക്കുകയാണ്.
സാറ്റലൈറ്റ് കണക്ടിവിറ്റിയുള്ള ജിപിഎസ് കോളർ നിലവിൽ കേരള വനംവകുപ്പിന്റെ പക്കലില്ല. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും അസാം വനം വകുപ്പിന്റെയും കയ്യിലുള്ള ജിപിഎസ് കോളറുകൾ ലഭിക്കുവാനുള്ള അപേക്ഷ വനംവകുപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായി ഉണ്ടായ അവധി ദിവസങ്ങളാണ് അനുമതി ലഭിക്കുന്നതിന് താമസം ഉണ്ടാക്കിയത്. റേഡിയോ കോളർ എത്തിയാൽ ഉടൻ ദൗത്യത്തിലേക്ക് കടക്കുവാനാണ് വനം വകുപ്പ് ആലോചിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here