ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. പെരിയാർ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ തമിഴ്നാടിനോട് ചേർന്ന മേതകാനത്താണ് അരിക്കൊമ്പനെ മാറ്റുക. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറിയിൽ കയറ്റി അരിക്കൊമ്പനെ പെരിയാറിൽ എത്തിച്ചത്.അവസാന നിമിഷവും ശക്തമായ പ്രതിരോധം തീര്‍ത്ത അരിക്കൊമ്പനെ കുങ്കിയാനകള്‍ ചേര്‍ന്ന് ലോറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു.
ഇന്ന് രാവിലെ 11.55 നാണ് അരിക്കൊമ്പന് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. എന്നാല്‍ ആദ്യവെടിയില്‍ അരിക്കൊമ്പന്‍ മയങ്ങിയില്ല. അല്‍പ ദൂരം ഓടിമാറി. തുടര്‍ന്ന് ദൗത്യ സംഘം അരിക്കൊമ്പനരികിലേക്കെത്തി. അരിക്കൊമ്പനെ മയക്കുന്നതിനായി അഞ്ച് തവണ മയക്കുവെടി വെച്ചു. ഇതിന് ശേഷമാണ് കാലില്‍ വടമിട്ടത്. പിന്‍കാലുകളില്‍ ഇട്ട വടം അരിക്കൊമ്പന്‍ ആദ്യം ഊരിമാറ്റിയിരുന്നു. ശേഷം അരിക്കൊമ്പന്‍ പൂര്‍ണമായും മയക്കത്തിലായ ശേഷമാണ് വടമിട്ടത്.
പിന്‍കാലുകള്‍ പൂട്ടിയ ശേഷം മുന്‍കാലുകളിലും വടമിട്ടു. ഇതിന് ശേഷം കണ്ണുകള്‍ മൂടി. വെള്ളമൊഴിച്ച് ആനയുടെ ശരീരം തണുപ്പിച്ചുെകാണ്ടിരുന്നു. ലോറിയില്‍ കയറ്റാനുള്ള ശ്രമത്തിനിടെ അരിക്കൊമ്പന്‍ ശക്തമായി പ്രതിരോധിച്ചു. ഇതിനിടെ പ്രദേശത്ത് മഴപെയ്തു. ഒരു നിമിഷം ദൗത്യം അനിശ്ചിതത്തിലാകുമെന്ന് കരുതി. എന്നാല്‍ പൂര്‍വാധികം ശക്തിയോടെ തന്നെ ദൗത്യം തുടര്‍ന്നു. മഴയത്തും അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാന്‍ കുങ്കിയാനകള്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അഞ്ച് മണിക്ക് ശേഷം അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here