അരിക്കൊമ്പൻ പെരിയാർ വന്യ ജീവി സങ്കേതത്തിലേക്ക്

അരിക്കൊമ്പൻ പെരിയാർ വന്യ ജീവി സങ്കേതത്തിലെ ഉൾക്കാട്ടിലേക്ക്. പെരിയാർ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ തമിഴ് നാടിനോട് ചേർന്ന മേതകാനത്താണ് അരിക്കൊമ്പനെ തുറന്നുവിടുക. അരിക്കൊമ്പനുമായി സംഘം ചിന്നക്കനാലിൽ നിന്ന് അതിസാഹസികമായ യാത്ര ആരംഭിച്ചു.

ആനിമൽ ആംബുലൻസിൽ വച്ച് യാത്രക്കിടെയും അരിക്കൊമ്പൻ പരാക്രമം തുടർന്നു. സാധാരണയായി ഉള്ളതിൽ നിന്ന് വ്യത്യസ്തമായി ഇരട്ട കൂടാണ് ആനിമൽ ആംബുലൻസിൽ ഒരുക്കിയത്.
ഉള്ളിൽ മറ്റൊരു കൂട് കൂടി ഒരുക്കിയാണ് മെരുക്കിയിട്ടും മെരുങ്ങാൻ കൂട്ടാക്കാതെ പ്രതിരോധിച്ചുകൊണ്ടിരുന്ന അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നത്. ആനിമൽ ആംബുലൻസിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോൺവോയ് ആണ് ആനയുമായി കുമളിയിലേക്ക് പോകുന്നത്. രാത്രി ഒമ്പത് മണിയോടെ മാത്രമായിരിക്കും വാഹനം കുമളിയിലെത്തുക. അരിക്കൊമ്പനെ കുമളിയിലേക്ക് മാറ്റുമെന്ന തീരുമാനം പുറത്തുവിട്ടതോടെ കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് വെറ്ററിനറി സംഘങ്ങളാണ് വാഹന വ്യൂഹത്തിനൊപ്പമുള്ളത്.

വാഹനത്തിൽ കയറ്റിയ അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. അരിക്കൊമ്പനെ ഉൾവനത്തിലേക്ക് വിട്ടാലും ആനയുടെ സഞ്ചാരപഥം യഥാസമയം ഉദ്യോഗസ്ഥർക്ക് അറിയാനാകും. ആറു തവണ അരിക്കൊമ്പനെ മയക്കുവെടിവെച്ചു. തീവ്ര പരിശ്രമത്തിനൊടുവിലാണ് കുംകിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്. അതിനിടെ കുംകിയാനകളെ ആക്രമിക്കാനും അരിക്കൊമ്പൻ ശ്രമം നടത്തി. മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ നാലു കാലുകളിലും വടം കെട്ടിയിരുന്നു. ശേഷം ആനയുടെ കണ്ണുകളും തുണികൊണ്ട് മൂടി. നാല് കുംകിയാനകളും അരിക്കൊമ്പന് സമീപത്ത് തന്നെയുണ്ടായിരുന്നു. ജെസിബി എത്തിച്ച് സ്ഥലം നിരപ്പാക്കിയ ശേഷമാണ് അരിക്കൊമ്പന് സമീപത്തേക്ക് ലോറി എത്തിച്ചത്. വടംകെട്ടാൻ ശ്രമിക്കുന്നതിനിടെ അരിക്കൊമ്പൻ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News