ഷിരൂർ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സൈബർ സെല്ലിൻ്റെ സഹായത്തോടെ സന്ദേശങ്ങൾ പരിശോധിക്കുന്നു. വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന കമൻ്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എസിപി എ ഉമേഷ് കൈരളി ന്യൂസിനോട് പറഞ്ഞു.
സൈബർ സെല്ലിലെ പ്രത്യേക സംഘമാണ് അർജുൻ്റെ കുടുംബത്തിനെതിരെ വന്ന സന്ദേശങ്ങൾ പരിശോധിക്കുന്നത്. മനാഫിന്റെ യൂട്യൂബ് പേജും ഇതിൽ വന്ന കമന്റുകളും ശേഖരിച്ചിട്ടുണ്ട്. മറ്റ് സമൂഹ മാധ്യമങ്ങളിൽ വരുന്ന സന്ദേശങ്ങളും പരിശോധനക്ക് വിധേയമാക്കുന്നു. വളരെ മോശമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപി, എ ഉമേഷ് പറഞ്ഞു.
ALSO READ: ജയിലുകളിലെ ജാതിവിവേചനം: സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ
അർജുൻ്റെ കുടുംബത്തിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. മനാഫിനെ ഉദ്ദേശിച്ചല്ല പരാതി നൽകിയത്. എന്നാൽ യുട്യൂബ് പേജിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വന്ന സന്ദേശങ്ങളാണ് വേദനിപ്പിച്ചതെന്ന് ഇവർ മെഴി നൽകിയതായി പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതോടെ മോശമായ പുതിയ സന്ദേശങ്ങൾ വരുന്നതിൽ കുറവ് വന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here