ലോഡ് അടക്കം 40 ടണ്‍ ഭാരമുള്ള ലോറിയാണ്; കാബിനിലേക്ക് മണ്ണ് ഇടിച്ചു കയറിയിട്ടില്ലെങ്കില്‍ അവന്‍ സേഫായി തിരിച്ചുവരും

കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിനിടെ ലോറി അകപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ അര്‍ജുന്‍ തിരിച്ചെത്തുമെന്ന പ്രത്യാശ പങ്കിട്ട് അര്‍ജുന്റെ കുടുംബവും ലോറി ഉടമയും . മണ്ണിടിച്ചിലില്‍ ലോറിയുടെ കാബിന്‍ തകര്‍ന്നിട്ടില്ലെങ്കില്‍ അര്‍ജുന്‍ ഈ ദുരന്തത്തെ അതിജീവിച്ച് തിരിച്ചെത്തുമെന്നാണ് അര്‍ജുന്റെ കുടുംബവും ലോറി ഉടമയായ മനാഫും പ്രതീക്ഷിക്കുന്നത്. 16ന് രാവിലെയാണ് ലോറി മണ്ണിടിച്ചിലില്‍ പെട്ടത്. അന്നു പുലര്‍ച്ചെ നാലു വരെ താന്‍ അര്‍ജുനുമായി സംസാരിച്ചിട്ടുണ്ട്. തുടര്‍ന്ന് അര്‍ജുന്റെ ഭാര്യ കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ രണ്ടുവട്ടം ഫോണ്‍ റിങ് ചെയ്തതുമാണ്. അങ്കോളയില്‍ വിശ്രമിക്കാനായി അര്‍ജുന്‍ വണ്ടി നിര്‍ത്തിയിട്ടതാണോ, അതോ ചായ കുടിക്കാനായി നിര്‍ത്തിയതാണോ എന്നൊന്നും അറിയില്ല- ലോറി ഉടമ മനാഫ് പറഞ്ഞു. 11 മണിക്ക് വണ്ടി എടുത്ത് അര്‍ജുന്‍ തിരിച്ചുവരേണ്ടതായിരുന്നു. എന്നാല്‍ ആ സമയത്ത് അവനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. തുടര്‍ന്ന് ലോറി ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് താന്‍ മണ്ണിടിച്ചിലിന്റെ വിവരം അറിഞ്ഞത്. അപ്പോള്‍ത്തന്നെ ജിപിഎസ് വഴി പരിശോധിച്ചു. ലോറിയുടെ ലൊക്കേഷന്‍ മണ്ണിടിഞ്ഞ സ്ഥലത്തു തന്നെയായിരുന്നു. ഉടന്‍ പൊലീസില്‍ പരാതി നല്‍കി. ഈ സമയത്തിനിടെ അര്‍ജുന്റെ അമ്മ അവനെ ഫോണ്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. 40 ടണ്ണോളം ഭാരമുള്ള തടിയാണ് ലോറിയിലുള്ളത്. അതുകൊണ്ട് തന്നെ മണ്ണിടിച്ചിലില്‍ ലോറി നീങ്ങിപ്പോകാന്‍ സാധ്യതയില്ല.

ALSO READ: ‘അർജുനായി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണം’: കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത് പുഴയാണ്. പക്ഷേ, ലോറി നീങ്ങി പുഴയിലേക്ക് പോയിരിക്കുമെന്ന് താന്‍ കരുതുന്നില്ല. അങ്ങനെയെങ്കില്‍ ജിപിഎസില്‍ പുഴയാണ് കാണിക്കേണ്ടിയിരുന്നത്. എന്നാല്‍, അങ്ങനെയല്ല ഇപ്പോഴും ലോറിയുടെ ലൊക്കേഷന്‍ മണ്ണുവീണ സ്ഥലത്തെന്നു തന്നെയാണ് കാണിക്കുന്നത്. ലോറി ഇപ്പോഴും മണ്ണിനടിയില്‍ ഉണ്ടെന്നു തന്നെയാണ് തന്റെ വിശ്വാസം ലോറി ഉടമ മനാഫ് പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചില ടാങ്കറുകള്‍ നീങ്ങി പുഴയില്‍ പോയതായി കേട്ടിരുന്നു. 26 അടി താഴ്ചയുള്ള പുഴയാണ്. അതാകെ മണ്ണുവീണ് നിറഞ്ഞ അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നാണ് താന്‍ മനസ്സിലാക്കിയതെന്ന് ഒരു നെഞ്ചിടിപ്പോടെ മനാഫ് പറഞ്ഞു. അതേസമയം, റോഡില്‍ വീണ മണ്ണ് നീക്കി ദേശീയപാതയില്‍ ഗതാഗതം പുന.സ്ഥാപിക്കാന്‍ മാത്രമാണ് അധികൃതര്‍ ശ്രമിക്കുന്നത്. മണ്ണിനടിയിലുള്ള ജീവന്‍ രക്ഷിക്കാനായി അവര്‍ ആദ്യമൊന്നും ഒരു ശ്രമവും നടത്തിയിരുന്നില്ലെന്നും മനാഫ് കുറ്റപ്പെടുത്തി. എത്രതവണ കേണുപറഞ്ഞിട്ടും കാര്യമുണ്ടായിരുന്നില്ല. ഭാരത് ബെന്‍സിന്റെ ലോറിയാണ്. അവരുമായി ബന്ധപ്പെട്ടപ്പോഴും ലോറിയുടെ ലൊക്കേഷന്‍ മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്താണ് എന്നാണ് അറിഞ്ഞത്. എസി ഓണ്‍ ചെയ്ത് ഫുള്‍ കവര്‍ ചെയ്ത രീതിയിലായിരുന്നു അവസാനം സംസാരിച്ചപ്പോള്‍ വണ്ടിയെന്നാണ് മനസ്സിലാക്കാനായത്. കാബിന് ഉള്ളിലേക്ക് മണ്ണ് കയറിയില്ലെങ്കില്‍ അവന്‍ സേഫ് ആയിരിക്കും. ഓഫ് ആയ ഫോണ്‍ വീണ്ടും ഓണ്‍ ആകുന്നതൊക്കെ നമുക്ക് പ്രതീക്ഷയോടെയല്ലേ കാണാനാകൂ, അവരാ മണ്ണൊന്നു മാറ്റാന്‍ ശ്രമിച്ചാല്‍ മാത്രം മതി അവന്‍ തിരിച്ചുവരുമെന്ന് ഉറപ്പാണ് അര്‍ജുന്റെ ലോറി ഉടമ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News