വനിതാസുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കോണ്‍ക്രീറ്റിട്ട് മൂടി പട്ടാളക്കാരന്‍. മഹാരാഷ്ട്രയില്‍ നാഗ്പുരിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ അജയ് വാംഖഡെ എന്ന പട്ടാളക്കാരനെ അറസ്റ്റു ചെയ്തു. ഇയാളുടെ സുഹൃത്തായ ജ്യോത്സ്ന(32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ,
മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ജ്യോത്സ്ന വിവാഹമോചിതയാണ് എന്ന കാരണം പറഞ്ഞ് ഇയാളുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും മറ്റൊരു യുവതിയുമായി വിവാഹം നടത്തുകയും ചെയ്തു. ഇത് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
വിവാഹശേഷം ജ്യോത്സ്നയെ ഒഴിവാക്കാന്‍ അജയ് ശ്രമിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം. ഫോണ്‍ എടുക്കുന്നത് നിര്‍ത്തിയതോടെ ജ്യോത്സ്ന ഇയാളുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നു. സുഹൃത്ത് വഴിയാണ് ജ്യോത്സ്ന തന്നെ അന്വേഷിച്ച് നടക്കുന്നതായി അജയ് അറിയുന്നത്.
ജ്യോത്സ്നയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് തമ്മില്‍ കാണണമെന്ന് അജയ് അറിയിച്ചു. ഒരു ഓട്ടോമൊബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ ജ്യോത്സ്ന ഒരു സുഹൃത്തിനെ കാണാന്‍ പോവുകയാണെന്നും അടുത്ത ദിവസം ജോലി കഴിഞ്ഞേ വീട്ടിലെത്തുകയുള്ളൂ എന്നും വീട്ടുകാരോടു പറഞ്ഞു.
വാര്‍ധ റോഡിനു സമീപം ഇരുവരും കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു ഹോട്ടലില്‍ മുറിയെടുത്തു. പിന്നീട് ഹോട്ടല്‍ വിട്ട് സമീപത്തെ ടോള്‍ പ്ലാസയിലേക്ക് അജയ് ജ്യോത്സ്നയെ കാറിലെത്തിച്ചു. അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ കൊടുത്തു.
ബോധം നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയതിനു പിന്നാലെ അജയ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തേക്ക് യുവതിയുടെ മൃതദേഹമെത്തിച്ചു. ശേഷം മണ്ണില്‍ കുഴിയെടുത്ത് മൃതദേഹം കോണ്‍ക്രീറ്റ് ചെയ്തു മൂടുകയായിരുന്നു. പിന്നാലെ ജ്യോത്സ്നയുടെ മൊബൈല്‍ വാര്‍ധ റോഡിലൂടെ പോവുകയായിരുന്ന ട്രക്കിലേക്ക് എറിഞ്ഞു.
ജ്യോത്സ്ന പിറ്റേന്നും വീട്ടില്‍ തിരിച്ചെത്താതെയായതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ജ്യോത്സ്നയുടെ കോള്‍ റെക്കോഡുകള്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളിലേക്ക് എത്തുന്നത്. തുടര്‍ന്ന് അജയ് ഉയര്‍ന്ന രക്തസമ്മര്‍ദമാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here