കോടതിയലക്ഷ്യക്കേസ്; മാപ്പ് പറയാമെന്ന് അര്‍ണബ് ഗോസ്വാമി

കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറയാമെന്ന് വ്യക്തമാക്കി റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫും എംഡിയുമായ അര്‍ണബ് ഗോസ്വാമി. 2016 ലെ കോടതിയലക്ഷ്യക്കേസിലാണ് മാപ്പ് പറയാന്‍ തയ്യാറാണെന്ന് അര്‍ണബ് അറിയിച്ചത്. ദില്ലി ഹൈക്കോടതിയെയാണ് അര്‍ണബ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കകം അര്‍ണബിന്റെ നിരുപാധിക മാപ്പ് സമര്‍പ്പിക്കാമെന്നാണ് അര്‍ണബിനായി കോടതിയില്‍ ഹാജരായ അഭിഭാഷക മാളവിക ത്രിവേദി അറിയിച്ചു.

അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകനും ‘ദ എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട്’ തലവനുമായ ആര്‍.കെ പച്ചൗരി നല്‍കിയ കോടതിയലക്ഷ്യക്കേസിലാണ് മാപ്പ് പറയാന്‍ അര്‍ണബ് തയ്യാറായത്. ടൈംസ് നൗവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് അര്‍ണബിനെതിരെ പച്ചൗരി പരാതി നല്‍കിയത്. അര്‍ണബിന് പുറമേ ബെന്നെറ്റ് ആന്‍ഡ് കോള്‍മാന്‍, ദി എക്‌ണോമിക് ടൈംസ്, രാഘവ് ഓഹ്രി, പ്രണോയ് റോയ് എന്നിവര്‍ക്കെതിരേയും പച്ചൗരി പരാതി നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവുകള്‍ അര്‍ണബ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മനഃപൂര്‍വം ലംഘിച്ചു എന്നായിരുന്നു പച്ചൗരിയുടെ ആരോപണം.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും പച്ചൗരിക്കെതിരെ വാര്‍ത്ത നല്‍കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു. അര്‍ണബ് ഉള്‍പ്പെടെയുള്ളവര്‍ കോടതി വിധി ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പച്ചൗരി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. കേസ് നടപടികള്‍ പുരോഗമിക്കവെ 2020 ഫെബ്രുവരി പതിമൂന്നിന് പച്ചൗരി മരിച്ചു. കേസില്‍ മാപ്പ് പറഞ്ഞതായി രാഘവ് ഓഹ്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രണോയ് റോയി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കേസ് ഈ മാസം ഇരുപതിന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News